തിരുവനന്തപുരം: മോദിസര്‍ക്കാര്‍ കൈ അയച്ച് സഹായിച്ചിരുന്നില്ലായിരുന്നെങ്കില്‍ സംസ്ഥാന ട്രഷറി അടച്ച് പൂട്ടേണ്ടി വരുമായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപിയുടെ കേരള ഘടകം സംഘടിപ്പിച്ച വെര്‍ച്ച്വല്‍ റാലിയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് പ്രതിരോധത്തില്‍ കേരളം മുന്നേറുന്നുവെങ്കില്‍ അത് മോദി സര്‍ക്കാരിന്റെ പിന്തുണ ഉള്ളത് കൊണ്ടുമാത്രമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കൊവിഡ് പ്രതിരോധത്തിന് കേരളത്തിന്റെ ആവശ്യം കണ്ടറിഞ്ഞ് സഹായിച്ച സര്‍ക്കാരാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. സംസ്ഥാനത്തിന്റെ ചിരകാല ആവശ്യമായ കടമെടുപ്പ് പരിധി അഞ്ച് ശതമാനം വര്‍ദ്ധിപ്പിച്ചു. റവന്യൂ കമ്മി മറികടക്കാന്‍ 4750 കോടി നല്‍കി.  കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ഫലം കാണുമ്പോള്‍ കേരളത്തിന്റെ 20000 കോടി പാക്കേജ് എങ്ങും എത്തിയിട്ടില്ല.

ഇപ്പോള്‍ ജനങ്ങളുടെ മേല്‍ ഇരട്ടി ഭാരം അടിച്ചേല്‍പിക്കുകയാണ്. വൈദ്യുതി ബില്ലിലെ വര്‍ദ്ധനവ് ജനങ്ങള്‍ക്കുള്ള ഇരുട്ടടിയാണ്.  പ്രവാസികള്‍ ഒരു തരത്തിലും വരരുതെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. അതിനായി പ്രധാനമന്ത്രിക്ക് നിരന്തരം കത്ത് അയക്കുകയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പോലെ കോടികളുടെ അഴിമതിയും കൊള്ളയും നടത്താന്‍ കൊറോണയുടെ മറവില്‍ ശ്രമിക്കുകയാണ്.  ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയായ കേരളത്തെ ഗൂണ്ടകളുടെ സ്വന്തം നാടാക്കി.

മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തില്‍ കൊലാപത കുറ്റത്തിന് സുപ്രീം കോടതി ശിക്ഷിച്ച ഒന്നാം പ്രതിയും പങ്കെടുക്കുന്നു. ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസില്‍ കൊലയാളികള്‍ വിഹരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം, അതിർത്തിയിൽ ചൈനയോട് വിട്ടുവീഴ്ച ചെയ്യില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ പറഞ്ഞു. ആക്രമണത്തിന് ശക്തമായ തിരിച്ചടി ഇന്ത്യ നൽകിയെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി കേരള ഘടകം സംഘടിപ്പിച്ച വെർച്വൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തെ ഇടത് വലത് മുന്നണികൾ തകർക്കുകയാണ്. രണ്ട് മുന്നണികളും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. സംസ്ഥാനത്ത് കേന്ദ്ര പദ്ധതികൾ സംസ്ഥാന സർക്കാരിന്റെ പദ്ധതികളായി പേര് മാറ്റി നടപ്പിലാക്കുകയാണ്. കേരളത്തിലെ മുന്നണികളിലുള്ള വിശ്വാസം ജനത്തിന് നഷ്ടപ്പെട്ടു. ബിജെപി ബദലായി മാറിയെന്നും അദ്ദേഹം പറഞ്ഞു.