കോഴിക്കോട്: ലൈഫ് മിഷന്‍ തട്ടിപ്പിന്‍റെ പങ്ക് പോയിരിക്കുന്നത് മുഖ്യമന്ത്രിക്കെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ആലിബാബയും 41 കള്ളൻമാരും എന്ന് പറയുന്നത് പോലെ പിണറായി വിജയനും 20 കള്ളൻമാരും ആണ് സംസ്ഥാന മന്ത്രി സഭയിലെന്ന് സുരേന്ദ്രൻ വിമര്‍ശിച്ചു. ലൈഫ് മിഷൻ തട്ടിപ്പിലെ തൊണ്ടി വെളുപ്പിക്കാനാണ് ജയരാജൻ്റെ ഭാര്യ ലോക്കർ തുറന്നതെന്നും അദ്ദേഹം ആരോപിച്ചു. കേരളാ ബാങ്കിൻ്റെ ലോക്കറിൽ നിന്ന് എന്താണ് കൊണ്ടുപോയതെന്ന് പൊലീസ് അന്വേഷിക്കണമെന്നും ഇക്കാര്യം ജയരാജൻ വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ലൈഫ് മിഷനിൽ ഇ പിയുടെ മകനും കമ്മീഷൻ കിട്ടിയെന്ന് സുരേന്ദ്രൻ ആവർത്തിച്ചു. സത്യവാങ്മൂലം നോക്കിയാൽ ജയരാജൻ അഷടിക്ക് വകയില്ലാത്ത ആളാണ്. പിന്നെ ജയരാജൻ്റെ ഭാര്യക്ക് എന്തിനാണ് ലോക്കർ തുറന്നതെന്ന് സുരേന്ദ്രൻ ചോദിച്ചു. ക്വാറൻ്റീൻ സമയത്ത് ഇ പി ജയരാജൻ്റെ ഭാര്യ ലോക്കറിൽ നിന്ന് എന്താണ് കടത്തിയതെന്ന് വ്യക്തമാക്കണം. അഴിമതിയിൽ പങ്കുണ്ടെന്ന ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിസിടിവിയുടെ കാര്യത്തിൽ ഇത് വരെ തീരുമാനം ആയിട്ടില്ല. ഫയലുകൾ കത്തിയതിലും അന്വേഷണം നടക്കുന്നില്ല. സ്വപ്നക്ക് ഇടക്കിടെ നെഞ്ച് വേദന ഉണ്ടാകുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ വേദന മുഖ്യമന്ത്രിയുടെ നെഞ്ചിലാണൊ എന്ന് സംശയക്കുന്നുവെന്നു സുരേന്ദ്രന്‍ പരിഹസിച്ചു.

സ്വപ്നയുടെ നെഞ്ച് വേദന ഉന്നതരെ രക്ഷിക്കാൻ ആണോ എന്ന് പരിശോധിക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.  സ്വപ്ന നഴ്സുമാരുടെ ഫോണില്‍ നിന്ന് പല ഉന്നതരുമായും സംസാരിക്കുന്നു. ഫോൺ അന്വേഷണ സംഘം പരിശോധിക്കണം. തട്ടിപ്പിൽ കൂട്ടുപ്രതി ആയതിനാലാണ് മുഖ്യമന്ത്രി ജലീലിനെ സംരക്ഷിക്കുന്നത്. ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കഴിയാത്തതിനാലാണ് ഫേസ്ബുക്കിൽ പറയാം എന്ന് പറയുന്നത് ജലീൽ പറയുന്നത്. ജലീൽ നുണകളുടെ രാജാവാണെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. 

ജലീൽ മാധ്യമങ്ങളേയും ജനങ്ങളേയും വെല്ലുവിളിക്കുകയാണ്. വിശുദ്ധ ഗ്രന്ഥത്തെ മറയാക്കി രക്ഷപ്പെടാം എന്ന് ജലീൽ കരുതേണ്ട. ഖുർആൻ്റെ പേര് പറഞ്ഞ് വർഗീയ ചേരി തിരിവ് ഉണ്ടാക്കാൻ ശ്രമിക്കരുത്. ജലീലിനെ ന്യായികരീക്കാൻ കോഴിക്കോട്ടെ മത പണ്ഠിതരും ശ്രമിക്കുന്നു. കള്ളക്കടത്തിൻ്റെ പങ്ക് പല മത സംഘടനകളും കൈപറ്റി. അതിനാലാണ് ജലീലിനെ ന്യായീകരിക്കുന്നതെന്നും കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു.

മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്താൽ വ്യക്തമായ തെളിവ് കിട്ടുമെന്നും വീണാ വിജയന് അഴിമതിയിൽ നിന്ന് ഒഴിഞ്ഞ് മാറാൻ കഴിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ലൈഫ് മിഷൻ കമ്മീഷൻ വീണ വിജയൻ കൈപ്പറ്റിയതിന് അന്വേഷണ സംഘത്തിന് തെളിവുണ്ടെന്നും മുഖ്യമന്ത്രിയുടെ മകൻ ദുബായിലിരുന്ന് അഴിമതിക്ക് ചുക്കാൻ പിടിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.