കോഴിക്കോട്: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരൻ വഞ്ചകനാണെങ്കിൽ മുഖ്യമന്ത്രി വഞ്ചകന് കഞ്ഞിവെച്ചവനാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ്  കെ. സുരേന്ദ്രൻ. മന്ത്രി ജി സുധാകരൻ്റെ പ്രസ്താവന കുറ്റസമ്മതമാണെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. ഇതുവരെ സിപിഎം നേതാക്കളെല്ലാം ശിവശങ്കരനെ ന്യായീകരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ സുധാകരൻ ശിവശങ്കരനെ ബലികൊടുത്ത് മുഖ്യമന്ത്രിയെ ന്യായീകരിക്കുകയാണെന്നും സുധാകരൻ പറയുന്നു. 

ശിവശങ്കരൻ രാജ്യദ്രോഹ കുറ്റം ചെയ്തത് മുഖ്യമന്ത്രി അറിയാതാണെങ്കിൽ 12 ദിവസം എന്തിനാണ് അയാളെ മുഖ്യമന്ത്രി സ്ഥാനത്ത് നിലനിർത്തിയത്? സ്വപ്നയുമായി ശിവശങ്കരന് മാത്രമല്ല മുഖ്യമന്ത്രിക്കും ബന്ധമുണ്ടെന്ന അന്വേഷണസംഘത്തിൻ്റെ റിപ്പോർട്ട് വന്ന സ്ഥിതിക്ക് മുഖ്യമന്ത്രി എങ്ങനെ വിശുദ്ധനാകും? രാമായണ മാസത്തിൽ രാക്ഷസൻമാർക്ക് ശക്തി ക്ഷയമുണ്ടാകുമെന്ന് സുധാകരൻ മനസിലാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

Read Also: 'ശിവശങ്കരൻ വഞ്ചകന്‍, ദുർഗന്ധം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് എത്തിയിട്ടില്ല': ജി സുധാകരന്‍

ഇന്ത്യയുടെ വീരജവാൻമാരെ അതിർത്തിയിൽ ക്രൂരമായി കൊലചെയ്ത ചൈനയെ മന്ത്രി മഹത്വവൽകരിച്ചത് അപലപനീയമാണ്. ഗൃഹസമ്പർക്കം നടത്തി സ്വർണ്ണക്കടത്ത് കേസിൽ സ്വയം ന്യായീകരിക്കുന്ന സി.പി.എം ജലീലിനെ അതിൽ നിന്ന് ഒഴിവാക്കിയതെന്തിനാണ്? ജലീൽ തെറ്റ് ചെയ്തെന്ന് പാർട്ടിക്ക് ബോധ്യമായതുകൊണ്ടാണോ ലഘുലേഖയിൽ ന്യായീകരിക്കാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു.