കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ഒപ്പുവിവാദത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വ്യാജന്മാരുടേയും തട്ടിപ്പ് സംഘത്തിന്‍റെ ഓഫീസാണ് മുഖ്യമന്ത്രിയുടെ ഓഫീസെന്നും നാഥനില്ലാത്ത കളരിയായി മാറിയെന്നും സുരേന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഫയലുകൾ മറ്റുള്ളവർ ഒപ്പുവെക്കുന്നത് വിചിത്രമായ ഇടപാടാണ്. ഓഫീസിൽ എന്തുനടക്കുന്നെന്ന് മുഖ്യമന്ത്രി അറിയുന്നില്ലെന്നതിന്റെ തെളിവാണിതെന്നും സുരേന്ദ്രൻ ആരോപിച്ചു. 

മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന് പുറത്തു പോയ സമയത്ത് അദ്ദേഹത്തിന്റെ വ്യാജഒപ്പിട്ട് സെക്രട്ടേറിയറ്റിൽ നിന്നും ഫയൽ പാസാക്കിയെന്നാണ് ബിജെപി ആരോപിക്കുന്നത്. 2018 സെപ്തംബറിൽ മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് പോയ സമയത്താണ് ഫയലിൽ മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിട്ടതെന്ന് സന്ദീപ് വാര്യാർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

'മുഖ്യമന്ത്രി അമേരിക്കയില്‍ ഉള്ളപ്പോള്‍ ഫയലില്‍ ഒപ്പിട്ടതാര്? ശിവശങ്കറോ സ്വപ്‌നയോ?'ആരോപണവുമായി ബിജെപി

2018 സെപ്തംബർ 2 ന് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയി. സെപ്റ്റംബർ 23 നാണ് തിരിച്ചെത്തുന്നത്. സെപ്തംബർ 3 ന് പൊതുഭരണ വകുപ്പിൽ നിന്ന് മലയാള ഭാഷയുമായി ബന്ധപ്പെട്ട ഒരു ഫയൽ വന്നു. സെപ്തംബർ 9 ന് മുഖ്യമന്ത്രി ആ ഫയലിൽ ഒപ്പു വച്ചെന്നാണ് ഫയലിൽ വ്യക്തമാകുന്നത്. മുഖ്യമന്ത്രി അമേരിക്കയിലായിരുന്ന സമയത്താണ് ഈ വിവാദ ഫയലിൽ ഒപ്പിട്ടതെന്നാണ് രേഖകളിൽ നിന്നും വ്യക്തമാകുന്നത്. ഡിജിറ്റൽ ഒപ്പല്ലെന്നും വ്യക്തമാണ്. വ്യാജ ഒപ്പ് ഇട്ടത് ആരാണെന്ന് കണ്ടെത്തണമെന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെടുന്നു.