Asianet News MalayalamAsianet News Malayalam

ഓണക്കാലം കൺസ്യൂമർഫെഡിനൊപ്പം; 300 കോടിയുടെ വിപണി ലക്ഷ്യമിട്ട്  3500 വിപണന കേന്ദ്രങ്ങളെന്ന് മന്ത്രി

സെപ്റ്റംബർ രണ്ടു മുതൽ 10 വരെയാണ് വിപണി. 26 ലക്ഷം കുടുംബങ്ങൾക്ക് വിലക്കുറവിൽ സാധനം എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. 200 കോടി രൂപയുടെ 13 ഇനം സബ്‌സിഡി സാധനങ്ങളാണ് വിപണിയിൽ ഒരുക്കിയിട്ടുള്ളത്

kadakampally surendran on consumerfed onam schedule
Author
Thiruvananthapuram, First Published Sep 2, 2019, 8:46 PM IST

തിരുവനന്തപുരം: ഓണക്കാലത്ത് കൺസ്യൂമർഫെഡ് ലക്ഷ്യമിടുന്നത് 300 കോടി രൂപയുടെ വിപണിയാണെന്നും സംസ്ഥാനത്താകെ 3500 വിപണന കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സഹകരണ ഓണം വിപണിയുടെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം സ്റ്റാച്യു ജംഗ്ഷനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സെപ്റ്റംബർ രണ്ടു മുതൽ 10 വരെയാണ് വിപണി. 26 ലക്ഷം കുടുംബങ്ങൾക്ക് വിലക്കുറവിൽ സാധനം എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. 200 കോടി രൂപയുടെ 13 ഇനം സബ്‌സിഡി സാധനങ്ങളാണ് വിപണിയിൽ ഒരുക്കിയിട്ടുള്ളത്. 60 കോടി രൂപയാണ് സർക്കാർ സബ്‌സിഡിയിനത്തിൽ നൽകിയിരിക്കുന്നത്. ഗുണനിലവാരം ഉറപ്പാക്കിയാണ് സാധനങ്ങൾ വിപണിയിൽ എത്തിച്ചിരിക്കുന്നത്. പ്രദേശികതലത്തിൽ കർഷകർ ഉത്പാദിപ്പിക്കുന്ന ജൈവപച്ചക്കറി വാങ്ങി വിപണനം നടത്തുമെന്ന് മന്ത്രി പറഞ്ഞു.

സബ്‌സിഡി സാധനങ്ങൾക്ക് പുറമെയുള്ള മറ്റു നിത്യോപയോഗ സാധനങ്ങൾ 30 ശതമാനം വരെ വിലക്കുറവിലാണ് സഹകരണ വിപണിയിൽ ലഭിക്കുക. പൊതുവിപണിയിൽ 800 രൂപ വരെ ചെലവഴിച്ച് വാങ്ങുന്ന സാധനങ്ങൾ 500 രൂപയ്ക്ക് സഹകരണ വിപണിയിൽ നിന്ന് ലഭിക്കും. അരി, വെളിച്ചെണ്ണ എന്നിവയുൾപ്പെടെ എല്ലാ സാധനങ്ങൾക്കും വലിയ വിലക്കുറവാണ് വിപണിയിൽ. കിലോയ്ക്ക് 200 രൂപയിലധികം വിലയുള്ള വെളിച്ചെണ്ണ 92 രൂപയ്ക്കും ജയ അരി ഒരു കാർഡിന് അഞ്ച് കിലോ വരെ 25 രൂപയ്ക്കും ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ആദ്യ വില്പന മന്ത്രി നിർവഹിച്ചു.

വി എസ് ശിവകുമാർ എം എൽ എ അധ്യക്ഷത വഹിച്ചു. പായസ കിറ്റിന്റെ ആദ്യ വിൽപന അദ്ദേഹം നിർവഹിച്ചു. കൗൺസിലർ വഞ്ചിയൂർ പി ബാബു, കൺസ്യൂമർഫെഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ലേഖ സുരേഷ്, അസി. രജിസ്ട്രാർ ഷെരീഫ്, റീജ്യണൽ മാനേജർ ടി എസ് സിന്ധു എന്നിവർ പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios