ഇന്നലെ വൈകിട്ടാണ് മേപ്പയൂരിലെ കുട്ടോത്ത് എന്ന സ്ഥലത്ത് നിന്നും വിദ്യയെ കസ്റ്റഡിയിലെടുത്തത്. 

കോഴിക്കോട്: വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചെന്ന ആരോപണം പൊലീസിനോട് നിഷേധിച്ച് മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യ. ഒളിവിൽ പോയത് കുറ്റം ചെയ്തതു കൊണ്ടല്ലെന്ന് വിദ്യ പറയുന്നു. അഭിഭാഷകൻ്റെ നിർദേശപ്രകാരമാണ് ഒളിവിൽ പോയത് ഹൈക്കോടതി മുൻകൂർ ജാമ്യഹർജി പരിഗണിക്കും വരെ മാറി നിൽക്കാനായിരുന്നു തീരുമാനം. ഇന്നലെ വൈകിട്ടാണ് മേപ്പയൂരിലെ കുട്ടോത്ത് എന്ന സ്ഥലത്ത് നിന്നും വിദ്യയെ കസ്റ്റഡിയിലെടുത്തത്. മേപ്പയൂരിലെ വിദ്യയുടെ സുഹൃത്തിനെ ചോദ്യം ചെയ്തതിലൂടെയാണ് വിദ്യയെ സംബന്ധിച്ച വിവരം ലഭിച്ചത്. വിവരം ചോരാതിരിക്കാൻ സുഹൃത്തിൻ്റേയും ബന്ധുക്കളുടേതടക്കം ഫോൺ പിടിച്ചെടുത്തു. തുടർന്ന് 8 കിലോമീറ്റർ മാറിയുള്ള സ്ഥലത്തു നിന്നാണ് വിദ്യയെ കസ്റ്റഡിയിലെടുത്തത്.

ഗൂഢാലോചനയ്ക്ക് പിന്നിൽ അട്ടപ്പാടി കോളേജ് പ്രിൻസിപ്പലെന്ന് വിദ്യ ആരോപിക്കുന്നു. ബയോഡാറ്റ എഴുതിയത് താൻ തന്നെയെന്ന് മൊഴി നൽകുന്ന വിദ്യ വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടില്ല എന്നും പറയുന്നു. പരസ്പരവൈരുധ്യമുള്ള മൊഴികളാണ് വിദ്യ നൽകുന്നത്. ബയോഡാറ്റയിലെ കയ്യക്ഷരവും ഒപ്പും തൻ്റേതു തന്നെയാണെന്ന് വിദ്യ സമ്മതിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ വ്യാജ സർട്ടിഫിക്കറ്റ് കണ്ടിട്ടേയില്ല. രാഷ്ട്രീയ വൈരാഗ്യം മൂലം കരുവാക്കിയെന്ന് വിദ്യയുടെ മൊഴിയിലെ പ്രധാന ആരോപണം. വ്യാജ സർട്ടിഫിക്കറ്റ് എവിടെയും നൽകിയിട്ടില്ല. മനപൂർവം കേസിൽ കുടുക്കി. പഠനത്തിൽ മിടുക്കിയായ തനിക്ക് വ്യാജ സർട്ടിഫിക്കറ്റിൻ്റെ ആവശ്യമില്ലെന്നും ഇവർ ആവർത്തിക്കുന്നു.