ക്യാമ്പസിൽ ലഹരി ഇടപാട് നടക്കുനെന്ന് സൂചന നൽകി പ്രിൻസിപ്പൾ 12 ന് പൊലീസിന് കത്ത് നൽകിയിരുന്നു. ലഹരിക്കായി പണപ്പിരിവ് നടത്തുന്ന കാര്യവും കത്തിലുണ്ട്.

കൊച്ചി: കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ നിർണായകമായത് പ്രിൻസിപ്പാൾ പൊലീസിന് നൽകിയ കത്ത്. ക്യാമ്പസിൽ ലഹരി ഇടപാട് നടക്കുനെന്ന് സൂചന നൽകി പ്രിൻസിപ്പാൾ 12 ന് പൊലീസിന് കത്ത് നൽകിയിരുന്നു. ലഹരിക്കായി പണപ്പിരിവ് നടത്തുന്ന കാര്യവും കത്തിലുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ക്യാമ്പസിൽ പൊലീസ് റെയ്ഡ് നടത്തിയത്.

കേസില്‍ രണ്ട് പൂർവ വിദ്യാർത്ഥികളെ കൂടി പൊലീസ് ഇന്ന് പിടികൂടി. ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച ആഷിക്കിനെയും സുഹൃത്ത് ഷാരികിനെയുമാണ് പൊലീസ് പിടികൂടിയത്. ഇന്നലെ അറസ്റ്റിലായവരുടെ വിദ്യാർത്ഥികളുടെ മൊഴിയിൽ നിന്നാണ് പൂർവ്വ വിദ്യാർത്ഥികള്‍ക്കെതിരായ തെളിവുകൾ ലഭിച്ചത്. കഴിഞ്ഞ വർഷം ക്യാമ്പസിൽ നിന്ന് പഠിച്ചിറങ്ങിയവരാണ് ഇരുവരും. ആഷിക്കാണ് കഞ്ചാവ് എത്തിച്ചതെന്നും പിടിയിലായ രണ്ടാമൻ്റെ പങ്ക് അന്വേഷിച്ചു വരുകയാണെന്നും പൊലീസ് അറിയിച്ചു. ഇരുവരെയും വിശദമായി ചോദ്യം ചെയ്യുകയാണ്. കൂടുതൽ വിദ്യാർത്ഥികളുടെ പങ്കും പൊലീസ് പരിശോധിക്കുന്നുണ്ട്.

Also Read: കളമശ്ശേരി പോളിടെക്നിക് ലഹരിവേട്ട; ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച രണ്ട് പൂർവ വിദ്യാർത്ഥികൾ പിടിയിൽ

കോളേജ് ഹോസ്റ്റലിൽ നിന്നും രണ്ട് കിലോയിലേറെ കഞ്ചാവ് ശേഖരമാണ് പൊലീസ് ഇന്നലെ പിടിച്ചെടുത്തത്. സംഭവത്തില്‍ 2 എഫ് ഐ ആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ആദ്യത്തെ എഫ് ഐ ആറിൽ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയിൽ നിന്ന് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്. രണ്ടാമത്തെ എഫ്ഐആറിൽ രണ്ട് പ്രതികളാണുള്ളത്. ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21), കരുനാഗപള്ളി സ്വദേശി അഭിരാജ്(21) എന്നിവരാണ് ഈ കേസിൽ പ്രതികൾ. ആദിത്യനെയും അഭിരാജിനെയും ഇന്നലെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരുന്നു. ആകാശ് റിമാന്‍റിലാണ്.

YouTube video player

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം