Asianet News MalayalamAsianet News Malayalam

കളമശ്ശേരി മെഡി. കോളേജിൽ 'മൃതദേഹം പുഴുവരിച്ചെന്ന്' ആരോപണം; നിഷേധിച്ച് സുപ്രണ്ട്, തെളിവുകൾ ഉണ്ടെന്നും വിശദീകരണം

ചികിത്സ കാലയളവിൽ രോഗി എയർബെഡിലായിരുന്നു. മരണശേഷം മൃതദേഹം ഫ്രീസറിലേക്ക് മാറ്റുകയും ചെയ്തിരുന്നു. തെളിവുകൾ കൈവശമുണ്ടെന്നും ആരോപണത്തിൽ അടിസ്ഥാനമില്ലെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട്.

kalamassery medical colleges explanation about that worm on dead body
Author
Kochi, First Published Sep 18, 2021, 7:08 PM IST

കൊച്ചി: കൊവിഡ് ബാധിച്ച് വൃദ്ധന്‍റെ മൃതദേഹം പുഴുവരിച്ചെന്ന പരാതിയിൽ വിശദീകരണവുമായി കളമശ്ശേരി മെഡിക്കൽ കോളേജ് അധികൃതർ. ചികിത്സയിലിരിക്കെ രോഗിയുടെ ശരീരത്തിൽ വ്രണങ്ങൾ ശ്രദ്ധയിൽപ്പെട്ടിടില്ല. മരണശേഷം മൃതദേഹം പായ്ക്ക് ചെയ്ത സമയത്തും മുറിവുകളോ വ്രണമോ ഉണ്ടായിരുന്നില്ലെന്നാണ് വിശദീകരണം. ചികിത്സ കാലയളവിൽ രോഗി എയർബെഡിലായിരുന്നു. മരണശേഷം മൃതദേഹം ഫ്രീസറിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഈ വിവരങ്ങളിൽ തെളിവുകൾ കൈവശമുണ്ടെന്നും ആരോപണത്തിൽ അടിസ്ഥാനമില്ലെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് ഗണേശ് മോഹൻ വാർത്ത കുറിപ്പിലൂടെ അറിയിച്ചു.

കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച പെരുമ്പാവൂര്‍ സ്വദേശി കുഞ്ഞുമോന്‍റെ മകനാണ് ആശുപത്രിയ്ക്കെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയത്. കൊവിഡ് ബാധിതനായി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 85 കാരനായ കുഞ്ഞുമോൻ കഴിഞ്ഞ 14 നാണ് മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയില്‍ നിന്ന് മൃതദേഹം പെരുമ്പാവൂര്‍ നഗരസഭ ശ്മശാനത്തിൽ സംസ്കാരത്തിന് കൊണ്ടുവന്നപ്പോഴാണ് പുഴുക്കളെ കണ്ടത്. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ധൃതിപ്പെട്ട് സംസ്കാരം നടത്തുകയായിരുന്നുവെന്ന് മകൻ പറയുന്നു.

ഓഗസ്റ്റ് 29 ന് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിൽ ആയിരുന്നു ആദ്യം കുഞ്ഞുമോനെ പ്രവേശിപ്പിച്ചത്. പിന്നീട്
അമ്പലമുകൾ കൊവിഡ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതോടെ സെപ്റ്റംബർ ആറിന് കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 14 ന് മരണം നടന്നെന്ന് അധികൃതർ മകനെ അറിയിച്ചു. എന്നാൽ അച്ഛൻ മരിച്ചത് ദിവസങ്ങളോളം അധികൃതർ മറച്ചുവെച്ചെന്ന സംശയം മകൻ അനിൽ കുമാർ ഉന്നയിക്കുന്നു. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios