തിരുവനന്തപുരം: കൊവിഡിനെതിരായ പോരാട്ടം ലോകത്തിന് മുന്നിൽ കേരള ടൂറിസത്തിന് പുതിയ മേൽവിലാസം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കൊവിഡ് വ്യാപനം ഒന്നു ഒതുങ്ങിയാൽ ഉടൻ കേരളത്തിലെ വിനോദസഞ്ചാരമേഖലയിലേക്ക് സഞ്ചാരികളെ ആകർഷിക്കാനായി വ്യാപക പ്രചാരണം സർക്കാർ ആരംഭിക്കും.

രാജ്യത്തെ കൊവിഡ് ബാധ അടങ്ങിയാൽ വൈകാതെ തന്നെ അഭ്യന്തര വിനോദസഞ്ചാരികൾ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിൻ്റെ കരകയറാൻ കേരളം പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു കടകംപള്ളി. 

കരകയറാൻ കേരളം പരിപാടിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ - 

ആലപ്പുഴ, കൊല്ലം, കുമരകം മേഖലകളിലായി വ്യാപിച്ചു കിടക്കുന്ന കായൽ ടൂറിസം മേഖല വളരെയേറെ ബുദ്ധിമുട്ടുകളാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി നേരിടുന്നത്. നിപ്പ, ഓഖി, പ്രളയങ്ങൾ, കൊറോണ എന്നിവ കാരണം കായൽ ടൂറിസം തകർന്ന അവസ്ഥയിലാണ്.  പ്രതിസന്ധി കാരണം ജീവിതം വഴി മുട്ടി നിൽക്കുന്ന കായൽ ടൂറിസം മേഖലയിലെ തൊഴിലാളികളെ രക്ഷിക്കാൻ എന്തെങ്കിലും പദ്ധതി സർക്കാർ പ്രഖ്യാപിക്കുമോ ? - ജോസ് കുട്ടി, ഹൗസ് ബോട്ട്സ് അസോസിയേഷൻ

ഇതുവരെ ഇല്ലാത്ത തരം പ്രതിസന്ധികളാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരളം തുടർച്ചയായി നേരിടുന്നത്. എന്നിട്ടും ഇതിൽ നിന്നെല്ലാം നാം പെട്ടെന്ന് കരകയറി. എന്നാൽ ഈ പ്രകൃതി ദുരന്തങ്ങളും വൈറസ് വ്യാപനവുമെല്ലാം എറ്റവും ​ഗുരുതരമായി ബാധിച്ചത് കേരളത്തെയാണ്. കൊറോണ ലോകത്ത് വ്യാപിച്ചു തുടങ്ങുന്ന സമയത്ത് കേരളത്തിൽ ടൂറിസം ഓഫ് സീസണാണ്. എന്നിട്ടും 8000-ത്തോളം പേ‍ർ കേരളത്തിലുണ്ടായിരുന്നുവെന്നത് പ്രളയത്തിന് ശേഷം നാം എങ്ങനെ തിരിച്ചെത്തി എന്നതിന് സൂചനയാണ്. 

വേമ്പനാട്ടിലും ആലപ്പുഴയിലുമായി എത്രമാത്രം പുരവഞ്ചികളാണ് ഇന്ന് കറങ്ങി നടക്കുന്നതെന്ന് നമ്മുക്ക് യാതൊരു കണക്കുമില്ല. പുരവഞ്ചികളുടെ ഈ ബാഹുല്യം അവരുടെ വരുമാനത്തേയും ബാധിച്ചിട്ടുണ്ട്. ഇതിനൊരു നിയന്ത്രണം കൊണ്ടു വരാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. സാമൂഹത്തിലെ താഴേത്തട്ടിലുള്ളവരുടെ ജീവിതം മെച്ചപ്പെടുത്താനാണ് ഈ ഘട്ടത്തിൽ സർക്കാർ ശ്രമിക്കുന്നുണ്ട്. ഈ രാജ്യത്ത് മറ്റൊരു സർക്കാരും ചെയ്യാൻ തുനിയാത്ത കാര്യങ്ങളാണ് വിവിധ മേഖലയിലെ ദുർബല വിഭാ​ഗങ്ങൾക്കായി സർക്കാർ ചെയ്തത്. 

