തൃശൂര്‍: ലൈഫ് മിഷൻ പദ്ധതിയിൽ നടന്ന അഴിമതിയെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും അറിവുണ്ടായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അഴിമതി വിവരങ്ങള്‍ പുറത്ത് വന്നിട്ടും സിപിഎം പ്രതികരിക്കാൻ തയ്യാറാകാത്തത് എന്ത് കൊണ്ടാണെന്നും സുരേന്ദ്രൻ ചോദിച്ചു. 

"മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടു നടത്തുന്ന അഴിമതിയാണ്. തട്ടിപ്പിന്‍റെ സൂത്രധാരൻ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് ജീവനക്കാർക്കും പങ്കുണ്ട്. കെട്ടിടത്തിന്‍റെ നിർമ്മാണത്തിൽ അപാകതയുണ്ട്. പാരിസ്ഥിതിക പ്രശ്നങ്ങൾ ഉള്ള സ്ഥലത്താണ് കെട്ടിടം പണിയുന്നത്. റെഡ്ക്രസന്‍റിന് നൽകിയ തുകയുടെ പകുതി പോലും ചിലവഴിച്ചിട്ടില്ല. കരാര്‍ ഒദ്യോഗികമായി പുറത്ത് വിടാത്തതും മുഖ്യമന്ത്രി അന്വേഷണത്തിന് തയ്യാറാകാത്തതുമെല്ലാം ഇതിന്‍റെ വിവരങ്ങള്‍ പറത്ത് വരുമെന്ന് ഭയന്നാണ്. ഫ്ലാറ്റിന്‍റെ സുരക്ഷിതത്വം സംബന്ധിച്ച് വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

അഴിമതി വിവരങ്ങള്‍ പുറത്ത് വന്നിട്ടും ഇക്കാര്യത്തെ കുറിച്ച് മുഖ്യമന്ത്രിയോ സിപിഎം പ്രതികരിക്കാത്തതെന്ത് കൊണ്ടാണെന്നും സുരേന്ദ്രൻ ചോദിച്ചു'. മുഖ്യമന്ത്രി കുമ്പിടിയെ പോലെ പെരുമാറുകയാണ്. അദാനിയെ എതിർക്കുന്നവര്‍ തന്നെ അദാനിയുടെ ബന്ധുക്കൾക്ക് കരാർ കൊടുക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. ധാര്‍മ്മികതയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ വിവാദ ഫ്ലാറ്റ് സന്ദര്‍ശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ രാജി ആവശ്യമുന്നയിച്ച് നാളെ കെ സുരേന്ദ്രൻ തിരുവനന്തപുരത്ത് നിരാഹാര സമരം നടത്തും.