പാലക്കാട്: വാളയര്‍ കേസിൽ അന്വേഷണം അട്ടിമറിച്ചത് മുഖ്യമന്ത്രിയാണെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രി ഇടപെട്ടാണ്  അട്ടിമറി നടന്നത്.  ഇതിനായി ദുതനെ അയച്ചെന്നും കെ സുരേന്ദ്രൻ പാലക്കാട്ട് ആരോപിച്ചു. വാളയാര്‍ കേസിൽ സമരം എന്തിനെന്ന് മന്ത്രി എകെ ബാലൻ ചോദിക്കേണ്ടത് മുഖ്യമന്ത്രിയോടാണെന്നും കെ സുരേന്ദ്രൻ പാലക്കാട്ട് പറഞ്ഞു. വാളയാര്‍ കേസിൽ സിബിഐ അന്വേഷണം വേണമെന്നാണ് കെ സുരേന്ദ്രൻ ആവശ്യപ്പെ‍ടുന്നത്. 

വാളയാറിലെ പെൺകുട്ടികൾക്ക് നീതി കിട്ടിയില്ലെങ്കിൽ തെരുവിൽ കിടന്ന് മരിക്കുമെന്ന് പ്രഖ്യാപിച്ച് അമ്മയും അച്ഛനും സമരത്തിലാണ്. പ്രതികളെ വെറുതെ വിട്ടതിനെതിരെ ഒന്നാം വാർഷിക ദിനം മുതൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന സത്യഗ്രഹ സമരത്തിനാണ് കഴിഞ്ഞ ദിവസം തുടക്കമായത്. വിവിധ രാഷ്ട്രീയ - സന്നദ്ധ സംഘടനകൾ സമരത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. അതേസമയം സർക്കാർ ഒപ്പമുണ്ടെന്നും സമരത്തിൽ നിന്ന് പിന്മാറണമെന്നും എന്നുമാണ് മന്ത്രി എ കെ ബാലന്റെ അഭ്യര്‍ത്ഥന.