'കരുവന്നൂർ തട്ടിപ്പില്‍ സിപിഎമ്മിന്‍റെ പങ്ക് ഇഡി റിപ്പോര്‍ട്ടിൽ വ്യക്തമായി, നേതൃത്വം സമൂഹത്തോട് മാപ്പ് പറയണം'
അനധികൃത വായ്പകൾ നൽകിയത് ഉന്നത സിപിഎം നേതാക്കളുടെ നിർദേശപ്രകാരമാണെന്നും വായ്പകൾ നിയന്ത്രിക്കാൻ സിപിഎം സബ്കമ്മിറ്റിയെ വെച്ചെന്നുമുള്ള ഇഡി റിപ്പോർട്ട് ഗൗരവതരമാണെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിൽ വായ്പ ആർക്കൊക്കെ നൽകണമെന്ന് തീരുമാനിച്ചത് സിപിഎമ്മാണെന്ന ഇഡിയുടെ റിപ്പോർട്ട് തട്ടിപ്പിലെ സിപിഎം പങ്ക് വ്യക്തമാക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. അനധികൃത വായ്പകൾ നൽകിയത് ഉന്നത സിപിഎം നേതാക്കളുടെ നിർദേശപ്രകാരമാണെന്നും വായ്പകൾ നിയന്ത്രിക്കാൻ സിപിഎം സബ്കമ്മിറ്റിയെ വെച്ചെന്നുമുള്ള ഇഡി റിപ്പോർട്ട് ഗൗരവതരമാണ്. ഭരിക്കുന്ന പാർട്ടി ആസൂത്രിതമായി പാവങ്ങളെ കൊള്ളയടിക്കുന്നത് സംസ്ഥാനത്ത് പതിവായിരിക്കുകയാണ്. മുഖ്യമന്ത്രിയും എംവി ഗോവിന്ദനും അറിഞ്ഞു കൊണ്ടാണോ ഇതെല്ലാം നടന്നതെന്ന് അവർ പറയണം. സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള സഹകരണ ബാങ്കുകളിലൊക്കെ ഇത്തരത്തിലുള്ള സംവിധാനമാണോയുള്ളതെന്ന് പറയേണ്ടത് ഗോവിന്ദനാണ്.
കരുവന്നൂരിൽ ഭരണസമിതി മാത്രം അറിഞ്ഞുള്ള തട്ടിപ്പാണെന്ന സിപിഎമ്മിന്‍റെ വാദമാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്. ഏതൊക്കെ ആളുകൾക്ക് ബിനാമി വായ്പ അനുവദിക്കണമെന്ന് കൃത്യമായി ബാങ്കിന്‍റെ മിനുട്സിൽ പറഞ്ഞിട്ടുണ്ടെന്നത് സിപിഎമ്മിന്‍റെ എല്ലാ പ്രതിരോധവും ഇല്ലാതാക്കുന്നതാണ്. സതീഷ് കുമാറിന് എല്ലാ സഹായവും ചെയ്ത് കൊടുത്തത് സിപിഎം നേതൃത്വമാണെന്ന് വ്യക്തമായിരിക്കുകയാണ്.
ചുരുങ്ങിയ കാലം കൊണ്ട് കോടിക്കണക്കിന് രൂപയുടെ ഇടപാട് നടത്തിയ അരവിന്ദാക്ഷൻ സിപിഎമ്മിന്‍റെ ഉന്നത നേതാക്കളുടെ ബിനാമിയാണെന്ന് ഉറപ്പാണ്. ഇഡിയുടെ റിപ്പോർട്ട് പുറത്തുവന്നതോടെ അരവിന്ദാക്ഷന് വേണ്ടി സമരം ചെയ്തതിന് സിപിഎം നേതൃത്വം പൊതുസമൂഹത്തോട് മാപ്പു പറയണം. തട്ടിപ്പുകാരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഇഡിയുടെ തീരുമാനം ഇത്തരം തട്ടിപ്പ് നടത്തുന്നവർക്കുള്ള ശക്തമായ മുന്നറിയിപ്പാണ്. കരുവന്നൂരിൽ പണം നഷ്ടമായ നിക്ഷേപകർക്ക് നീതി ലഭിക്കും വരെ ബിജെപി പോരാടുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.