തിരുവനന്തപുരം: സ്പ്രിംഗ്ളർ കമ്പനിയുമായുള്ള ഇടപാടിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി നൽകി. സ്പ്രിം​ഗ്ളർ കമ്പനിയുമായുള്ള ഇടപാടിൽ വ്യക്തത വേണമെന്നും ഇക്കാര്യത്തിൽ ദുരൂഹമായ കാര്യങ്ങളാണ് സംസ്ഥാന സർക്കാർ ചെയ്തതെന്നും കെ.സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. 

സ്പ്രിംഗ്ളർ ഇടപാടിൽ നടന്ന ക്രമവിരുദ്ധമായ കാര്യങ്ങൾ ​ഗവ‍ർണറെ ബോധിപ്പിച്ചതായി കെ.സുരേന്ദ്രൻ പറഞ്ഞു. സർക്കാർ ദുരൂഹമായാണ് കാര്യങ്ങൾ കൈകാര്യം ചെയ്തത്. ഇക്കാര്യത്തിൽ സർക്കാരിൽ നിന്നും ലഭിച്ച വിശദീകരണവും ശരിയല്ല. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇത്തരമൊരു ഇടപാടിന് മന്ത്രിസഭയുടെയോ നിയമവകുപ്പിന്റെയോ അനുമതിയില്ല. അന്താരാഷ്ട്ര കമ്പനിയുമായി കരാർ ഏർപ്പെടുമ്പോൾ പാലിക്കേണ്ട മാ‍ർ​ഗനി‍ർദേശങ്ങളൊന്നും ഈ ഇടപാടിൽ പാലിക്കപ്പെട്ടിട്ടില്ല. കോവിഡ് പ്രതിരോധത്തിൽ ബിജെപി സർക്കാരിനൊപ്പം തന്നെയുണ്ട് പക്ഷേ സ്പ്രിംഗ്ളർ ഇടപാടിൽ വ്യക്തത വരുത്തുക തന്നെ വേണം. 

പാനൂരിലെ പോക്സോ കേസിൽ പിടിയിലായ ബിജെപി നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടുണ്ടെന്നും പ്രതിയെ പിടിക്കേണ്ടത് ബിജെപി അല്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ഈ കേസിനെക്കുറിച്ച് പാ‍ർട്ടി വിശദമായി അന്വേഷിക്കും. സിപിഎമ്മിൻ്റെ നിരവധി ജില്ലാ നേതാക്കൾ പീഡനക്കേസുകളിൽ പ്രതിയായിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. 

സ്പ്രിംഗ്ളർ ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി കേന്ദ്രസർക്കാരിനേയും സമീപിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യ്ക്ക് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട്‌ എ എൻ രാധാകൃഷ്ണൻ സ്പ്രിംഗ്ളർ ഇടപാട് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാർ നടത്തിയ ഡേറ്റാ കൈമാറ്റം കേന്ദ്ര മാർ​ഗ നിർദേശത്തിന് വിരുദ്ധമാണെന്നും 500 കോടി രൂപയുടെ അഴിമതിയാണ് ഇതിൽ നടന്നതെന്നും എഎൻ രാധാകൃഷ്ണൻ നൽകിയ പരാതിയിൽ പറയുന്നു.