'ഖജനാവ് മുടിക്കുന്നവർ പണിയെടുത്തു ജീവിക്കുന്നവനോട്... വേറെ പണിയില്ലേയെന്ന്'; ദത്തനെതിരെ കെ സുരേന്ദ്രന്‍
യുഡിഎഫ് ഉപരോധത്തില്‍ കുടുങ്ങിയ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിനോട് പ്രതികരണം ചോദിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മോശം പദപ്രയോഗമാണ് നടത്തിയത്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മോശം പദപ്രയോഗം നടത്തിയ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിനെതിര ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ രംഗത്ത്. പണിയുണ്ടായിരുന്ന കാലത്ത് ഒരു പണിയുമെടുക്കാതെ കൊടിയുമെടുത്ത് നടന്നവരെയൊക്കെ ഉപദേഷ്ടാക്കളാക്കി വച്ചെന്നാണ് സുരേന്ദ്രന്‍റെ വിമര്‍ശനം. വീണ്ടും പണിയൊന്നുമെടുക്കാതെ ഖജനാവ് തിന്നുമുടിക്കുന്നവർ, പണിയെടുത്ത് ജീവിക്കുന്നവനോടു ചോദിക്കുന്നു നിനക്കൊന്നും വേറെ പണിയില്ലേയെന്ന്. സെക്രട്ടറിയേറ്റു നടയിൽ കണ്ടത് കേരളം തിന്നുതീർക്കാൻ ദത്തെടുത്തവരുടെ ദുർന്നടപ്പെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
യുഡിഎഫിന്‍റെ സെക്രട്ടരിയേറ്റ് ഉപരോധത്തിനിടെ ഇന്ന് രാവിലെയാണ് സംഭവം. പൊലീസ് ബാരിക്കേഡ് കെട്ടി റോഡ് തടഞ്ഞതിനാല്‍ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് എം സി ദത്തന് സെക്രട്ടേറിയേറ്റിലേക്ക് കടക്കാനായില്ല. മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോഴാണ് പൊലീസിന് ആളെ മനസ്സിലായത്. തുടര്‍ന്ന് പൊലീസ് അദ്ദേഹത്തെ കടത്തിവിട്ടു. അതിനു ശേഷം പ്രതികരണം ചോദിച്ചപ്പോഴാണ് എം സി ദത്തന്‍ മാധ്യപ്രവര്‍ത്തകര്‍ക്കെതിരെ മോശം പദപ്രയോഗം നടത്തിയത്.