Asianet News MalayalamAsianet News Malayalam

കഥകളിയുടെ മുഖശ്രീ ഗോപിയാശാൻ പറയുന്നു, 'ആ പെൻഷൻ തരണം, എന്‍റെ ഏകവരുമാനമാണ്'

ശാരീരികാവശതകളുണ്ട്, തന്‍റെയും കുടുംബത്തിന്‍റെയും ഏകവരുമാനമാർഗമാണ് ആ പെൻഷൻ തുക. ഉയർത്തിയ പെൻഷൻ അലവൻസ് ഇനിയെങ്കിലും തരണമെന്ന് കേരളത്തിന്‍റെ അഭിമാനമായ ഗോപിയാശാൻ പറയുമ്പോൾ സർക്കാർ നടപടിയെടുക്കുമോ?

Kalamandalam Gopi Aashan Still Waiting For The Pension Allowance For Artists From Kerala Government
Author
Palakkad, First Published Jan 19, 2022, 3:02 PM IST

പാലക്കാട്: 2019 മുതൽ പുതുക്കിയ പെൻഷൻ അലവൻസ് ഇതുവരെ കിട്ടിയിട്ടില്ലെന്ന് പത്മശ്രീ കലാമണ്ഡലം ഗോപി. ശാരീരികാവശതകൾ കാരണം തനിക്ക് വേദികളിൽ ഇനി കഥകളി അവതരിപ്പിക്കാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നും, ഈ പെൻഷനാണ് തന്‍റെയും കുടുംബത്തിന്‍റെയും ഏകവരുമാനമാർഗമെന്നും ഗോപിയാശാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൂന്ന് വർഷമായി മുടങ്ങിയ ഉയർത്തിയ പെൻഷൻ അലവൻസ് ഇനിയെങ്കിലും തരണമെന്ന് കേരളത്തിന്‍റെ അഭിമാനമായ ഗോപിയാശാൻ പറയുമ്പോൾ സർക്കാർ നടപടിയെടുക്കുമോ എന്ന ചോദ്യമാണുയരുന്നത്. സാംസ്കാരികമന്ത്രിയും ധനമന്ത്രിയും ഇതിൽ നടപടി സ്വീകരിക്കണമെന്നാണ് ഗോപിയാശാന്‍റെ അഭ്യർത്ഥന. അതേസമയം, ഇതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സാംസ്കാരികമന്ത്രി സജി ചെറിയാൻ വാർത്താക്കുറിപ്പിറക്കി. 

''കൊവിഡിനേക്കാൾ കൂടുതൽ എനിക്ക് ശാരീരികമായ അവശതകളുണ്ട്. അത് കാരണം പരിപാടികൾക്കൊക്കെ പോകാൻ ബുദ്ധിമുട്ടാണ്. ഈ പെൻഷൻ കൊണ്ട് മാത്രമാണ് എന്‍റെ ജീവിതവും എന്‍റെ കുടുംബത്തിന്‍റെ ജീവിതവും മുന്നോട്ട് പോകുന്നത്. പെൻഷൻ കൂട്ടിക്കിട്ടിയതിന് ശേഷം ഉള്ള അലവൻസ് നേരായ വഴിയിൽത്തന്നെ എത്രയും വേഗം എനിക്ക് അനുവദിച്ച് തരണം. ഇത് അപേക്ഷയാണ്. പ്രത്യേകിച്ച് പറയാനുള്ളത് സാംസ്കാരികവകുപ്പ് മന്ത്രിയോടും ധനമന്ത്രിയോടുമാണ്. അപേക്ഷിക്കുകയാണ്'', എന്ന് ഗോപിയാശാൻ. 

കഥകളിയെന്ന കേരളത്തിന്‍റെ സ്വന്തം കലാരൂപത്തിന്‍റെ മുഖശ്രീയാണ് ഗോപിയാശാൻ. കളിയരങ്ങിലെ നിത്യഹരിതഭംഗിയായ കലാമണ്ഡലം ഗോപിയാശാൻ അരങ്ങിൽ നിന്ന് ഒരു വർഷക്കാലത്തെ ഇടവേളയെടുത്തിരുന്നു മുൻപ്. ആരോഗ്യപ്രശ്നങ്ങൾക്കും ഒരു ശസ്ത്രക്രിയക്കും ശേഷം 1992-ൽ കളിയരങ്ങിലേക്ക് തിരികെ വന്ന ഗോപിയാശാന്‍റെ മുഖത്തെ പച്ചയ്ക്കൊരു വ്യത്യാസവുമുണ്ടായിരുന്നില്ലെന്ന് ആസ്വാദകർ പറയുന്നു. അതേ ഭംഗി, അതേ നടനസൗകുമാര്യം. കിർമ്മീരവധത്തിലെ ധർമ്മപുത്രരുടെ ആ വേഷം ഭംഗിയായി ഗോപിയാശാൻ അന്ന് കെട്ടിയാടി. 

എന്നും സുഭഗതയുടെ രൂപമായിരുന്നു ഗോപിയാശാന്. നളൻ, കചൻ, കർണൻ, രുഗ്മാംഗദൻ അങ്ങനെ രൂപസൗകുമാര്യമുള്ള എല്ലാവേഷങ്ങളും ഗോപിയാശാനിണങ്ങി. 

