മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ മന്ത്രിമാർ വേണ്ട വിധം പ്രതിരോധിക്കുന്നില്ലെന്ന മന്ത്രി മുഹമ്മദ് റിയാസിന്‍റെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.

കോഴിക്കോട്: കേരളത്തിലെ മന്ത്രിമാരെല്ലാം നോക്കുകുത്തികളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎമ്മിൽ സംഭവിക്കുന്നത് വംശവാഴ്ചയെന്നും കെ സുരേന്ദ്രൻ കോഴിക്കോട്ട് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ മന്ത്രിമാർ വേണ്ട വിധം പ്രതിരോധിക്കുന്നില്ലെന്ന മന്ത്രി മുഹമ്മദ് റിയാസിന്‍റെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.

മരുമകനും അമ്മായി അപ്പനും ചേർന്നുള്ള കുടുംബാധിപത്യ ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്ന് കെ സുരേന്ദ്രൻ വിമർശിച്ചു. ഇത് സിപിഎമ്മിൽ പതിവില്ലാത്ത കാര്യമാണ്. വംശവാഴ്ച ആദ്യമായാണ് സിപിഎമ്മിൽ സംഭവിക്കുന്നതെന്നും അപ്പോൾ പിന്നെ പ്രതികരിക്കാനും പ്രതിരോധിക്കാനും മറ്റ് മന്ത്രിമാർ ഉണ്ടാകില്ലല്ലോയെന്നും കെ സുരേന്ദ്രൻ പരിഹസിച്ചു. 

Also Read: മുഹമ്മദ് റിയാസിന്റെ 'മന്ത്രിമാരുടെ പ്രതിച്ഛായ' പരാമർശം, സിപിഎമ്മിൽ ചർച്ചയാകുന്നു 

സംസ്ഥാന സർക്കാർ വികസനങ്ങളെയെല്ലാം അഴിമതിക്കുള്ള മറയാക്കുകയാണെന്നും കെ സുരേന്ദ്രൻ വിമർശിച്ചു. എഐ ക്യാമറയെ എതിർക്കുന്നില്ലെന്നും പക്ഷേ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എ ഐ ക്യാമറയുടെ പേരിൽ നടക്കുന്ന അഴിമതിയെ എതിർക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. റോഡ് സുരക്ഷയെ സംബന്ധിച്ച് ചില കാര്യങ്ങളിൽ കേന്ദ്ര സർക്കാരിന് കർശന നിലപാടുണ്ട്. എന്നാൽ, സംസ്ഥാന സർക്കാർ നിയമത്തിൽ വെള്ളം ചേർക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്ത യൂട്യൂബിൽ തത്സമയം കാണാം

YouTube video player