ശബരിമല സ്വര്‍ണ കൊള്ളയിൽ ആളുകളുടെ കണ്ണിൽ പൊടിയിടുന്ന അന്വേഷണം ആണ് നടക്കുന്നതെന്നും സൂത്രധാരന്മാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ അന്വേഷണ സംഘത്തിന് താല്പര്യമില്ലെന്നും ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
കോഴിക്കോട്: ശബരിമല സ്വര്‍ണ കൊള്ളയിൽ ആളുകളുടെ കണ്ണിൽ പൊടിയിടുന്ന അന്വേഷണം ആണ് നടക്കുന്നതെന്നും സൂത്രധാരന്മാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ അന്വേഷണ സംഘത്തിന് താല്പര്യമില്ലെന്നും ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശബരിമല സ്വർണ കൊള്ള കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കോഴിക്കോട് നടത്തുന്ന ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ സുരേന്ദ്രൻ. സ്വര്‍ണ കൊള്ള കേസിൽ കടകംപള്ളി സുരേന്ദ്രനെ അറസ്റ്റ് ചെയ്തശേഷം വേണം തന്ത്രിമാരുടെ മൊഴി എടുക്കാൻ. പത്മകുമാർ പിണറായി വിജയന്‍റെ മനസാക്ഷി സൂക്ഷിപ്പുകാരനാണ്. അതുകൊണ്ടണ് പാർട്ടിയിൽ നിന്ന് പുറത്താക്കത്തതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കടകംപള്ളി സുരേന്ദ്രന്‍റെ നേതൃത്വത്തിലാണ് സ്വർണ്ണക്കൊള്ള ആസൂത്രണം ചെയ്തിരിക്കുന്നത്. എൻ വാസുവും എ പത്മകുമാറും പിണറായി വിജയന്‍റെ അടുത്ത അനുയായികളാണ്. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് കൊള്ള നടന്നത്.
ശരിയായ അന്വേഷണം നടന്നാൽ സ്വർണ കൊള്ള ഏറ്റവും അവസാനം എത്തുക ക്ലിഫ് ഹൗസിലേക്കായിരിക്കും. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഈ കൊള്ള നടക്കില്ല. നവോത്ഥാനത്തിന്‍റെ മറവിൽ പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ കൊള്ളയടിക്കാൻ പ്ലാൻ ചെയ്തു. എസ്ഐടി അന്വേഷണം പ്രഖ്യാപിച്ച സമയം കടകംപള്ളി സുരേന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനും ചർച്ച നടത്തി. ശരിയായ അന്വേഷണം നടത്തിയാൽ യുഡിഎഫ് മന്ത്രിമാരും, ആക്കാലത്തെ ദേവസ്വം ബോർഡ് പ്രസിഡന്‍റുമാരും അകത്താകും. ഇതറിയാവുന്നത് കൊണ്ടാണ് കോണ്‍ഗ്രസ് വിഷയത്തിൽ കാര്യമായി ഇടപെടാത്തത്.
ലേബര്‍ കോഡ്; ഏറ്റവും നല്ല പരിഷ്കാരമെന്ന് കെ സുരേന്ദ്രൻ
ലേബർ കോഡ് പരിഷ്ക്കരണം ഏറ്റവും നല്ല പരിഷ്കാരമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. തൊഴിലാളികൾക്ക് ആർക്കും പരാതിയില്ല. തൊഴിലാളി സംഘടന നേതാക്കൾക്ക് അഭിപ്രായ വ്യത്യാസം ഉണ്ടാകും. കേരളത്തിന്‍റെ പ്രതിഷേധം ആര് കണക്കിൽ എടുക്കാനാണ്? ബിഎംഎസ് അല്ല ആര് സമരം നടത്തിയിട്ടും കാര്യമില്ല. തൊഴിലാളി യൂണിയൻ പറയുന്ന നിലപാടല്ല ജനങ്ങളുടെ നിലപാടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ലേബർ കോഡിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ലേബർ കോഡിനെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം. സംയുക്ത കിസാന്‍ മോര്‍ച്ചയും സംയുക്ത തൊഴിലാളി യൂണിയനും അടക്കമുളള പ്രതിപക്ഷ സംഘടനകളാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജില്ലാ അടിസ്ഥാനത്തിലാണ് പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. സംയുക്ത കിസാൻ മോർച്ച കളക്ടർമാർക്ക് നിവേദനം നൽകും. ലേബര്‍ കോഡ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നതിന് പുറമെ പ്രഖ്യാപിച്ച താങ്ങുവില ഉറപ്പാക്കുക, സംസ്ഥാനങ്ങൾക്ക് സംഭരണത്തിനായി കൂടുതൽ തുക അനുവദിക്കുക എന്നീ കാര്യങ്ങളും നിവേദനത്തില്‍ ചൂണ്ടിക്കാട്ടും. കേരളത്തില്‍ സിഐടിയുവും ഐഎന്‍ടിയുസിയും ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധ സദസ് സംഘടിപ്പിക്കും. തൊഴില്‍ നിയമങ്ങള്‍ കോര്‍പറേറ്റ് അനുകൂല കോഡുകളാക്കി മാറ്റാനാണ് ബിജെപി ശ്രമം എന്നാണ് പ്രതിപക്ഷ ആരോപണം.



