തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതല ഏറ്റെടുക്കാനെത്തിയ കെ സുരേന്ദ്രന് ആവേശകരമായ സ്വീകരണം. തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ വന്നിറങ്ങിയ കെ സുരേന്ദ്രനെ സ്വീകരിക്കാൻ നിരവധി പ്രവര്‍ത്തകരാണ് എത്തിയത്. ബിജെപി ജില്ലാ പ്രസിഡന്‍റ് വി വി രാജേഷ് അടക്കമുള്ളവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണ ചടങ്ങ്. 

കെ സുരേന്ദ്രനെ സ്വീകരിക്കാൻ രാവിലെ മുതൽ തന്നെ ബിജെപി പ്രവര്‍ത്തകര്‍ തമ്പാനൂര്‍ റെയിൽവെ സ്റ്റേഷനിലേക്ക് എത്തിയിരുന്നു. പ്ലക്കാഡുകളുയര്‍ത്തി പ്രവര്‍ത്തകരുടെ ആവശേത്തിനിടയിലേക്കാണ് ബിജെപി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട കെ സുരേന്ദ്രൻ വന്നിറങ്ങിയത്. 

റോഡ് ഷോയുടെ അകമ്പടിയോടെയാണ് പുതിയ സംസ്ഥാന പ്രസിഡന്‍റിനെ ബിജെപി ആസ്ഥാനത്ത് എത്തിക്കുന്നത്. കുന്നുകുഴിയിലെ ബിജെപി ആസ്ഥാനത്താണ് സ്ഥാനമേറ്റെടുക്കൽ ചടങ്ങ്. കേന്ദ്രമന്ത്രി വി മുരളീധരൻ അടക്കം നേതാക്കളുടെ നീണ്ട നിര തന്നെ സ്ഥാനമേറ്റെടുക്കൽ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. എംഎൽഎ ഒ രാജഗോപാൽ ,ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവരും ബിജെപി ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. കെ സുരേന്ദ്രന്‍റെ പ്രത്യേക താൽപര്യപ്രകാരം പിപി മുകുന്ദൻ അടക്കമുള്ള നേതാക്കളുടെ സാന്നിധ്യവും ബിജെപി ആസ്ഥാനത്തുണ്ടെന്നത് ശ്രദ്ധേയമാണ്. 

പിഎസ് ശ്രീധരൻ പിള്ള സ്ഥാനമൊഴിഞ്ഞ് ഒരു ഇടവേളക്ക് ശേഷമാണ് കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് എത്തുന്നത്. സംസ്ഥാന ബിജെപിയുടെ ചരിത്രത്തിലെ പ്രായം കുറഞ്ഞ സംസ്ഥാന അധ്യക്ഷൻ കൂടിയാണ് കെ സുരേന്ദ്രൻ.