ടൂറിസം മേഖലയുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 15 ലക്ഷത്തോളം പേരുണ്ട്. ഇവർക്കെല്ലാം എന്തെങ്കിലും ആശ്വാസം നൽകാൻ സർക്കാർ ശ്രമിക്കുകയാണ്. കൊറോണ വ്യാപനം ഒന്നു അടങ്ങിയാൽ ഉടനെ തന്നെ കേരത്തിലെ ടൂറിസം മേഖലയുടെ തിരിച്ചു വരവിന് കളമൊരുക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ സർക്കാർ ആരംഭിക്കും. കൊവിഡ് വൈറസ് വ്യാപിക്കുന്ന ഘട്ടത്തിൽ കേരളത്തിലുണ്ടായിരുന്ന വിദേശികൾ പറഞ്ഞ വാക്കുകളാണ് കേരള ടൂറിസത്തിൻ്റെ ഇനിയുള്ള മേൽവിലാസം.

ഞാൻ ടൂറിസം മേഖലയിൽ ഇരുപത് വർഷമായി ജോലി ചെയ്യുന്ന ഒരു ​ഗൈഡാണ്. പല കടമ്പകളും കടന്ന ശേഷമാണ് നമ്മുക്കൊരു ​ഗൈഡ് ലൈസൻസ് കിട്ടുന്നത്. പക്ഷേ ലൈസൻസുള്ളത് കൊണ്ടു മാത്രം ഒരു മാസവരുമാനം ഉറപ്പിച്ചു കൊണ്ട് ഈ മേഖലയിൽ ജോലി ചെയ്യാൻ പറ്റില്ല. സ്വകാര്യ കമ്പനികളെ തന്നെ ആശ്രയിക്കേണ്ടി വരും. ഇപ്പോൾ കൂടുതൽ പേർ ടൂറിസം ​ഗൈഡായി ഈ രം​ഗത്തേക്ക് വരുന്ന അവസരത്തിൽ നമ്മൾ വലിയ പ്രതിസന്ധി നേരിടുകയാണ്. നിലവിലെ സാഹചര്യത്തിൽ അടുത്ത ഒരു വർഷത്തേക്ക് ടൂറിസം സീസൺ സജീവമായിരിക്കാൻ സാധ്യതയില്ല. സർക്കാർ സഹായം ലഭിക്കാതെ. ഞങ്ങൾക്ക് മുന്നോട്ട് പോകാനാവില്ല - ഹനീഫ, ടൂറിസം ​ഗൈഡ്. 

ഹനീഫ ഇത്രയും നിരാശ വേണ്ട. ഒരു വർഷമൊന്നും വേണ്ട വളരെ പെട്ടെന്നു തന്നെ നാം തിരിച്ചു വരും. നിപ്പയും പ്രളയവും ഓഖിയും കേരളത്തെ മാത്രം ബാധിച്ചതാണെങ്കിൽ ഇതു ലോകത്തെ മൊത്തം ബാധിച്ച പ്രശ്നമാണ്. എന്നിട്ടും നമ്മുടേതായ രീതിയിൽ നാം തിരിച്ചെത്തി. തീർച്ചയായും കൊവിഡിനെ നാം നേരിട്ട രീതി നമ്മുക്ക് ​ഗുണം ചെയ്യും. രാജ്യത്തെ വിവിധ ഭാ​ഗങ്ങളിൽ നിന്നും അധികം വൈകാതെ തന്നെ കൂടുതൽ ടൂറിസ്റ്റുകൾ ഇവിടെ എത്തും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. 

ഞാൻ ഒരു ഹോട്ടലിൽ സപ്ലൈയറാണ്. മക്കളും എന്നെ പോലെ ദിവസക്കൂലിക്കാരാണ്. പക്ഷേ ഞങ്ങളാരും തന്നെ ഒരു ക്ഷേമനിധിയിലും ഇല്ല. അതിനാൽ തന്നെ ഞങ്ങൾക്ക് ആർക്കും യാതൊരു ആനുകൂല്യവും ലഭിക്കുന്നില്ല - സലീം, കോതമം​ഗലം

ക്ഷേമനിധികളിലൂടെയാണ് അസംഘടിതരായ തൊഴിലാളികൾക്ക് ആശ്വാസം നൽകാൻ ശ്രമിക്കുന്നത്. എന്നാൽ ക്ഷേമനിധികളിൽ അം​ഗമല്ലാത്ത നിരവധിയാളുകൾ കേരളത്തിലുണ്ട്. ഇവരുടെ കണക്ക് ഇപ്പോൾ സർക്കാർ എടുത്തു കൊണ്ടിരിക്കുകയാണ് ഇവർക്ക് ചെറിയ തോതിലെങ്കിലും സഹായം നൽകാൻ സർക്കാർ ശ്രമിക്കുകയാണ്. 

