കേരളത്തിന്‍റെ വികസനത്തിന് കെ റെയില്‍ ആവശ്യമാണ്. ഇത്തരം പദ്ധതികൾ വരുമ്പോൾ പ്രതിസന്ധികൾ സാധാരണമാണെന്നും കെ വി തോമസ്.

തൃക്കാക്കര: എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പിണറായി വിജയനെ (Pinarayi Vijayan) പുകഴ്ത്തി കെ വി തോമസ് (K V Thomas). ഇന്ത്യയെ നയിക്കാന്‍ കഴിവുള്ള വ്യക്തിയാണ് മുഖ്യമന്ത്രിയെന്ന് കെ വി തോമസ് കണ്‍വെന്‍ഷനില്‍ പറഞ്ഞു. കേരളത്തിന്‍റെ വികസനത്തിന് കെ റെയില്‍ ആവശ്യമാണ്. ഇത്തരം പദ്ധതികൾ വരുമ്പോൾ പ്രതിസന്ധികൾ സാധാരണമാണ്. ഈ പ്രതിസന്ധി മറികടക്കാനുള്ള കരുത്ത് പിണറായി വിജയനുണ്ടെന്നും കെ വി തോമസ് പറഞ്ഞു.

ഇന്ത്യ നയിക്കാൻ കഴിവുള്ള വ്യക്തിയാണ് പിണറായി. ഉമ്മൻ ചാണ്ടി വൈറ്റില കല്ലിട്ടു, കുണ്ടന്നൂർ കല്ലിട്ടു, പക്ഷെ പിണറായി അവിടെ മേൽപ്പാലം പണിതു. തൃക്കാക്കരയില്‍ ജോ ജോസഫിനെതിരെ അപരനെ ഇറക്കിയതിലും കെ വി തോമസ് യുഡിഎഫിനെ വിമര്‍ശിച്ചു. പാലാരിവട്ടത്ത് നടക്കുന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് കെ വി തോമസ് വേദിയിലെത്തിയത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ കെ വി തോമസിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു.

  • മുഖ്യമന്ത്രിയുടെ വാക്കുകൾ 

തൃക്കാക്കരയ്ക്ക് അസുലഭ സന്ദർഭം ആണ് ഉയർന്നു വന്നിട്ടുള്ളത്. ഉപതെരെഞ്ഞെടുപ്പിൽ കേരളത്തിന്റെ ആഗ്രഹം പോലെ ഈ മണ്ഡലം പ്രതികരിക്കും.അതിൻ്റെ വേവലാതി യുഡിഫ് ക്യാമ്പിൽ ഉയർന്നു വന്നിട്ടുണ്ട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ദേശീയ പ്രാധാന്യമുണ്ട്. സാധാരണ ഇതുപോലെ ഒരു ഉപതെരഞ്ഞെടുപ്പിന് ഇത്തരം പ്രാധാന്യം ഉണ്ടാകാറില്ല. രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യമാണ് അതിന് കാരണം. ഭരണഘടനാ മൂല്യങ്ങൾക്ക് വില നല്കാത്ത സാഹചര്യം ഈ രാജ്യത്തുണ്ട്. 

വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി കോൺഗ്രസിൽ നിന്ന് ഉണ്ടാകുന്നു. രാജ്യത്തെ ജനനങ്ങളുടെ ആഗ്രഹത്തിന് ഒത്തു പ്രവർത്തിക്കാൻ ആ പാര്‍ട്ടിക്ക് ആകുന്നില്ല. കോൺഗ്രസ് പാര്‍ട്ടി വർഗീയതയോട് സമരസപ്പെട്ടിരിക്കുന്നു. കോൺഗ്രസിന് മതനിരപേക്ഷത സംരക്ഷിക്കാൻ കഴിയുന്നില്ല എന്നതാണ് സത്യം. രാജ്യത്ത് ന്യൂനപക്ഷം ആശങ്കയിലാണ്. കോൺഗ്രസിന് വർഗീയതയെ തടയാൻ ആകുന്നില്ല. ബിജെപി ഉയർത്തുന്ന സമ്പത്തിക ഭീഷണിക്കും, വർഗീയതയ്ക്കും ബദൽ ആകാൻ കോൺഗ്രസിന് കഴിയുന്നില്ല. ഇതിനായി ഒരു ബദൽ ആണ് ഉയർത്തേണ്ടത്. സംസ്ഥാന പരിമിതിയിൽ നിന്ന് ബദൽ ആകാനാണ് സർക്കാർ ശ്രമിക്കുന്നത്.