കാപ്പ ചുമത്തിയ സാഹചര്യത്തില്‍ ഇനി ആറ് മാസത്തേക്ക് കണ്ണൂരിൽ പ്രവേശിക്കാൻ അർജുൻ ആയങ്കിക്ക് സാധിക്കില്ല. സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിന് പുറമേ അടിപിടി കേസുകളിലും പ്രതിയാണ് അർജുൻ ആയങ്കി.

തിരുവനന്തപുരം: കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിക്കെതിരെ (Arjun Ayanki) കാപ്പ ചുമത്തി. സ്ഥിരം കുറ്റവാളിയാണെന്ന് കാട്ടി കമ്മീഷണർ നൽകിയ ശുപാർശ ഡിഐജി അംഗീകരിക്കുകയായിരുന്നു. കാപ്പ ചുമത്തിയ സാഹചര്യത്തില്‍ ഇനി ആറ് മാസത്തേക്ക് കണ്ണൂരിൽ പ്രവേശിക്കാൻ അർജുൻ ആയങ്കിക്ക് സാധിക്കില്ല. സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിന് പുറമേ അടിപിടി കേസുകളിലും പ്രതിയാണ് അർജുൻ ആയങ്കി.

ഡിവൈഎഫ്ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്ന അർജുൻ ചാലാട് കേന്ദ്രീകരിച്ചായിരുന്നു അക്രമ പ്രവർത്തനങ്ങൾ നടത്തിയത്. സിപിഐം ലീഗ്, സിപിഐഎം ബിജെപി സംഘർഷങ്ങളിൽ പ്രതിസ്ഥനാനത്തുണ്ടായിരുന്ന ആയങ്കി ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ ഡിവൈഎഫ്ഐ ഇയാളെ പുറത്താക്കി. പിന്നീടും നവ മാധ്യമങ്ങളിലെ അക്കൗണ്ടുകളിൽ സിപിഎം പ്രചാരണം സ്വന്തം നിലയ്ക്ക് നടത്തിയ അർജ്ജുൻ ഇതിനെ മറയാക്കി സ്വർണ്ണക്കടത്ത് ക്വട്ടേഷൻ പ്രവർത്തനങ്ങളിലേക്കും തിരിഞ്ഞു. കടത്തിക്കൊണ്ടുവരുന്ന സ്വർണ്ണം ക്യാരിയറെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ആക്രമിച്ചും തട്ടിയെടുക്കുകയാണ് അർജുനും സംഘവും ചെയ്തുവന്നത്. ഇതിനായി ടിപി വധക്കേസ് പ്രതികളായ കൊടിസുനിയുമായും ഷാഫിയുമായും ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുമായും ചേർന്നു. 

ഗൾഫിലും കേരളത്തിലുടനീളവും അർജുൻ ആയങ്കി നെറ്റ് വർക്ക് ഉണ്ടാക്കി. കരിപ്പൂരിൽ ഇങ്ങനെയൊരു ക്വട്ടേഷൻ കേസിൽ കഴിഞ്ഞ വർഷമാണ് അർജുൻ ആയങ്കി കസ്റ്റംസിന്‍റെ പിടിയിലായത്. 2021 ജൂൺ 28 അറസ്റ്റിലായ അ‍ർജുൻ ആയങ്കി ഇപ്പോൾ ജാമ്യത്തിൽ കഴിയുകയാണ്. ആയങ്കിക്കെതിരെയും ആകാശ് തില്ലങ്കേരിക്കെതിരെയും മെയ് മാസം ആദ്യം ഡിവൈഎഫ്ഐയും പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ കമ്മീഷണർ ശുപാർശ നൽകുന്നത്. Also Read:മനുവിനെതിരായ ആരോപണത്തെ ഡിവൈഎഫ്ഐ ഏറ്റെടുക്കേണ്ട; ആജീവനാന്തം വേട്ടയാടാമെന്നത് ന്യായമല്ലെന്നും അർജുൻ ആയങ്കി

അർജുൻ ആയങ്കി മുമ്പും 'സ്വർണ്ണക്കടത്ത് പൊട്ടിക്കൽ' നടത്തിയതിന് തെളിവുകൾ; വെളിപ്പെടുത്തി കസ്റ്റംസ്

കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിൽ ഉൾപെട്ട അർജുൻ ആയങ്കി നേരത്തേയും നിരവധി സ്വർണ്ണക്കടത്ത് പൊട്ടിക്കൽ നടത്തിയതിന്റെ തെളിവുകൾ കിട്ടിയെന്ന് കസ്റ്റംസ്. അർജുൻ ആയങ്കിയും ടിപി വധക്കേസ് പ്രതികളും പാർട്ടിയെ മറയാക്കി നടത്തിയ ക്വട്ടേഷൻ പ്രവ‍‍ർത്തനങ്ങൾ തിരിച്ചറിഞ്ഞ സിപിഎം ഇവരെ ഒറ്റപ്പെടുത്താൻ മാസങ്ങൾ നീണ്ട പ്രചാരണമാണ് കണ്ണൂര്‍ ജില്ലയിൽ നടത്തിയത്.

2021 ജൂൺ 21 ന് കരിപ്പൂ‍ർ വിമാനത്താവളത്തിന് പുറത്ത് ചുവന്ന സ്വിഫ്റ്റ് കാറിൽ കാത്തുനിന്നയാളാണ് അർജുൻ ആയങ്കി. രാത്രികാലങ്ങളിൽ സ്വർണ്ണം കടത്തുകയും മറ്റ് ക്യാരിയർമാരെ അക്രമിച്ചും സ്വാധീനിച്ചും സ്വ‍ർണ്ണം കൈക്കലാക്കുകയും ചെയ്യുന്ന കുറ്റവാളിയാണ് ഇയാളെന്ന് കേട്ട് കണ്ണൂരുകാർ അമ്പരന്നുപോയതിന് ഒരു കാരണമുണ്ട്. സമൂഹമാധ്യമങ്ങളിൽ സിപിഎമ്മിനായി പ്രചാരണം നടത്തിയിരുന്ന സൈബർ പോരാളിയായിരുന്നു ആയങ്കി. കൂട്ടാളികളാകട്ടെ ടിപി വധക്കേസ് കേസ് പ്രതികളായ കൊടി സുനി, കിർമ്മാണി മനോജ്, മുഹമ്മദ് ഷാഫി. ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. കസ്റ്റംസ് നടത്തിയ അന്വേഷണത്തിൽ ഇതിന് മുമ്പ് പലതവണ സ്വർണ്ണം പൊട്ടിക്കൽ ക്വട്ടേഷൻ അ‍ർജുൻ നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി.

സിപിഎമ്മിനെ കവചമാക്കി ഇവർ ക്വട്ടേഷൻ വിവരങ്ങൾ പുറത്ത് വന്നതോടെ പാർട്ടി ശുദ്ധീകരണം തുടങ്ങി. ജില്ലാ സെക്രട്ടറി വാർത്താ സമ്മേളനം വിളിച്ച് അർജ്ജുൻ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവരടക്കം 20ലേറെ വരുന്ന ക്വട്ടേഷൻ സംഘാംഗങ്ങളുടെ പേരടക്കം പുറത്തുവിട്ടു. ജില്ലയിലെ മൂവായിരത്തി എണ്ണൂറ്റി ഒന്ന് കേന്ദ്രങ്ങളിൽ പ്രചാരണവും നടത്തി. അപ്പോഴും ആകാശ് തില്ലങ്കേരി ഉൾപെടെയുള്ളവർ സ്വന്തം നിലയിൽ പാർട്ടി പ്രചാരണം ഫേസ്ബുക്കിൽ തുടർന്നു.

ഇതിനിടെ ക്വട്ടേഷൻ പ്രവർത്തനങ്ങളെ മുന്നിൽ നിന്ന് എതിർത്ത അന്നത്തെ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് മനു തോമസിനെ അപകീർത്തിപ്പെടുത്തിയതിന് അ‍ർജ്ജുനും ആകാശിനും എതിരെ ഡിവൈഎഫ്ഐ പൊലീസിന് പരാതി നൽകി. ഏറ്റവുമൊടുവില്‍ സിപിഎമ്മിന്റെ രാഷ്ട്രീയ സമ്മർദ്ദം മൂലമാണ് അർജ്ജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ പൊലീസ് തീരുമാനിച്ചതെന്നാണ് വിവരം.

Also Read: 'വിരട്ടൽ വേണ്ട, സംഘടനയെ മറയാക്കി സ്വർണ്ണക്കടത്തും ഇനി നടക്കില്ല', ഡിവൈഎഫ്ഐയുടെ മറുപടി