കോഴിക്കോട്: ഇടതുമുന്നണി ജോസ് കെ മാണിയെ അഴിമതിക്കേസുകള്‍ വെച്ച് ബ്ലാക്ക്‌മെയില്‍ ചെയ്താണ് മുന്നണി മാറ്റിയതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ബാര്‍ക്കോഴ കേസ് മാത്രമല്ല ഒരു ഫാക്ടറിയുമായി ബന്ധപ്പെട്ട കേസും മാര്‍ക്കറ്റിംഗ് ഫെഡറേഷനുമായി ബന്ധപ്പെട്ട മറ്റൊരു കേസും ഉപയോഗിച്ചാണ് സിപിഎം കേരളാകോണ്‍ഗ്രസിനെ ബ്ലാക്ക്‌മെയില്‍ ചെയ്തത്. 

മാണിയുടെ വീട്ടില്‍ നോട്ടെണ്ണല്‍ യന്ത്രം ഉണ്ടെന്ന് പറഞ്ഞ് സമരം ചെയ്തയാളാണ് പിണറായി വിജയന്‍. ഇപ്പോള്‍ നോട്ടെണ്ണല്‍ യന്ത്രം പിണറായി വിജയന് ആവശ്യമായതുകൊണ്ടാണോ കേരളാകോണ്‍ഗ്രസ് ഇടതുമുന്നണിയിലെത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. പാലാരിവട്ടം കേസ് ഉള്‍പ്പെടെയുള്ള മുസ്ലിംലീഗിന്റെ എല്ലാ അഴിമതിക്കേസുകളും അട്ടിമറിച്ച് അവരെ കൂടി ഇടതുമുന്നണിയില്‍ ചേര്‍ക്കുന്നത് എന്നാണെന്നാണ് ഇപ്പോള്‍ ജനങ്ങള്‍ ചോദിക്കുന്നത്.

ബാര്‍ക്കോഴ കേസ് തേയ്ച്ചുമായ്ച്ചു കളയാനാവില്ല. നിയമസഭാ രേഖകളില്‍ പരാമര്‍ശിച്ച വലിയ അഴിമതിക്കേസാണത്.  രാഷ്ട്രീയമായി ആരെ വേണമെങ്കിലും ഭരണപക്ഷത്തിന് കൂടെ നിര്‍ത്താം പക്ഷെ അഴിമതിക്കേസുകള്‍ അട്ടിമറിക്കരുത്. കേരളകോണ്‍ഗ്രസ് യുഡിഎഫ് വിട്ടതോടെ മധ്യകേരളത്തിലും മധ്യതിരുവിതാംകൂറിലും കോണ്‍ഗ്രസ് ദുര്‍ബലമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇവിടെ മത്സരം ഇടതുമുന്നണിയും എന്‍ഡിഎയും തമ്മിലായിരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.