കൊച്ചി: യുഎഇ കോണ്‍സുലേറ്റ് വഴി ഖുര്‍ആന്‍ വിതരണം ചെയ്ത കേസില്‍ ‍മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് തിങ്കളാഴ്ച് ചോദ്യം ചെയ്യും. കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി വാങ്ങാതെ ഖുര്‍ആന്‍ വിതരണം ചെയ്തത് വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്‍റെ  ലംഘനമാണെന്നും ഔദ്യോഗിക പദവി ദുരപയോഗം ചെയ്തെന്നും കസ്റ്റംസ് ആരോപിക്കുന്നു. .

കേസുമായി ബന്ധപ്പെട്ട ജലീലിന്‍റെ ഗണ്‍മാനെ ഇന്നലെ കൊച്ചിയിൽ ചോദ്യം ചെയ്തിരുന്നു. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ എന്‍ഐഎയും എന്‍ഫോഴ്സ്മെൻ്റ് ഡയറ്കടറേറ്റും ഒരു വട്ടം കെ ടി ജലീലിനെ ചോദ്യം ചെയ്തതാണ്. തെളിവൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ക്ലീൻ ചീറ്റും നല്‍കി. പക്ഷെ കസ്റ്റംസ് കേസില്‍ കാര്യങ്ങല്‍ അത്ര പന്തിയല്ല. യുഎഇ കോണ്‍സുലേറ്റ് കൊണ്ടുവന്ന ഖുര്‍ആന്‍ മന്ത്രി കെ ടി ജലീല്‍ വിതരണം ചെയ്തതില്‍ നിരവധി ചട്ടലംഘനങ്ങള്‍ ഉണ്ടെന്നാണ് കസ്റ്റംസിന്‍റെ വാദം. 

കോണ്‍സുലേറ്റിന്‍റെ ഉപയോഗത്തിനായി നികുതി ഈടാക്കാതെയാണ് ഖുര്‍ആന്‍ കൊണ്ടുവന്നത്. ഇത് പുറത്ത് വിതരണം ചെയ്തതിലൂടെ നികുതി ഇളവിനുള്ള അര്‍ഹത നഷ്ടപ്പെട്ടു. നയതന്ത്ര പ്രതിനിധികളുമായി മന്ത്രിമാര്‍ നേരിട്ട് ബന്ധപ്പെടാന്‍ പാടില്ലെന്നാണ് ചട്ടം. വിദേശകാര്യമന്ത്രാലയം വഴിയേ ആശയവിനിമയം പാടുള്ളൂ. കേന്ദ്രസര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി തേടണം. ഇതെല്ലാം ലംഘിക്കപ്പെട്ടു. വിദേശ സംഭാവന നിയന്ത്രണചട്ടങ്ങളുടെ ലംഘനവുമുണ്ട്. 

ജലീല്‍ ആവശ്യപ്പെട്ടിട്ടാണ് ഖുര്‍ആന്‍ എത്തിച്ചതെന്നും ആരോപണമുണ്ട്. മാത്രമല്ല, വിതരണത്തിന് സര്‍ക്കാര്‍ സ്ഥാപനമായ സി ആപ്റ്റിന്‍റെ വാഹനങ്ങളും ഉപയോഗിച്ചു. ഇതിലൂടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു. ഈ സാഹചര്യത്തിലാണ് വിശദമായി ചോദ്യം ചെയ്യുന്നതിന് കൊച്ചിയില്‍ ഹാജരാകാന്‍ ജലീലിന് കസ്റ്റംസ് നോട്ടീസ് നല്‍കിയത്. 

കേസുമായി ബന്ധപ്പെട്ട് കെ ടി ജലീലിന്‍റെ ഗണ്‍മാനെ ഇന്നലെ കൊച്ചിയില്‍ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഗണ്‍മാന്‍റെ ഫോണ്‍ ജലീല്‍ പലപ്പോഴും ഉപയോഗിച്ചെന്ന വിവരത്തെ തുടര്‍ന്നായിരുന്നു ഇത്. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് വെച്ച് പ്രൈവറ്റ് സെക്രട്ടറിയേയും ചോദ്യം ചെയ്തു. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും സത്യം ബോധ്യപ്പെടുത്തുന്നതില്‍ സന്തോഷം എന്നുമായിരുന്നു ജലീലിന്‍റെ പ്രതികരണം. ചട്ടലംഘനങ്ങള്‍ പ്രഥമ ദൃഷ്ട്യാ തെളിവുകൾ ഉള്ള സാഹചര്യത്തില്‍ ജലീലിനെതിരെ കസ്റ്റംസ് നിര്‍ണ്ണായക നടപടികളിലേക്ക് കടക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.