ക്രമസമാധാന രംഗത്ത്‌ ഇന്ത്യയിലെ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ്‌ കേരളം. നാട്ടില്‍ നിലനില്‍ക്കുന്ന സൗഹാര്‍ദപരമായ അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമവും ഇതിന്‌ പിന്നിലുണ്ട്‌.

തിരുവനന്തപുരം: കളമശ്ശേരിയില്‍ നടന്ന യഹോവാ സാക്ഷികളുടെ സമ്മേളനത്തില്‍ ഉണ്ടായ ബോംബ്‌ സ്‌ഫോടനത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌. കേരളത്തിലെ ജനത സമാധാനപരമായ ജീവിതമാണ്‌ നയിച്ചുകൊണ്ടിരിക്കുന്നത്‌. ക്രമസമാധാന രംഗത്ത്‌ ഇന്ത്യയിലെ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ്‌ കേരളം. നാട്ടില്‍ നിലനില്‍ക്കുന്ന സൗഹാര്‍ദപരമായ അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമവും ഇതിന്‌ പിന്നിലുണ്ട്‌.

ഇവയ്‌ക്കെതിരെ നല്ല ജാഗ്രത പുലര്‍ത്തി മുന്നോട്ടുപോകാന്‍ കഴിയേണ്ടതുണ്ട്‌. ഈ സംഭവത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനുള്ള ജാഗ്രവത്തായ ഇടപെടലുകള്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടാവണം. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുവാനുള്ള പരിശ്രമങ്ങളുടെ തുടര്‍ച്ച എന്ന നിലയില്‍ ഇത്തരം സംഭവങ്ങളെ കാണണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

അതേസമയം, കളമശ്ശേരിയില്‍ സ്ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയെന്ന് സ്ഥിരീകരണം വന്നിട്ടുണ്ട്. രാവിലെ 9.40ന് സ്ഥലത്തെത്തി ബോംബ് വെച്ച് റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍ നിന്നും ലഭിച്ചു. ഇന്‍റര്‍നെറ്റ് മുഖേനയാണ് ഇയാള്‍ ഐഇഡി സ്ഫോടനം പഠിച്ചത്. സ്ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് എറണാകുളം തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ നേരത്തെ കൊടകര പൊലീസില്‍ കീഴടങ്ങിയിരുന്നു. തുടര്‍ന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തതിനുശേഷമാണ് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയാണ് പ്രതിയെന്ന് സ്ഥിരീകരിച്ചത്. 

ഇയാള്‍ നല്‍കിയ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചശേഷമാണ് ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ പ്രതി ഡൊമിനിക് മാര്‍ട്ടിനാണെന്ന് സ്ഥിരീകരിച്ചത്. ഡൊമിനിക് മാര്‍ട്ടിന്‍റെ വെളിപ്പെടുത്തല്‍ ശരിയാണെന്ന് പൊലീസ് അന്വേഷണത്തില്‍ ബോധ്യപ്പെടുകയായിരുന്നു. സ്ഫോടനം നടത്തിയത് യഹോവ സാക്ഷികളോടുള്ള എതിര്‍പ്പുമൂലമാണെന്നും 16 വര്‍ഷമായി യഹോവ സാക്ഷികളില്‍ അംഗമാണെന്നും ഡൊമിനിക് അവകാശപ്പെട്ടിരുന്നു. യഹോവ സാക്ഷികളോടുള്ള എതിര്‍പ്പ് മൂലമാണ് സ്ഫോടനം നടത്തിയതെന്നും അന്വേഷണത്തില്‍ വ്യക്തമായതായാണ് വിവരം.

ഹെലികോപ്റ്ററിൽ സൈന്യത്തിന്‍റെ നിരീക്ഷണ പറക്കൽ; ചെക്ക് പോസ്റ്റുകളിൽ പരിശോധന, കനത്ത സുരക്ഷയില്‍ സംസ്ഥാനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്