പതിനാലാം വയസ്സിൽ വള്ളത്തോൾ കലാമണ്ഡലം രൂപീകരിക്കുന്നതിന് മുന്നോടിയായി കുട്ടികളെ തെരഞ്ഞെടുക്കുമ്പോൾ ഗോപിയാശാന് നേരെ ഒരു നോട്ടമേ നോക്കിയുള്ളൂ എന്നാണ് കഥ. 1951-ൽ, പതിനാലാം വയസ്സിൽ, ഗോപിയാശാൻ അങ്ങനെ കഥകളി പഠനത്തിനുള്ള കലാമണ്ഡലത്തിലെ ആദ്യസംഘത്തിലംഗമായി. മുഖത്തെഴുതി കളിച്ചേലുണ്ടോ എന്ന് നോക്കുക പോലും വേണ്ടെന്ന് പറഞ്ഞുവത്രേ വള്ളത്തോൾ. അവിടെ വച്ചാണ് കലാമണ്ഡലം രാമൻകുട്ടി നായർ, കലാമണ്ഡലം പത്മനാഭൻ നായർ എന്നീ ഗുരുക്കൻമാരെ ഗോപിയാശാൻ കാണുന്നത്. 1957-ൽ കഥകളി പഠനം പൂർത്തിയാക്കി കലാമണ്ഡലത്തിന്‍റെ പടിയിറങ്ങുമ്പോൾ അത് പതിനാല് സംവത്സരക്കാലത്തെ കഠിനപരിശീലനത്തിന് തുല്യമായിരുന്നുവെന്നാണ് ഗോപിയാശാൻ പറഞ്ഞത്. അതായിരുന്നു അവരുടെ ചിട്ടവട്ടങ്ങൾ. 1958-ൽ അദ്ദേഹം അവിടെത്തന്നെ അധ്യാപകനായി. 1990-ൽ കലാമണ്ഡലത്തിന്‍റെ പ്രിൻസിപ്പലായി. രണ്ട് വർഷത്തിനകം വിരമിക്കുകയും ചെയ്തു. 

സജി ചെറിയാന്‍റെ വാർത്താക്കുറിപ്പ് ഇങ്ങനെ:

സംസ്ഥാന സർക്കാർ ജീവനക്കാർക്കായി 11-ആാം ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നതിന് ഉത്തരവ് ഇറങ്ങിയത് 26.02.2021-ലാണ്. 2019 ജൂലൈ മാസം 1 മുതൽ ബാധകമാകത്തക്ക നിലയിലാണ് ശമ്പള പരിഷ്കരണം നടപ്പിലാക്കിയിട്ടുള്ളത്. കലാമണ്ഠലത്തിൽ രണ്ടുതരം ശമ്പളം വാങ്ങുന്ന ജീവനക്കാരാണുള്ളത്. ഒന്ന് യു.ജി.സി. നിരക്കിലും മറ്റൊന്ന് സംസ്ഥാന സർക്കാർ നിരക്കിലും. 26.02.2021-ലെ ശമ്പള പരിഷ്കരണ ഉത്തരവ് ആദ്യം സർക്കാർ ജീവനക്കാർക്കായി നടപ്പിലാക്കും. അതിനു ശേഷം പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്ന മുറക്ക് നടപ്പിലാക്കുകയാണ് പതിവ്. ഇത്തരം സ്ഥാപനങ്ങൾ സംബന്ധിച്ച കമ്മീഷന്റെ വിശദമായ റിപ്പോർട്ട് 2021 ഒക്ടോബറിലാണ് ലഭ്യമായത്. ഇതേത്തുടർന്ന് കലാമണ്ഠലം ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ 11-ആം ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുകയാണ്. ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നതിന് അനുബന്ധമായിത്തന്നെ പെൻഷൻ പരിഷ്കരണവും നടപ്പിലാക്കുന്നതാണ്. കലാമണ്ഠലത്തിലെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സർക്കാർ തലത്തിൽ നടന്നുവരുകയാണ്. ആവശ്യമായ ചില രേഖകൾ ലഭ്യമാക്കുന്നതിന് കലാമണ്ഠലത്തോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിക്കുന്ന മുറയ്ക്ക് ധനവകുപ്പിന്റെ അനുമതിയോടെ ശമ്പള പരിഷ്കരണവും പെൻഷൻ പരിഷ്കരണവും നടപ്പിലാക്കുന്നതാണ്.

ഗോപിയാശാൻ സൂചിപ്പിച്ചത് 2019 മുതൽ പുതുക്കിയ പെൻഷൻ ലഭ്യമാകുന്നില്ല എന്നതാണ്. 2019 മുതൽ പരിഷ്കരണം നടപ്പിലാക്കുന്നതിന് സർക്കാർ ഉത്തരവിറക്കിയത് 26 ഫെബ്രുവരി 2021-നാണ്. കലാമണ്ഠലത്തിൽ പെൻഷൻ പരിഷ്കരണം നടപ്പിലാക്കുന്നതിനുള്ള നടപടി ക്രമങ്ങൾ സമയബന്ധിതമായിത്തന്നെ പുരോഗമിച്ചു വരുകയാണ്. നടപടി ക്രമങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള താമസം മാത്രമാണ് ഉണ്ടായിട്ടുള്ളത്. പരിഷ്കരണം നടപ്പിലാകുന്നതോടെ 2019 മുതലുള്ള കുടിശിക സഹിതം ലഭ്യമാവുകയും ചെയ്യും. അകരാണമായ താമസം ഈ വിഷയത്തിലുണ്ടായിട്ടില്ല.

Follow Us:
Download App:
  • android
  • ios