സമയം നീട്ടിക്കിട്ടാനായി അപേക്ഷ കൊടുത്താൽ മതിയെന്നും സമയം നീട്ടുന്നതിനെ കുറിച്ച് ചർച്ച ചെയ്യാമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി

തിരുവനന്തപുരം: വയനാട് ഉരുള്‍ പൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് കേന്ദ്ര സർക്കാർ 529.50 കോടി വായ്പയായി അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. പണം വായ്പയായാണ് അനുവദിച്ചതെങ്കിലും ഇത് ഗ്രാന്‍റിന് തുല്യമാണെന്നാണ് സുരേന്ദ്രൻ അഭിപ്രായപ്പെട്ടത്. 50 വർഷത്തിനുശേഷം തിരിച്ചടക്കേണ്ട വായ്പയെ കുറിച്ച് പിണറായി ഇപ്പോൾ ബേജാറാകേണ്ടെന്നും ലഭിച്ച തുക ഫലപ്രദമായി ഉപയോഗിക്കുകയാണ് വേണ്ടതെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കൂട്ടിച്ചേർത്തു.

കേന്ദ്രം നൽകിയത് വായ്പ മാത്രം, സമരത്തിന് ഉരുൾപൊട്ടൽ ദുരന്ത ബാധിതർ, കേന്ദ്രത്തിനെതിരെ മന്ത്രിയും

പണം ചിലവഴിക്കാൻ കൂടുതൽ സമയമാണ് വേണ്ടതെങ്കിൽ അതിനെക്കുറിച്ച് ചർച്ച ചെയ്യാം. സമയം നീട്ടിക്കിട്ടാനായി അപേക്ഷ കൊടുത്താൽ മതിയെന്നും സമയം നീട്ടുന്നതിനെ കുറിച്ച് ചർച്ച ചെയ്യാമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. കേന്ദ്രത്തിന് മുന്നിൽ അത്തരം ആവശ്യം സർക്കാരിന് ഉന്നയിക്കാമെന്നും സർക്കാരും എം പിമാരും അതിനുള്ള സമ്മർദ്ദം നടത്തണമെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

അതേസമയം വയനാട് ഉരുള്‍പൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് കേന്ദ്രം അനുവദിച്ച വായ്പ എങ്ങനെ വിനിയോഗിക്കണമെന്ന് ചർച്ച ചെയ്യാൻ വിവിധ വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിക്കാൻ സർക്കാർ തിരുമാനിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് തുക വിനിയോഗിക്കാൻ വഴി ആലോചിക്കും. ദുരന്തനിവാരണ വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി തയ്യാറാക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് മുൻകയ്യെടുത്താണ് തുടർ നടപടി ചർച്ച ചെയ്യുന്നത്. പദ്ധതി തുടങ്ങി വെച്ച ശേഷം കേന്ദ്രത്തോട് കൂടുതൽ സമയം തേടും. വയനാട് ഉരുള്‍ പൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനെന്ന പേരിലാണ് 529.50 കോടിയുടെ വായ്പ കേന്ദ്രം അനുവദിച്ചത്. മാര്‍ച്ച് 31 നകം ഉപയോഗിക്കണമെന്ന് വ്യവസ്ഥയോടെയാണ് മൂലധനിക്ഷേപ പദ്ധതികള്‍ക്കുള്ള പ്രത്യേക സഹായ പദ്ധതിയിൽ വായ്പ അനുവദിച്ചത്. ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്ന രണ്ടു ടൗണ്‍ഷിപ്പുകളിലെ പൊതുകെട്ടിടങ്ങള്‍, 110 കെവി സബ് സ്റ്റേഷൻ, റോഡുകള്‍, പാലം, വെള്ളാര്‍മല, മുണ്ടക്കൈ സ്കൂളുകളുടെ പുനര്‍നിര്‍മാണം,വൈത്തിരി താലൂക്ക് ആശുപത്രിയിൽ കിടത്തി ചികിത്സാ സൗകര്യമുള്ള കെട്ടിടം തുടങ്ങിയ 16 പദ്ധതികള്‍ക്കാണ് വായ്പ അനുവദിച്ചത്. മൂലധന നിക്ഷേപ പദ്ധതികളിലെ വായ്പ 50 വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കണം. 

വയനാടിനുള്ള കേന്ദ്ര വായ്പ: വകുപ്പ് സെക്രട്ടറിമാരുടെ യോഗം ഉടൻ; തുക പെട്ടന്ന് വിനിയോഗിക്കാൻ വഴി ആലോചിക്കും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം