തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ നടത്തിപ്പിൽ തിരുവിതാംകൂർ രാജകുടുംബത്തിന് അവകാശമുണ്ടെന്ന സുപ്രീംകോടതി വിധി അംഗീകരിക്കുന്നതായി ദേവസ്വം ബോർഡ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സുപ്രീംകോടതി വിധിയെ സർക്കാർ അംഗീകരിക്കുന്നു. വിധിയെ മാനിക്കുക എന്നത് സർക്കാരിൻ്റെ ഉത്തരവാദിത്തമാണ്. 

വിധിയുടെ വിശദരൂപം പുറത്തുവന്ന ശേഷം ഇതേക്കുറിച്ച് പഠിച്ച സർക്കാർ തുടർനടപടി സ്വീകരിക്കും. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തെ സംബന്ധിച്ചുള്ള സർക്കാർ നിലപാട് വ്യക്തമാണെന്നും മന്ത്രി വ്യക്തമാക്കി.സുപ്രീം കോടതി വിധി മാനിക്കുകയും നടപ്പാക്കുകയും ആണ് സർക്കാർ ചെയ്യുകയെന്നും സർക്കാർ റിവ്യൂ ഹർജി പോകുമോ എന്ന ചോദ്യത്തിനുള്ള മറുപടിയായി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. 

ഗുരുവായൂർ ദേവസ്വം ബോർഡ് മാതൃകയിൽ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൻ്റെ നടത്തിപ്പിനായി പ്രത്യേക സമിതി രൂപീകരിക്കാൻ തയ്യാറാണെന്ന് നേരത്തെ സർക്കാർ സുപ്രീംകോടതിയിൽ നിർദേശിച്ചിരുന്നു. എന്നാൽ അന്തിമവിധി വന്നപ്പോൾ ശബരിമലയിലെ സുപ്രീംകോടതി വിധി നടപ്പാക്കിയപ്പോൾ ഉണ്ടായ മുൻഅനുഭവം കണക്കിലെടുത്ത് കരുതലോടെ നീങ്ങാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.