 ഞാൻ ഡോർ ഡു ഡോർ ബിസിനസ് ചെയ്യുന്ന ഒരാളാണ്. വീട്ടുപകരണങ്ങൾ വാഹനങ്ങളിൽ വിൽപന ചെയ്യുന്നതാണ് എൻ്റെ ജോലി. ഇപ്പോൾ ലോക്ക് ഡൗൺ കാരണം പ്രത്യേകിച്ച് വരുമാനമില്ല. നിലവിൽ വലിയ ദയനീയ അവസ്ഥയാണ്. ഈ സാഹചര്യത്തിൽ സഹകരണബാങ്ക് വഴി ഒരു പലിശ രഹിത വായ്പ നൽകാൻ സാധിക്കുമോ - ഷാജി, ശൂരനാട്

ഷാജി... ഷാജിയുടെ ഭാര്യ ഏതെങ്കിലും കുടുംബശ്രീ യൂണിറ്റിൽ അം​ഗമാണെങ്കിൽ പലിശരഹിത വായ്പ ലഭിക്കും. രണ്ടായിരം കോടി രൂപയുടെ വായ്പാ പദ്ധതി ഇതിനായി മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. പലിശ സർക്കാർ നൽകാം എന്ന വ്യവസ്ഥയിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. 

പൂവാറിലെ ടൂറിസം ബോട്ടിം​ഗിലാണ് ഞാൻ പ്രവർത്തിക്കുന്നത്. ഹൃദ്രോ​ഗിയായതിനാൽ മറ്റു കഠിന്യമേറിയ ജോലി ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. എനിക്കിപ്പോൾ ജോലിയില്ല. അവശ്യം വേണ്ട മരുന്ന് പോലും വാങ്ങാൻ പറ്റാത്ത അവസ്ഥയാണ്. ഞാൻ ക്ഷേമനിധികളിലൊന്നിലും അം​ഗമല്ല. എനിക്ക് എന്തെങ്കിലും സഹായം നൽകാൻ സാറിന് സാധിക്കുമോ  - രാജു, പൂവാ‍ർ

നമ്മുടെ പല തൊഴിലാളികൾക്കും പറ്റുന്ന അബദ്ധമാണിത്. ഇനിയെങ്കിലും എല്ലാവരും കൃത്യമായി തൊഴിലാളി ക്ഷേമനിധികളിൽ ചേരാൻ ശ്രദ്ധിക്കണം. താങ്കൾക്ക് മരുന്ന് ലഭിക്കാത്ത അവസ്ഥയുണ്ടെങ്കിൽ തീർച്ചയായും നമ്മുക്ക് പരിഹരിക്കാം. 

ഞങ്ങൾ സഹകരണബാങ്കിൽ നിന്നും വായ്പ എടുത്തിട്ടുണ്ട്. എന്നാലിപ്പോൾ മൂന്ന് മാസത്തേക്ക് വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടല്ലോ. എന്നാൽ ഞങ്ങളുടെ മാസശമ്പളത്തിൽ  നിന്നും ഈ മാസവും വായ്പയുടെ അടവ് പിടിച്ചിട്ടുണ്ട്. എന്നാൽ മൊറട്ടോറിയം പ്രഖ്യാപിച്ചതിനാൽ ഈ മൂന്ന് മാസങ്ങളിൽ അടവ് തുക പിടിക്കരുതെന്ന് വായ്പ എടുത്ത ചെങ്കൽ സർവ്വീസ് സഹകരണബാങ്ക് ഭാരവാഹികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അങ്ങനെയൊരു ഇളവ് സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. ഈ മാസവും അടുത്ത മാസവും സാലറിയിൽ നിന്നും വായ്പ അടവ് പിടിക്കും എന്നാണ് അവർ പറയുന്നത്. ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ - സജികുമാർ, നെയ്യാറ്റിൻകര

