Asianet News MalayalamAsianet News Malayalam

'ശബരിമലയിലെ തിരുവാഭരണം സര്‍ക്കാര്‍ സുരക്ഷയില്‍'; ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്ന് കടകംപള്ളി

കൂടുതല്‍ സുരക്ഷ ആവശ്യം ആണെന്ന് സുപ്രീം കോടതി പറഞ്ഞാൽ ചെയ്യും.  ദേവസ്വം ബോർഡുമായി ആലോചിച്ചു റിപ്പോർട്ട്‌ കോടതിയിൽ സമർപ്പിക്കുമെന്നും മന്ത്രി 

Kadakampally Surendran says ornament of god in sabarimala is secured
Author
Trivandrum, First Published Feb 6, 2020, 9:22 AM IST

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്‍റെ തിരുവാഭരണം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സർക്കാരിന്‍റെ സുരക്ഷയിൽ ആണ് തിരുവാഭരണം പന്തളം കൊട്ടാരത്തിൽ ഇരിക്കുന്നത്. കൂടുതല്‍ സുരക്ഷ ആവശ്യം ആണെന്ന് സുപ്രീം കോടതി പറഞ്ഞാൽ ചെയ്യും.  ദേവസ്വം ബോർഡുമായി ആലോചിച്ചു റിപ്പോർട്ട്‌ കോടതിയിൽ സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ശബരിമല ക്ഷേത്രത്തിന്‍റെ തിരുവാഭരണം പന്തളം രാജകുടുംബം കൈവശം വെക്കുന്നത് സുപ്രീംകോടതി ഇന്നലെ ചോദ്യം ചെയ്‍തിരുന്നു. 

തിരുവാഭരണം അയ്യപ്പന്‍റേതാണോ, രാജകുടുംബത്തിന്‍റേതാണോ എന്നായിരുന്നു ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ കോടതി ചോദിച്ചത്.  തിരുവാഭരണം ദൈവത്തിന് നൽകിക്കഴിഞ്ഞാൽ പിന്നീട് തിരിച്ചെടുക്കാനാകില്ല. തിരുവാഭരണം ക്ഷേത്രത്തിന് കൈമാറാനും അത് പരിപാലിക്കാൻ പ്രത്യേക ഓഫീസറെ നിയമിക്കാനും ഉള്ള നിര്‍ദ്ദേശം അംഗീകരിക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ഇതിന് തിരുവാഭരണം ഏറ്റെടുക്കാൻ തയ്യാറാണെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ മറുപടി നൽകിയത്. ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനം വെള്ളിയാഴ്ചയ്‍ക്കകം അറിയിക്കാൻ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. 

തിരുവാഭരണത്തിന്‍റെ ഉടമസ്ഥാവകാശത്തെ ചൊല്ലി പന്തളം രാജകുടുംബത്തിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള തര്‍ക്കത്തിൽ കോടതി അതൃപ്തി അറിയിക്കുകയും ചെയ്‍തിരുന്നു. ശബരിമല ക്ഷേത്രത്തിന്‍റെ ഭരണനിര്‍വ്വഹണത്തിനായി പ്രത്യേക നിയമം കൊണ്ടുവരണമെന്ന് നേരത്തെ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനായുള്ള കരട് തയ്യാറാക്കിവരികയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ മറുപടി നൽകി. കരട് തയ്യാറാക്കുന്ന നടപടികൾ പൂര്‍ത്തിയാക്കാൻ നാലാഴ്ചത്തെ സമയം കൂടി സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതിന്‍റെ പുരോഗതിയും വെള്ളിയാഴ്ച സുപ്രീംകോടതി പരിശോധിക്കും. ക്ഷേത്ര ഭരണത്തിലെ അവകാശം ഉന്നയിച്ച് പന്തളം രാജകുടുംബാംഗം പി രാമവര്‍മ്മ നൽകിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ.
 

Follow Us:
Download App:
  • android
  • ios