കോഴിക്കോട്: പി.എസ്.സി നിയമനം നടപ്പിലാക്കാതെ ഉദ്യോഗാർത്ഥികളെ സർക്കാർ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഉദ്യോഗാർത്ഥികളെ മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. 

മാധ്യമങ്ങൾ വസ്തുതകൾ പുറത്തുകൊണ്ടു വരുന്നത് മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുകയാണ്. പി.എസ്.സി ചെയർമാന്‍റെ വാദം വിചിത്രമാണ്. റാങ്ക് ലിസ്റ്റിലുള്ള എല്ലാവർക്കും ജോലി കിട്ടണമെന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. ലിസ്റ്റിലുള്ളവർക്കല്ലാതെ പിന്നെ എ.കെ.ജി സെന്‍ററില്‍ നിന്നും സമ്മതപത്രം ഉള്ളവർക്കാണോ ജോലി കിട്ടുകയെന്ന് അദ്ദേഹം വ്യക്തമാക്കണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

ലക്ഷങ്ങൾ വാങ്ങി മുദ്രപത്രത്തിൽ കരാർ എഴുതി പിൻവാതിലിലൂടെ ഭരണകക്ഷിയിലെ ഒരു നേതാവ് പി.എസ്.സി നിയമനം നടത്തുന്ന വാർത്ത ഞെട്ടിക്കുന്നതാണ്. പാവപ്പെട്ട ഉദ്യോഗാർത്ഥികളുടെ സ്വപ്നങ്ങൾ ചവിട്ടിമെതിച്ച സർക്കാർ പി.എസ്.സിയെ അഴിമതിക്കുള്ള ഉപാധിയാക്കി മാറ്റിയിരിക്കുകയാണ്. 

ഇടതു സർക്കാരിന്‍റെ  യുവജന വഞ്ചനയ്ക്കെതിരെ പി.എസ്.സി സമരം ബി.ജെ.പി ഏറ്റെടുക്കുമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. കരിപ്പൂരിൽ വെച്ച് കൊവിഡ് സ്ഥിരീകരിച്ച ചിലരുമായി സമ്പർക്കത്തിലേർപ്പെട്ടതിനാൽ 18ന് നിശ്ചയിച്ചിരുന്ന എറണാകുളത്തെ ഉപവാസം മാറ്റിവെച്ചതായും സുരേന്ദ്രന്‍ പറഞ്ഞു. ഉപവാസം 21 ന് ശേഷം നടക്കും.