തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാൻ യുഡിഎഫും എൽഡിഎഫും പരസ്യമായി വോട്ട് കച്ചവടം നടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വിശ്വാസ്യതയില്ലാത്ത പ്രതിപക്ഷമെന്ന് യുഡിഎഫിനെ അദ്ദേഹം വിമർശിച്ചു. യുഡിഎഫ് സ്വീകരിച്ചത് സ്ഥാപിത താത്പര്യം സംരക്ഷിക്കാനുള്ള നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് 21 സീറ്റ് കോർപറേഷനിലുണ്ടായിരുന്ന യുഡിഎഫിന് ഇത്തവണ എട്ട് സീറ്റ് മാത്രമാണ് കിട്ടിയത്. ഇടതുമുന്നണിക്ക് വോട്ട് മറിച്ചു. ബിജെപിക്ക് ജയസാധ്യതയുള്ള ഇടങ്ങളിൽ പരസ്യ ധാരണ ഇരുമുന്നണികളും ഉണ്ടാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവൻ തിരുവനന്തപുരത്ത് ബിജെപിയുടെ പരാജയം ഉറപ്പുവരുത്തിയെന്ന് പറഞ്ഞത് എങ്ങിനെയാണെന്ന് ഫലത്തിൽ നിന്ന് വ്യക്തമാണ്. യുഡിഎഫിന്റെ മുഴുവൻ വോട്ടും എൽഡിഎഫിന് മറിച്ചു. പല വാർഡുകളിലും യുഡിഎഫിന്റെ വോട്ട് ഷെയർ കുറഞ്ഞു. ശക്തമായ വോട്ട് കച്ചവടം നടന്നു. ജമാ അത്തെയും മുസ്ലിം ലീഗും ഇതിന് മധ്യസ്ഥം വഹിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

ഇതുകൊണ്ടാണ് തിരുവനന്തപുരത്ത് എൽഡിഎഫ് നേട്ടമുണ്ടാക്കിയത്. ഒരു ധാർമികതയും അവകാശപ്പെടാനില്ലാത്ത നീചമായ വോട്ട് കച്ചവടമാണ് നടന്നത്. പ്രതിപക്ഷ നേതാവ് എന്താണ് പ്രതിഫലം വാങ്ങിയതെന്ന് പറയണം. കോൺഗ്രസിന്റെ പ്രസക്തി പൂർണമായും നഷ്ടപ്പെട്ടു. യുഡിഎഫ് ആത്മപരിശോധന നടത്തണം. എൽഡിഎഫിന്റെ സഹായം പാലക്കാട് മുനിസിപ്പാലിറ്റിയിൽ യുഡിഎഫിന് ലഭിച്ചു. പല വാർഡിലും എൽഡിഎഫിന് നൂറിൽ താഴെയാണ് വോട്ട്. സംസ്ഥാനത്തെ ഒട്ടുമിക്ക മുനിസിപ്പാലിറ്റികളിലും പ്രാതിനിധ്യം നേടി. ഗ്രാമപഞ്ചായത്തുകളിലും നേട്ടമുണ്ടാക്കി. നേരത്തെ ബിജെപി ജയിച്ച പല വാർഡിലും പരസ്യമായ വോട്ട് കച്ചവടം നടന്നു. ബിജെപി അധികാരത്തിൽ വരാതിരിക്കാൻ വർഗീയ ശക്തികളെ ഉപയോഗിച്ച് നീക്കുപോക്കുണ്ടാക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടായിരത്തിലധികം വാർഡുകളിൽ പ്രാതിനിധ്യം നേടാനാണ് ബിജെപി ആഗ്രഹിച്ചത്. എന്നാൽ അതുണ്ടായില്ല. 2015 ൽ 1200ഓളം വാർഡുകളിൽ വിജയിച്ച ബിജെപിക്ക് ഇക്കുറി ഒടുവിൽ വിവരം ലഭിക്കുമ്പോൾ 1584 സീറ്റിലാണ് മുന്നിലെത്താനായത്. പല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും അക്കൗണ്ട് തുറന്നതും പാലക്കാടിന് പുറമെ പന്തളം മുനിസിപ്പാലിറ്റിയും നേടിയതും നേട്ടമായി ബിജെപിക്ക് അവകാശപ്പെടാമെങ്കിലും പാർട്ടി നേതൃത്വം പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാകാത്തത് ഇടത് - വലത് മുന്നണികളിൽ തമ്മിലെ പരസ്യ ധാരണ മൂലമാണെന്ന് ബിജെപി അധ്യക്ഷൻ പറഞ്ഞുവെക്കുന്നു.