മലയാള വിഭാഗം പിഎച്ച്ഡി പ്രവേശനത്തില്‍ പട്ടികജാതി സംവരണം അട്ടിമറിച്ച് എസ്എഫ്ഐ നേതാവിന് പ്രവേശനം നൽകിയെന്നാണ് ആരോപണം. സംവരണ ചട്ടങ്ങള്‍ പാലിക്കാതെയാണ് പിഎച്ച്ഡി പ്രവേശനം നടപ്പാക്കിയതെന്ന് സര്‍വകലാശാല എസ് സി എസ് ടി സെല്‍ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കൊച്ചി: നിനിത കണിച്ചേരിയുടെ നിയമനത്തിന് പിന്നാലെ കാലടി സംസ്കൃത സർവകലാശാലയിലെ പിഎച്ച്ഡി പ്രവേശനവും വിവാദമാവുന്നു. മലയാള വിഭാഗം പിഎച്ച്ഡി പ്രവേശനത്തില്‍ പട്ടികജാതി സംവരണം അട്ടിമറിച്ച് എസ്എഫ്ഐ നേതാവിന് പ്രവേശനം നൽകിയെന്നാണ് ആരോപണം. സംവരണ ചട്ടങ്ങള്‍ പാലിക്കാതെയാണ് പിഎച്ച്ഡി പ്രവേശനം നടപ്പാക്കിയതെന്ന് സര്‍വകലാശാല എസ് സി എസ് ടി സെല്‍ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
2019- 2020 കാലയളവിൽ കാലടി സർവ്വകലാശാലയിൽ പി.എച്ച്.ഡി പ്രവേശനവുമായി ബന്ധപ്പെട്ട് മലയാള വിഭാഗത്തില്‍ 10 സീറ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. എന്നാല്‍ 2019 ഡിസംബർ പതിനാറിന് മലയാള വിഭാഗത്തിൽ ചേര്‍ന്ന റിസര്‍ച്ച് കമ്മിറ്റിയിൽ അഞ്ച് പേരെ കൂടി അധികമായി ഉള്‍പ്പെടുത്തണമെന്ന് തീരുമാനിച്ചു. ഇത് പ്രകാരം നേരത്തെ തെരഞ്ഞെടുത്ത പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ അഞ്ച് പേർ കൂടി ലിസ്റ്റിൽ ഇടം പിടിച്ചു. സംവരണ മാനദണ്ഡം അനുസരിച്ച് 15 പേരിൽ 3 പേർ പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെടുന്നവരായിരിക്കണമെന്നാണ് ചട്ടം. എന്നാൽ ഈ വ്യവസ്ഥ മറികടന്ന് എസ്.എഫ്.ഐയുടെ യൂണിവേഴ്‌സിറ്റി യൂണിയൻ ജനറല്‍ സെക്രട്ടറി കൂടിയായിരുന്ന കെ. വിദ്യയ്ക്ക് പ്രവേശനം അനുവദിച്ചെന്നാണ് ആരോപണം.
സംഭവവുമായി ബന്ധപ്പെട്ട് ദളിത് വിദ്യാർത്ഥി സംഘടന പ്രവർത്തകർ നൽകിയ പരാതിയിൽ എസ്എസിഎസ്ടി സെൽ അന്വേഷണം നടത്തി. വിദ്യ കെയുടെ അഡ്മിഷനായി സർവ്വകലാശാല സംവരണ ചട്ടങ്ങൾ അട്ടിമറിച്ചു എന്ന് വ്യക്തമാണെന്ന് സെൽ കണ്ടെത്തി. റിസർച്ച് കമ്മിറ്റി മിനുട്സ് തെറ്റായി വ്യാഖ്യാനിച്ചാണ് വകുപ്പ് അധ്യക്ഷൻ സർവ്വകലാശാലയെ വിവരം ധരിപ്പിച്ചതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ റിപ്പോർട്ടിന്മേൽ തുടർ നടപടിയുണ്ടായില്ല.
വിദ്യ കെയുടെ പി.എച്ച്.ഡി അഡിമിഷനുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നിട്ടില്ല എന്നും ഹൈക്കോടതി ഉത്തരവുമായി വന്ന വിദ്യാര്‍ത്ഥിയ്ക്ക് പ്രവേശനം നല്‍കുക മാത്രമാണ് ചെയ്തതെന്നുമാണ് സര്‍വ്വകലാശാലയുടെ വാദം. തനിക്കെതിരായ പരാതി അടിസ്ഥാന രഹിതമാണെന്നാണ് ആരോപണവിധേയായ കെ. വിദ്യ യുടെ പ്രതികരണം. ചട്ടങ്ങൾ പാലിച്ചാണ് അഡ്മിഷൻ നേടിയത്, മറ്റ് ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും വിദ്യ പറയുന്നു.
