ഇവിടെ ചൂട് വെള്ളത്തിൽ കുളിക്കുന്നത് കൊണ്ട് എന്തേലും നിയമ പ്രശ്നം ഉണ്ടോ ആവോയെന്ന് അരിത ചോദിച്ചു.
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഫർസീൻ മജീദിന് നേരെ കാപ്പ ചുമത്താൻ തീരുമാനിച്ചതിനെതിരെ കോണ്‍ഗ്രസ് നേതാവ് അരിത ബാബു. ഇവിടെ ചൂട് വെള്ളത്തിൽ കുളിക്കുന്നത് കൊണ്ട് എന്തേലും നിയമ പ്രശ്നം ഉണ്ടോ ആവോയെന്ന് അരിത ചോദിച്ചു.
നിയമ വ്യവസ്ഥയിൽ കാപ്പയുടെ പൂർണ്ണ മായാ അർഥം Kerala Anti-Social Activities(Prevention)Act എന്നല്ലേ? ഏതായാലും കാപ്പ ചുമത്തി നാടുകടത്തിയ കൊടും കുറ്റവാളിക്കൊപ്പം തന്നെയാണെന്നും കൊടും ഭീകരനൊപ്പം തന്നെയാണെന്നും അരിത ഫേസ്ബുക്കില്‍ കുറിച്ചു. ഫർസീൻ സ്ഥിരം കുറ്റവാളിയാണെന്നും നാടുകടത്തണമെന്നും ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് കമ്മീഷണർ, ഡിഐജിക്ക് കൈമാറിയിട്ടുണ്ട്.
മട്ടന്നൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച ഫർസീൻ മജീദിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത പൊലീസ്, ഒരു എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് കാപ്പ ചുമത്താനുള്ള നീക്കം തുടങ്ങിയത്. ഫർസീന് എതിരെ 19 കേസുകളുണ്ടെന്നും സ്ഥിരം കുറ്റവാളിയായ ഇയാളെ ജില്ലയിൽ നിന്നും നാടുകടത്തണമെന്നുമാണ് ആവശ്യം.
ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്താനുള്ള നീക്കത്തിനെതിരെ കടുത്ത വിമര്‍ശനമാണ് കോണ്‍ഗ്രസിന്‍റെ ഭാഗത്ത് നിന്ന് ഉയരുന്നത്. കാപ്പ ചുമത്തി നാടുകടത്തേണ്ടത് മുഖ്യമന്ത്രിയേയും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെയുമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി ആഞ്ഞടിച്ചു. അക്രമരാഷ്ട്രീയത്തിന്‍റെ ഉപാസകരാണ് ഇരുവരും. കൊലപാതകവും അക്രമവും സിപിഎം ശൈലിയും പാരമ്പര്യവുമാണ്. കൊന്നും കൊല്ലിച്ചും കേരള രാഷ്ട്രീയത്തില്‍ ഇടം കണ്ടെത്തിയവരാണ് ഇന്നത്തെ പല സിപിഎം നേതാക്കളും. എകെജി സെന്‍ററിലെ പടക്കമേറ് ഉള്‍പ്പെടെയുള്ള കേസുകളിലെ ആസൂത്രകനാണ് ജയരാജന്‍. പരാതിക്കാരനെതിരെ കാപ്പ ചുമത്തുന്ന ആഭ്യന്തരവകുപ്പ് രാജ്യത്തിന് തന്നെ നാണക്കേടാണ്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അക്രമിച്ച ഇപി ജയരാജന് പൊലീസ് സംരക്ഷണവും സുരക്ഷയും നല്‍കുമ്പോള്‍ കൊടിയ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന യൂത്ത് കോണ്‍ഗ്രസുകാരെ പ്രതിയാക്കുകയാണ് മുഖ്യമന്ത്രിയുടെ പൊലീസ് ചെയ്യുന്നത്. കോടതി ഉത്തരവിട്ടിട്ടും എല്‍ഡിഎഫ് കണ്‍വീനറെ ചോദ്യം ചെയ്യാന്‍ പോലും പൊലീസ് തയ്യാറാകുന്നില്ല.
സിപിഎം കേന്ദ്രങ്ങളുടെ ഉത്തരവുകള്‍ മാത്രം നടപ്പാക്കുന്ന മാനവും നാണവുമില്ലാത്ത ഒരു കൂട്ടം ഉദ്യോഗസ്ഥര്‍ പൊലീസ് സേനയെ സിപിഎമ്മിന്‍റെ പോഷക സംഘടനായാക്കി മാറ്റി. സ്വന്തം അണികളെ പോലും നിഷ്ഠൂരമായി വെട്ടിക്കൊല്ലുന്ന പ്രസ്ഥാനമായി സിപിഎം അധഃപതിച്ചു. പാലക്കാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്‍ വധക്കേസിലെ പ്രതികളുടെ വെളിപ്പെടുത്തല്‍ അതിന് തെളിവെന്നും രക്തസാക്ഷികളെ സൃഷ്ടിക്കുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്നും സുധാകരന്‍ പറഞ്ഞു.
