കോഴിക്കോട് കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിൽ, മുൻ ഡയറക്ടർ റെനീഷ് 100 പവൻ സ്വർണം വിറ്റതായി കണ്ടെത്തി. 18% പലിശ വാഗ്ദാനം ചെയ്ത് വാങ്ങിയ സ്വർണം ആദ്യം പണയപ്പെടുത്തുകയും പിന്നീട് വിൽക്കുകയുമായിരുന്നു.

കോഴിക്കോട്: കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിൽ മുൻ ഡയറക്ടർ റെനീഷ് സ്വർണം വിറ്റെന്ന് കണ്ടെത്തൽ. നിക്ഷേപമായി വാങ്ങിയ 100 പവൻ സ്വർണമാണ് വിറ്റത്. സ്വർണ നിക്ഷേപം വാങ്ങിയത് 18 ശതമാനം പലിശ വാഗ്ദാനം ചെയ്താണ്. ആദ്യം പണയം വെച്ച സ്വർണം പിന്നീട് വിൽക്കുകയായിരുന്നു. റെനീഷ് അടക്കം 3 പ്രതികളും റിമാൻഡിൽ തുടരുകയാണ്. ഇബ്രാഹിം ഹാജി എന്ന നിക്ഷേപകൻ തീ കൊളുത്തി ജീവനൊടുക്കിയതോടെയാണ് കടത്തനാട് ലേബർ സൊസൈറ്റിയിലെ തട്ടിപ്പ് പുറത്തായത്.

ഒരു കുടുംബത്തിലെ പലരുടേതുമായി 100 പവൻ സ്വർണമാണ് നിക്ഷേപമായി സ്വീകരിച്ചത്. ഇത് സഹകരണ സംഘത്തിന്‍റെ അക്കൌണ്ടിൽ എത്തിക്കാതെ റെനീഷ് മറ്റൊരു ബാങ്കിന്‍റെ അക്കൌണ്ടിൽ എത്തിച്ച് പണയപ്പെടുത്തി. പിന്നീട് സ്വകാര്യ ധ)നകാര്യ സ്ഥാപനത്തിലേക്ക് മാറ്റി. അവിടെ നിന്നും ജ്വല്ലറിയിൽ കൊണ്ടുപോയി വിറ്റെന്നാണ് കണ്ടെത്തൽ.

കഴിഞ്ഞ മാസമാണ് റെനീഷിനെ ഇടുക്കിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. റിമാൻഡിന് ശേഷം പൊലീസ് കസ്റ്റഡിയിൽ വിട്ടപ്പോൾ നടത്തിയ ചോദ്യംചെയ്യലിലാണ് ഇക്കാര്യം വ്യക്തമായത്. രണ്ട് കോടി 18 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് ഓഡിറ്റിൽ കണ്ടെത്തിയത്. ഇതുവരെ കണ്ടെത്തിയതിനേക്കാൾ കൂടുതൽ തട്ടിപ്പ് നടന്നു എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.