Asianet News MalayalamAsianet News Malayalam

ഇതരസംസ്ഥാനങ്ങളിലുള്ള മലയാളികളെ തിരിച്ചെത്തിക്കാന്‍ സര്‍ക്കാരിന് താത്പര്യമില്ലെന്ന് കെ സുരേന്ദ്രന്‍

മറ്റു സംസ്ഥാനങ്ങളിൽ ഉള്ളവർ സ്വന്തം നിലയ്ക്ക് അതിർത്തിയിലെത്തിയാൽ ഞങ്ങൾ അതിർത്തി കടത്തി വിട്ടുകൊള്ളാം എന്ന നിലപാട് സർക്കാരിന്റെ ആത്മാർത്ഥതയില്ലായ്മയാണ് വ്യക്തമാക്കുന്നത്. അതിർത്തിയിലെത്തുന്നവർ പരിശോധനകൾക്കായി മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയുണ്ടായത് ഇന്ന് കാണാനായി.

k surendran again criticise kerala govt for not returning keralites from other states
Author
Thiruvananthapuram, First Published May 4, 2020, 7:23 PM IST

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാരിന് ഇപ്പോഴും താത്പര്യമില്ലെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. മലയാളികളെ നാട്ടിലെത്തിക്കുന്നതിന് സൗകര്യങ്ങളും സാഹചര്യവുമൊരുക്കാൻ അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കേരള മുഖ്യമന്ത്രി ചർച്ച നടത്തുകയാണ് വേണ്ടത്. ബസ് അടക്കമുള്ള സൗകര്യങ്ങരുക്കി അവരെയെല്ലാം നാട്ടിലെത്തിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളിൽ ഉള്ളവർ സ്വന്തം നിലയ്ക്ക് അതിർത്തിയിലെത്തിയാൽ ഞങ്ങൾ അതിർത്തി കടത്തി വിട്ടുകൊള്ളാം എന്ന നിലപാട് സർക്കാരിന്റെ ആത്മാർത്ഥതയില്ലായ്മയാണ് വ്യക്തമാക്കുന്നത്. അതിർത്തിയിലെത്തുന്നവർ പരിശോധനകൾക്കായി മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയുണ്ടായത് ഇന്ന് കാണാനായി. കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് തുടങ്ങിയ അടുത്തുള്ള സംസ്ഥാനങ്ങളിലാണ് കൂടുതൽ മലയാളികളുള്ളത്.

ഇവരെ നാട്ടിലെത്തിക്കാൻ ബസുകൾ ഏർപ്പെടുത്താവുന്നതാണ്. ഇതിനുള്ള ഒരു ശ്രമവും കേരളം നടത്തിയിട്ടില്ല. മറ്റു സംസ്ഥാനങ്ങളിലെ മലയാളികളുടെ കേരളത്തിലേക്കുള്ള മടക്കം സംബന്ധിച്ച കേരളത്തിന്റെ ഉത്തരവ് ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ്. കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികളെ നാടുകളിൽ എത്തിക്കാൻ ട്രെയിനുകൾ ഇതിനകം പുറപ്പെട്ടു കഴിഞ്ഞു. കാലിയായി തിരികെ വരുന്ന ട്രെയിനുകളിൽ അവിടെയുള്ള മലയാളികളെ നാട്ടിലെത്തിക്കാം.

എന്നാൽ കൃത്യസമയത്ത് അത്തരം സാധ്യതകളും കേരളം ഉപയോഗിച്ചില്ല. ശ്രമിക് തീവണ്ടികൾ ഏർപ്പെടുത്തുന്നതിന് റെയിൽവേയുമായി ചർച്ച നടത്തണം. തൊട്ടടുത്ത സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കായി ബസ്സുകളും കേരളം ഏർപ്പെടുത്തണം. സംസ്ഥാന സർക്കാരിന് എന്തെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ ശരിയായ ഇടപെടൽ നടത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios