തിരുവനന്തപുരം: ശബരിമല കേസിലെ സുപ്രീംകോടതി വിധിയില്‍  വ്യക്തത വരാത്തത് മുഖ്യമന്ത്രിക്ക് മാത്രമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ദേവസ്വം, നിയമ മന്ത്രിമാര്‍ വിധിയെ സ്വാഗതം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുവതീപ്രവേശന വിധി യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് മറച്ചുവയ്ക്കാൻ സർക്കാർ ഉപയോഗിക്കുകയായിരുന്നു.

ഇനി സെപ്റ്റംബര്‍ 28ല്‍ വന്ന വിധി അപ്രസക്തമാണ്. സർക്കാർ കൂടുതൽ  അവധാനതയോടെ ഇക്കാര്യത്തില്‍ പ്രവർത്തിക്കണം. സ്റ്റേ ഇല്ലെന്ന വാദം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. പൂര്‍വ്വസ്ഥിതി തുടരനായി സർക്കാരും ദേവസ്വം ബോർഡും സുപ്രീംകോടതിയെ സമീപിക്കണം.  അന്തിമ വിധി ഉണ്ടാകും വരെ പൂര്‍വ്വസ്ഥിതി തുടരാൻ സർക്കാർ സുപ്രീംകോടതിയോട് അവശ്യപെടണം.

മുഖ്യമന്ത്രിയുടെ ഉറ്റ അനുനായിയെ ദേവസ്വം അധ്യക്ഷൻ ആർക്കിയത് കൊണ്ട് ശബരിമലയിലെ പ്രശ്നം അവസാനിക്കില്ലെന്നും സർക്കാർ വരുത്തിവച്ചതാണ് യുവതീപ്രവശന വിധിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. ആക്ടിവിസ്റ്റുകൾക്കും അർബൻ നക്സലുകൾക്കും കയറിപോകാനുള്ള ഇടമല്ല ശബരിമല. സർക്കാർ നിലപാടിനെ ആശ്രയിച്ചായിരിക്കും ബിജെപിയുടെ പ്രതികരണം. സർക്കാർ നിലപാടിനായി കാത്തിരിക്കുകയാണെന്നും നേർവഴിക്ക് പോയാൽ സമരത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നലെ ശബരിമല യുവതീപ്രവേശനം അനുവദിച്ച് കൊണ്ടുള്ള വിധിയിലെ പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ അഞ്ചംഗ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് അടക്കം മൂന്ന് പേര്‍ മതകാര്യങ്ങളിലെ കോടതി ഇടപെടലില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് അഭിപ്രായപ്പെട്ടു. അതേസമയം, രണ്ട് പേര്‍ പുനഃപരിശോധന ഹര്‍ജികള്‍ തള്ളി നിപാടെടുത്തു. എന്നാല്‍ ഭൂരിപക്ഷവിധി പൊതുവിധിയാവും എന്ന ചട്ടത്തിന്‍റെ അടിസ്ഥാനത്തില്‍ ഹര്‍ജികള്‍ വിശാലബെഞ്ചിന് വിട്ടുകൊണ്ട് കോടതി ഉത്തരവിടുകയായിരുന്നു.