Asianet News MalayalamAsianet News Malayalam

'മുഖ്യമന്ത്രിയെ ലാവലിൻ ഭൂതം വിട്ടു പോയിട്ടില്ല'; അതിരപ്പിള്ളി പദ്ധതി അഴിമതിക്ക് വേണ്ടിയെന്ന് കെ സുരേന്ദ്രൻ

ഗൂഢ ലക്ഷ്യത്തോടെയുള്ള സർക്കാരിൻ്റെ നീക്കം കേരള ജനത അംഗീകരിക്കില്ല. പദ്ധതിക്കെതിരായ ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിന് ബിജെപി നേതൃത്വം നൽകുമെന്നും സുരേന്ദ്രൻ പറഞ്ഞു

k surendran against athirappilly project
Author
Thiruvananthapuram, First Published Jun 10, 2020, 3:34 PM IST

തിരുവനന്തപുരം: അതിരപ്പിള്ളി ജല വൈദ്യുതി പദ്ധതി നടപ്പിലാക്കാൻ ഇടത് സർക്കാർ ശ്രമിക്കുന്നത് സർക്കാരിൻ്റെ അവസാന വർഷത്തിൽ പണമുണ്ടാക്കാനുള്ള അഴിമതി ലക്ഷ്യമിട്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയനെ ലാവലിൻ ഭൂതം വിട്ടു പോയിട്ടില്ല. പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലന്നും സുരേന്ദ്രൻ തന്റെ പ്രസ്താവനയിൽ പറഞ്ഞു. 

ശക്തമായ എതിർപ്പിനെ തുടർന്ന് പദ്ധതിയിൽ നിന്ന് സർക്കാർ പിൻവാങ്ങിയിരുന്നു. കൊറോണ രോഗ വ്യാപനത്തിൻ്റെ പ്രതിസന്ധിക്കാലത്ത് പദ്ധതിക്ക് അനുമതി നൽകിയത് അഴിമതിക്കാണെന്ന് വ്യക്തം. വനാവകാശ നിയമമുൾപ്പടെ ലംഘിച്ചുകൊണ്ടാണ് സർക്കാരിൻ്റെ നീക്കം. വനവാസികളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണം.

അതിരപ്പിള്ളി വനമേഖല അപൂർവ ജൈവ വൈവിധ്യങ്ങളുടെ കലവറയാണ്. ലോകത്ത് മറ്റൊരിടത്തും കാണപ്പെട്ടിട്ടില്ലാത്ത സസ്യങ്ങളും ചെറുജീവികളും ചിത്രശലഭങ്ങളും ഒക്കെ ഇവിടെ നിന്ന് ശാസ്ത്ര സമൂഹം കണ്ടെത്തിയിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗ്ഗങ്ങളും ഇവിടെയുണ്ട്. സംരക്ഷിക്കപ്പെടേണ്ട വിവിധ ആദിവാസി ഗോത്ര സമൂഹങ്ങളും അതിരപ്പിള്ളി വനമേഖലയിലുണ്ട്. പുഴയെ തടഞ്ഞ് നിർത്തി ജലവൈദ്യുതി പദ്ധതി ആരംഭിക്കുന്നതോടെ ഏക്കർ കണക്കിന് വനമേഖല നശിക്കുകയും വെള്ളത്തിനടിയിലാകുകയും ചെയ്യും.

അപൂർവങ്ങളായ ജീവി വർഗ്ഗങ്ങളും ജൈവ വൈവിധ്യവും നശിക്കും. പരിസ്ഥിതിക്ക് വലിയ ആഘാതമാകും ഇതുമൂലം ഉണ്ടാകുകയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രളയമായും മറ്റ് പ്രകൃതിദുരന്തങ്ങളായും നിരവധി മുന്നറിയിപ്പുകൾ ഉണ്ടായിട്ടും അതിൽ നിന്നൊന്നും പാഠം പഠിക്കാൻ സർക്കാർ തയ്യാറാകാത്തത് പ്രതിഷേധാർഹമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിൽ അത് പരിഹരിക്കാൻ അതിരപ്പിള്ളിയല്ല മാർഗ്ഗം. അതിന് മറ്റ് വഴികൾ ഉപയോഗിക്കണം. അതിരപ്പിള്ളി പദ്ധതി സാമ്പത്തികമായി ലാഭകരമായിരിക്കില്ലെന്നും വിദഗ്ധ നിഗമനങ്ങൾ നമുക്ക് മുന്നിലുണ്ട്.  ഗൂഢ ലക്ഷ്യത്തോടെയുള്ള സർക്കാരിൻ്റെ നീക്കം കേരള ജനത അംഗീകരിക്കില്ല. പദ്ധതിക്കെതിരായ ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിന് ബിജെപി നേതൃത്വം നൽകുമെന്നും സുരേന്ദ്രൻ പറഞ്ഞു

Follow Us:
Download App:
  • android
  • ios