ഈ ചെങ്കൽ സർവ്വീസ് സഹകരണ ബാങ്കിന് മാത്രമായി പ്രത്യേകം കൊമ്പൊന്നുമില്ല. എല്ലാ വായ്പകൾക്കും മൂന്ന് മാസത്തെ സാവകാശം സർക്കാർ കൊടുത്തിട്ടുണ്ട്. വായ്പകൾക്ക് പലിശ കൊടുക്കേണ്ടി വരും അതും ഒഴിവാക്കണം എന്ന് ആർബിഐയോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ഇതുവരെ തീരുമാനം വന്നിട്ടുണ്ട്. എന്നാൽ വായ്പ അടവിൻ്റെ കാര്യത്തിൽ മൂന്ന് മാസത്തെ അവധി സർക്കാർ റിസ്കിൽ എല്ലാവർക്കും ലഭ്യമാക്കിയിട്ടുണ്ട്. അതു തടയാൻ ആർക്കും അധികാരമില്ല. ചെങ്കൽ സർവീസ് സഹകരണബാങ്കിലെ ആരെങ്കിലും എന്നെ കേൾക്കുന്നുവെങ്കിൽ സജു കുമാറിൻ്റെ പ്രശ്നത്തിൽ ഉടൻ പരിഹാരം കാണണം എന്ന് ആവശ്യപ്പെടുന്നു. അല്ലാത്ത പക്ഷം സജുകുമാറിന് സർക്കാരിന് പരാതി നൽകാം. ഇക്കാര്യത്തിൽ കർശന നടപടി തന്നെ സർക്കാരിൽ നിന്നുണ്ടാവും. 

കൊറോണയുടേയും ലോക്ക് ഡൗണിന്റേയും പശ്ചാലത്തലത്തിൽ ആ​ഗോളതലത്തിൽ ടൂറിസം മേഖല തകർന്നു കിടക്കുകയാണ്. എപ്പോഴാണ് ഈ മേഖലയിൽ ഒരു തിരിച്ചു വരവിന് സാധ്യത എന്ന് ഇനിയും വ്യക്തമല്ല. ഈ വർഷം ഡിസംബർ സീസണോടെ മാത്രമേ ഇനി എന്തെങ്കിലും മടങ്ങി വരവിന് സാധ്യതയുള്ളൂ. 15 ലക്ഷത്തോളം കേരളത്തിലെ ടൂറിസം രം​ഗത്തുണ്ട്. 45000 കോടി രൂപയുടെ വരുമാനമാണ് ടൂറിസത്തിലൂടെ കേരള സർക്കാരിന് ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ ടൂറിസം മേഖലയെ നിലനിർത്താൻ പാക്കേജ് വരുമോ, ടൂറിസം മേഖലയിലെ തൊഴിലാളികൾക്ക് എന്തെങ്കിലും ആനുകൂല്യം ലഭിക്കുമോ - ഇ.എം.നജീബ്, വ്യവസായി.

കൊറോണയുടെ ആരംഭഘട്ടത്തിൽ തന്നെ നജീബ് അടക്കമുള്ളവരിൽ നിന്നും ഉപദേശം തേടിയാണ് സർക്കാർ മുന്നോട്ട് പോയത്. ലോകമാകെ കൊവിഡ് പ്രതിസന്ധിയിലാണ്.അതിൽ നിന്നും ഇന്ത്യയ്ക്കോ കേരളത്തിനോ വേറിട്ടു നിൽക്കാനാവില്ല. എന്തായാലും കൊവിഡ് പ്രതിസന്ധിയിലും ഭാവിയിലും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സർക്കാർ ആലോചനകൾ ആരംഭിച്ചിട്ടുണ്ട്. എങ്ങനെയാണ് നമ്മൾ കൊവിഡ് രോ​ഗികളെ നാം പരിചരിച്ചതും സംരക്ഷിച്ചതും എന്ന് നജീബിനും അറിയാം. അതൊക്കെ ഉയർത്തി കാട്ടി ഇനി ടൂറിസം പ്രചാരണം തന്നെ മാറ്റി പിടിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. 

