Asianet News MalayalamAsianet News Malayalam

K Surendran : സേനാ മേധാവി ബിപിന്‍ റാവത്തിനെ അപമാനിച്ചവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് കെ. സുരേന്ദ്രന്‍

''ഹൈക്കോടതിയിലെ കേരള സര്‍ക്കാരിന്റെ അഭിഭാഷക നീചമായ രീതിയില്‍ സേനാമേധാവിയെ അപമാനിച്ചിട്ടും ഇടതു സര്‍ക്കാര്‍ ഒരു നടപടിയുമെടുത്തില്ല''.
 

K Surendran wants action to be taken against those who insulted Bipin Rawat
Author
Kozhikode, First Published Dec 10, 2021, 1:25 PM IST

കോഴിക്കോട്: ഹെലികോപ്ടര്‍ അപകടത്തില്‍ (Army Helicopter crash) മരണപ്പെട്ട ഇന്ത്യയുടെ സംയുക്തസേനാ മേധാവി ബിപിന്‍ റാവത്തിനെ (Bipin Rawat) സാമൂഹ്യമാധ്യമങ്ങളില്‍ അപമാനിച്ചവര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ (Kerala Government) നടപടി എടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ (K Surendran). രാജ്യം വലിയ ദുരന്തം നേരിട്ടപ്പോള്‍ ആഹ്ലാദിക്കുന്നവര്‍ രാജ്യത്തിന്റെ ശത്രുക്കളാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ഹൈക്കോടതിയിലെ കേരള സര്‍ക്കാരിന്റെ അഭിഭാഷക നീചമായ രീതിയില്‍ സേനാമേധാവിയെ അപമാനിച്ചിട്ടും ഇടതു സര്‍ക്കാര്‍ ഒരു നടപടിയുമെടുത്തില്ല.

സര്‍ക്കാരിനും അഭിഭാഷകയുടെ നിലപാട് തന്നെയാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇവരെ സര്‍ക്കാര്‍ പ്ലീഡര്‍ തസ്തികയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. കേരളത്തില്‍ പിണറായിയുടെ ഭരണത്തില്‍ ആര്‍ക്കും പരസ്യമായി ദേശവിരുദ്ധത പറയാമെന്ന സ്ഥിതിയാണുള്ളതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

അന്വേഷണം പ്രഖ്യാപിച്ച് തമിഴ്നാട് പൊലീസ്, രക്ഷാപ്രവർത്തകരെ ആദരിച്ച് ഡിജിപി

കൂനൂ‍ർ: സംയുക്ത സൈനികമേധാവി ബിപിൻ റാവത്തടക്കം (General Bipin Rawat) 13 പേരുടെ മരണത്തിന് കാരണമായ ഹെലികോപ്ടർ അപകടത്തിൽ (helicopter crash) തമിഴ്നാട് പൊലീസ് (Tamilnadu police) അന്വേഷണം തുടങ്ങി. ഊട്ടി എഡിഎസ്പി മുത്തുമാണിക്യത്തിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയതായി തമിഴ്നാട് ഡിജിപി സി.ശൈലേന്ദ്രബാബു അറിയിച്ചു. 

ഹെലികോപ്റ്റർ അപകടത്തെക്കുറിച്ച് കര-നാവിക-വ്യോമസേനകളുടെ സംയുക്തസംഘം അന്വേഷണം നടത്തുമെന്ന് നേരത്തെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചിരുന്നു. സംയുക്തസേനയുടെ അന്വേഷണത്തിന് സമാന്തരമായാവും തമിഴ്നാട് പൊലീസിൻ്റെ അന്വേഷണം നടക്കുക. ദില്ലിയിൽ നിന്നും സംയുക്തസേനാ സംഘം ഊട്ടിയിൽ എത്തിയാൽ തങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ അവർക്ക് കൈമാറുമെന്നും ശൈലേന്ദ്രബാബു വ്യക്തമാക്കി. 

അന്വേഷണത്തിൻ്റെ ഭാഗമായി അപകടം നടന്ന കാട്ടേരി നഞ്ചപ്പസത്രത്തിലെ 25 പ്രദേശവാസികളുടെ മൊഴി ഇതിനോടകം തമിഴ്നാട് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ പത്ത് മണിയോടെ തമിഴ്നാട് പൊലീസ് മേധാവി സി.ശൈലന്ദ്രബാബു അപകടസ്ഥലത്ത് എത്തി പരിശോധന നടത്തി. തുടർന്ന് നഞ്ചപ്പസത്രത്തിലേക്ക് എത്തിയ ഡിജിപി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത ഗ്രാമീണരെ അനുമോദിക്കുകയും അവർക്ക് ഉപഹാരങ്ങൾ സമ്മാനിക്കുകയും ചെയ്തു. വ്യോമസേനാ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. അതേസമയം സംയുക്ത സൈനികമേധാവിയടക്കമുള്ളവരുടെ മരണത്തിന് കാരണമായ ഹെലികോപ്ടർ അപകടത്തിൽ അനുശോചിച്ച് നീലഗിരി ജില്ലയിലെ വ്യാപാരികൾ ഇന്ന് കടകളടച്ച് പ്രതിഷേധിക്കുകയാണ്. 

Follow Us:
Download App:
  • android
  • ios