നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം. കെ വിദ്യയ്ക്ക്  നീലേശ്വരം പൊലീസിന്റെ നോട്ടീസ്.  കരിന്തളം കോളേജ് പ്രിൻസിപ്പൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 

കാസർകോട് : കരിന്തളം കോളേജിൽ വ്യാജ പ്രവർത്തിപരിചയ രേഖാ ചമച്ച് ജോലി നേടിയ കേസിൽ കെ വിദ്യക്ക് നീലേശ്വരം പൊലീസിന്റെ നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് വിദ്യയ്ക്ക് നോട്ടീസ് നൽകിയത്. കരിന്തളം കോളേജ് പ്രിൻസിപ്പൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 

വ്യാജ പ്രവർത്തി പരിചയ രേഖാ കേസിൽ അഗളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിദ്യയ്ക്ക് ഇന്ന് കർശന ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു. 50000 രൂപയുടെ രണ്ട് പേരുടെ ആൾജാമ്യമാണ് കോടതി അനുവദിച്ചത്. കേരളം വിട്ട് പോകരുത്, പാസ്പോർട്ട് ഹാജരാക്കണം എന്നതടക്കമുള്ള കർശന ഉപാധികളോടെയാണ് ജാമ്യം. കുറ്റം ആവർത്തിക്കരുത്. രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. രണ്ടാമത്തെ കേസിൽ വിദ്യയെ നീലേശ്വരം പൊലീസിന് കസ്റ്റഡിയിലെടുക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യലിനെത്താൻ നോട്ടീസ് നൽകിയത്. 

read more വ്യാജ രേഖ കേസ്: ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ വിദ്യ, കൃത്യമായ മറുപടി നൽകുന്നില്ലെന്ന് പൊലീസ്

2018-19,2020-21 വര്‍ഷങ്ങളില്‍ മഹാരാജാസില്‍ പഠിപ്പിച്ചുവെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് നൽകി, 2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെ കാലയളവിലാണ് വിദ്യ കരിന്തളം ഗവ കോളേജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തത്. കഴിഞ്ഞ ദിവസം അട്ടപ്പാടി കോളേജിൽ ഇതേ വ്യാജ രേഖയുമായി വിദ്യയെത്തി. പ്രിൻസിപ്പളിന് സംശയം തോന്നിയതോടെയാണ് അന്വേഷണം നടന്നതും വിദ്യ തങ്ങളുടെ കോളേജിൽ ജോലി ചെയ്തിട്ടില്ലെന്ന് മഹാരാജാസ് കോളേജ് വ്യക്തമാക്കിയതും. പിന്നാലെ കോളേജ് അധികൃതർ പൊലീസിൽ പരാതി നൽകി. ഒളിവിൽ പോയ വിദ്യയെ കോഴിക്കോട്ടെ എസ് എഫ് ഐ നേതാവിന്റെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കരിന്തളം കോളേജിൽ സമർപ്പിച്ച അതേ വ്യാജ സർട്ടിഫിക്കറ്റ് തന്നെയാണ് അട്ടപ്പടിയിലും നൽകിയതെന്നും പിടിക്കെപ്പെടുമെന്ന് ഉറപ്പായപ്പോൾ രേഖകൾ നശിച്ചുവെന്നും പ്രതി മൊഴി നൽകിയിട്ടുണ്ടെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. എന്നാൽ താൻ നിരപരാധിയാണെന്നാണ് വിദ്യ കോടതിയിൽ വാദിച്ചത്. 

read more വ്യാജ രേഖാ കേസ്: കെ വിദ്യയ്ക്ക് ഉപാധികളോടെ ജാമ്യം, രണ്ടാം കേസിൽ നീലേശ്വരം പൊലീസിന് അറസ്റ്റിന് അനുമതി

YouTube video player

YouTube video player