ദില്ലി: സംസ്ഥാന സഹകരണ മേഖല നേരിടുന്ന പ്രശ്നങ്ങൾ കേന്ദ്രസര്‍ക്കാരിന്‍റെ ശ്രദ്ധയിൽ പെടുത്തിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.  പ്രളയത്തിന്റെ പശ്ചാത്തലത്തിൽ, വായ്പകളുടെ മൊറട്ടോറിയം കാലാവധി  ഒരു സാമ്പത്തികവർഷം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ടു. കാർഷിക കാർഷികേതര കടങ്ങൾ പുനക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.

ആയിരം കോടി രൂപയുടെ പുതിയ വായ്പ  നബാർഡ് മുഖേന  കേരളത്തിന് നൽകണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നബാർഡ് നൽകുന്ന ദീർഘകാല വായ്പയുടെ കാലാവധി അഞ്ചില്‍ നിന്ന് 15 വർഷമായി പുനക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

പ്രളയക്കെടുതി വിലയിരുത്താൻ കേന്ദ്ര സംഘം കേരളത്തിലെത്തും. അവരെത്തുന്ന തീയതി അറിയിച്ചിട്ടില്ല. സംഘത്തിന് ലഭിക്കുന്ന നിവേദനത്തിന്റെ കൂടി അടിസ്ഥാനത്തിലാകും  തീരുമാനമെടുക്കുക. സംയോജിത സഹകരണ വികസന പദ്ധതി നടപ്പാക്കുന്നതിന്  എൻസിഡിസി വായ്പ കുറയ്കണമെന്നാവശ്യപ്പെട്ടു. 12.5 ശതമാനത്തിൽ നിന്ന് എട്ട് ശതമാനമെങ്കിലുമാക്കി കുറയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.