Asianet News MalayalamAsianet News Malayalam

ബന്ധുനിയമനം: തുല്യ പങ്കാളിയായ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല

കെ ടി അദീബിന്‍റെ നിയമിക്കുന്നതിനായി യോഗ്യതയില്‍ ഇളവ് വരുത്തുന്നതിനുള്ള ഫയലില്‍ മന്ത്രിസഭയെ മറികടന്നാണ് മുഖ്യമന്ത്രി ഒപ്പിട്ടത്. ധാര്‍മ്മികത ലവലേശമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ചെന്നിത്തല.

k t jaleels relative appointment ramesh chennithala against pinarayi vijayan
Author
Thiruvananthapuram, First Published Apr 15, 2021, 4:52 PM IST

തിരുവനന്തപുരം: ബന്ധുനിയമനത്തില്‍ കെ ടി ജലീലും മുഖ്യമന്ത്രി  പിണറായി വിജയനും ഗൂഡാലോചന നടത്തിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കെ ടി അദീബിന്‍റെ നിയമിക്കുന്നതിനായി യോഗ്യതയില്‍ ഇളവ് വരുത്തുന്നതിനുള്ള ഫയലില്‍ മന്ത്രിസഭയെ മറികടന്നാണ് മുഖ്യമന്ത്രി ഒപ്പിട്ടത്. ബന്ധുനിയമനത്തില്‍ തുല്യ പങ്കാളിയായ മുഖ്യമന്ത്രിക്ക് ധാര്‍മ്മികത ലവലേശമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ രാജിവയ്ക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയെ കുരുക്കില്‍ നിന്ന് രക്ഷപ്പെടുത്താന്‍ എ ജിയില്‍ നിന്ന് നിയമോപദേശം എഴുതിവാങ്ങി, റിട്ടുമായി ഹൈക്കോടതിയില്‍ പോകാനുള്ള സര്‍ക്കാരിന്റെ നീക്കം അപഹാസ്യമാണ്. ഒരുവശത്ത് ധാര്‍മ്മികത പ്രസംഗിക്കുകയും മറുവശത്ത് കൂടി ധാര്‍മ്മികതയെ തകിടം മറിക്കാനുള്ള നീക്കം നടത്തുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ചെന്നിത്തല വിമര്‍ശിച്ചു. 2013 ല്‍ യുഡിഎഫിന്റെ ഭരണകാലത്ത് ധനകാര്യവകുപ്പിന്റെ ഉപദേശ പ്രകാരം മന്ത്രിസഭയാണ് കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍ക്കുള്ള യോഗ്യത നിശ്ചയിച്ചത്. അതില്‍ മാറ്റം വരുത്തണമെങ്കില്‍ മന്ത്രിസഭയില്‍ തന്നെ വയ്ക്കണമെന്ന സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശം മറികടന്നാണ് ഫയല്‍ കെ ടി ജലീല്‍ മുഖ്യമന്ത്രിയുടെ മുന്നില്‍ എത്തിച്ച് ഒപ്പിടുവിച്ചത്. യോഗ്യതയില്‍ മാറ്റം വരുത്തുന്നത് എന്തു കൊണ്ടാണ്. മന്ത്രിസഭയില്‍ വച്ചാല്‍ ബന്ധുവിനെ നിയമിക്കാന്‍ കഴിയില്ല എന്ന് കരുതിയിട്ടാണോ എന്നും ചെന്നിത്തല ചോദിച്ചു.

നിയമനകാര്യത്തില്‍ കെ ടി ജലീലും മുഖ്യമന്ത്രിയും തമ്മില്‍ ഗൂഡാലോചന നടന്നിട്ടുണ്ടന്ന് വ്യക്തമാണ്. മുഖ്യമന്ത്രിക്കും ഈ വഴിവിട്ട നിയമനത്തില്‍ ഉത്തരവാദിത്തമുണ്ട്. അതിനാല്‍ കെ ടി ജലീല്‍ മാത്രം രാജിവച്ചതുകൊണ്ട് കാര്യമില്ല. കൂട്ടുപ്രതിയായ മുഖ്യമന്ത്രിയും രാജിവയ്ക്കണം. അല്ലാതെ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ കാവല്‍ മന്ത്രിസഭയുടെ മാത്രം പദവിയുള്ള ഈ സര്‍ക്കാര്‍ പൊതുപണം ധൂര്‍ത്തടിച്ച് കോടതിയില്‍ പോകുന്നത് ശരിയല്ല.  ജനാധിപത്യബോധവും ധാര്‍മ്മികതയും അല്പമെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രിയും രാജി വയ്ക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios