5 ജില്ലകളിൽ നിന്ന് മാത്രമായി 40 ലധികം സീറ്റിൽ യു ഡി എഫിന് വിജയിക്കാൻ കഴിയുമെന്നാണ് ലക്ഷ്യ കാമ്പ് പ്രതീക്ഷിക്കുന്നത്. മലപ്പുറം, പാലക്കാട്, തൃശ്ശൂർ, ഇടുക്കി, എറണാകുളം ജില്ലകളിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നും 40 സീറ്റിലധികം നേടാനാകുമെന്നുമാണ് പ്രതീക്ഷ
ബത്തേരി: തദ്ദേശ തെരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന്‍റെ പശ്ചാത്തലത്തിൽ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയം നേടി അധികാരം ഉറപ്പിക്കാനുള്ള തന്ത്രപ്രധാനമായ ചർച്ചയിലാണ് കോണ്‍ഗ്രസ് പാർട്ടി. 2026 ൽ ഭരണമുറപ്പിക്കാൻ എന്തൊക്കെ ചെയ്യേണ്ടതുണ്ട് എന്ന ആലോചനയിൽ കേരളത്തിൽ പ്രധാനപ്പെട്ട നേതാക്കളൊക്കെയും വയനാട്ടിൽ ഒത്തുകൂടിയ 'ലക്ഷ്യ കാമ്പ്' ആദ്യ ദിവസം അവസാനിക്കുമ്പോൾ അധികാരം ഉറപ്പാണെന്ന നിലയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. 85 മണ്ഡലങ്ങളിൽ വിജയം ഉറപ്പാണെന്നാണ് കോൺഗ്രസിന്‍റെ വിലയിരുത്തൽ. മേഖല തിരിച്ചുള്ള അവലോകന യോഗത്തിൽ ആണ് ഈ വിലയിരുത്തൽ.
5 ജില്ലകളിൽ നിന്ന് മാത്രമായി 40 ലധികം സീറ്റിൽ യു ഡി എഫിന് വിജയിക്കാൻ കഴിയുമെന്നാണ് ലക്ഷ്യ കാമ്പ് പ്രതീക്ഷിക്കുന്നത്. മലപ്പുറം, പാലക്കാട്, തൃശ്ശൂർ, ഇടുക്കി, എറണാകുളം ജില്ലകളിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നും 40 സീറ്റിലധികം നേടാനാകുമെന്നുമാണ് പ്രതീക്ഷ. മധ്യകേരളത്തിൽ വൻ മുന്നേറ്റം ഉണ്ടാകുമെന്നാണ് ക്യാമ്പിലെ വിലയിരുത്തൽ. തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തൽ. 100 സീറ്റിലെ വിജയം ലക്ഷ്യമിട്ട് പ്രവർത്തിക്കാനുള്ള തന്ത്രങ്ങളാണ് ലക്ഷ്യ കാമ്പിൽ ഉയരുന്നത്. അമിത ആത്മവിശ്വാസം വരാതെ പ്രവർത്തനം വേണം എന്ന നിർദ്ദേശവും ക്യാമ്പിൽ ഉയർന്നിട്ടുണ്ട്.
ജില്ല തിരിച്ചുള്ള കണക്ക് കൂട്ടൽ
കാസർഗോഡ് - 3
കണ്ണൂർ - 4
കോഴിക്കോട് - 8
വയനാട് - 3
മലപ്പുറം - 16
പാലക്കാട് - 5
തൃശ്ശൂർ - 6
എറണാകുളം - 12
ഇടുക്കി - 4
കോട്ടയം - 5
ആലപ്പുഴ - 4
പത്തനംതിട്ട - 5
കൊല്ലം - 6
തിരുവനന്തപുരം - 4
സുനിൽ കനഗോലും ലക്ഷ്യ കാമ്പിൽ
അതേസമയം 'ലക്ഷ്യ ക്യാമ്പി'ൽ കോൺഗ്രസ് നേതാക്കൾ നിർണായക ചർച്ചകൾ നടത്തുമ്പോൾ തന്ത്രങ്ങൾ മെനയാൻ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവും എത്തിയിട്ടുണ്ട്. കോൺഗ്രസ് നേതൃയോഗത്തിലടക്കം സുനിൽ കനഗോലുവും പങ്കെടുക്കുന്നുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ മെനയാൻ കെ പി സി സി യോഗത്തിലടക്കം പങ്കെടുത്ത കനഗോലു, 100 സീറ്റ് നേടി അധികാരത്തിൽ തിരിച്ചെത്താമെന്ന കോൺഗ്രസ് മോഹത്തിൽ ബത്തേരി ക്യാമ്പിലും നിർണായകമാകുമെന്നാണ് വിലയിരുത്തൽ. കോൺഗ്രസ് സ്ഥാനാർഥികളുടെ ജയസാധ്യത സംബന്ധിച്ച പഠനമടക്കം കനഗോലുവാണ് നടത്തുന്നത്.