ടൂറിസം മേഖലയുമായി വളരെ ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ് ഇവൻ്റ് മാനജേ്മെന്റ്. ഡെസ്റ്റിനേഷൻ ഇവൻ്റെസ്, മൈ ടൂറിസം എന്നിവയൊക്കെ കേരള ടൂറിസത്തിലെ പ്രധാന ആകർഷണങ്ങളാണ്. കൊവിഡ് പ്രതിസന്ധി തീർന്നാൽ ഈ മേഖലയുടെ പുനരുജ്ജീവനത്തിനായി സർക്കാർ എന്തെങ്കിലും പദ്ധതിയിടുന്നുണ്ടോ - രാജു കാടാമ്പുഴ, ജനറൽ സെക്രട്ടറി, ഇവൻ്റ് മാനേജ്മെൻ്റ

കൊവിഡ് പ്രതിസന്ധി തീർന്നാലുടൻ ഇക്കാര്യത്തിൽ സർക്കാർ നടപടി സ്വീകരിക്കും. മൈ ടൂറിസമൊക്കെ ഒന്നുമില്ലാത്ത അവസ്ഥയിൽ നിന്നും കഠിന പ്രയത്നം നടത്തിയാണ് നാം തിരികെ പിടിച്ചത്. തീർച്ചയായും വിദ​ഗ്ദ്ധരുമായി ആലോചിച്ച് വിശദമായ പദ്ധതികളുമായി സർക്കാർ ഈ രം​ഗത്ത് ഇടപെടും. 

ഈസ്റ്റ‍ർ പ്രമാണിച്ചുള്ള പരിപാടികൾ ഓൺലൈനിലൂടെ കാണിക്കുകയും അതെല്ലാം എഷ്യാനെറ്റ് അടക്കമുള്ള ചാനലുകളിലും വന്നതോടെ എല്ലാവർക്കും ഇതരമതസ്ഥർക്കടക്കം കാണാനും മനസിലാക്കാനും അവസരം ലഭിച്ചു. ഇതേ മാതൃകയിൽ പ്രധാന ക്ഷേത്രങ്ങളായ ​ഗുരുവായൂർ പോലെയുള്ള സ്ഥലത്ത് ഉദയാസ്തമയ പൂജയടക്കമുള്ള ചടങ്ങുകൾ വെബ് ലൈവായി കാണിച്ചാൽ എല്ലാവർക്കും കാണാൻ അവസരമുണ്ടാക്കില്ലേ. ഇക്കാര്യം സർക്കാരിന് ആലോചിക്കാവുന്നതല്ലേ. മൂന്ന് ദേവസ്വം ബോർഡുകളേയും ഇക്കാര്യത്തിൽ ആശ്രയിക്കാം.. - സ്വാമി സന്ദീപാനന്ദ​ഗിരി

സ്വാമി സന്ദീപാനന്ദ​ഗിരിയുടെ ഈ നിർദേശം നമ്മുക്ക് പരി​ഗണിക്കാവുന്നതാണ്. നിലവിൽ ശബരിമലയിലും ​ഗുരുവായൂരിലും വഴിപാടുകൾ ബുക്ക് ചെയ്യാൻഓൺ ലൈൻ സൗകര്യമുണ്ട്. ഇപ്പോൾ വത്തിക്കാനിൽ നിന്നും വന്ന പോലെ പ്രധാന ക്ഷേത്രങ്ങളിലെ പ്രധാന ചടങ്ങുകൾ ഓൺലൈനായി എല്ലാവർക്കും കാണാനുള്ള അവസരം ഒരുക്കുന്നതാണ്. 
 
പോത്തൻകോട് മേഖലയിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ ഇനി പിൻവലിക്കാൻ വഴിയുണ്ടോ..? ഇതേ പോലെ ചെറുകിട വ്യാപാരികൾക്ക് എന്തെങ്കിലും രീതിയുള്ള സഹായം ക്ഷേമനിധിയിലൂടെ നൽകാൻ സാധിക്കുമോ - സുധീന്ദ്രൻ, വ്യാപാരി, പോത്തൻകോട്

പോത്തൻകോട് കൊവിഡ് ബാധിച്ചു മരിച്ചയാൾക്ക് എങ്ങനെ രോ​ഗം വന്നുവെന്ന് കണ്ടെത്താൻ സാധിക്കാതെ വന്നതോടെയാണ് അവിടെ കർശനം നിയന്ത്രണം ഏർപ്പെടുത്തിയത്. അവിടെ എന്തായാലും കൂടുതൽ ഇളവുകൾ നൽകുന്ന കാര്യം ആരോ​ഗ്യവകുപ്പും ജില്ലാ ഭരണകൂടവുമായി ആലോചിച്ച ശേഷം തീരുമാനിക്കാം.