ഇന്ന് രാവിലെയാണ് ഡിസിസി ഓഫീസിന് മുന്നിൽ എ തങ്കപ്പനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പോസ്റ്റർ പതിച്ച സാമൂഹ്യവിരുദ്ധർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് പരാതി. 

പാലക്കാട്: പാലക്കാട് ഡിസിസി ഓഫീസിന് മുന്നിൽ അധ്യക്ഷൻ എ തങ്കപ്പനെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ പരാതി നൽകി കോൺഗ്രസ്. കോൺഗ്രസ് പാർട്ടിയെയും ജില്ലാ പ്രസിഡൻ്റിനെയും സമൂഹമധ്യത്തിൽ വ്യക്തിഹത്യ നടത്തുക എന്ന ലക്ഷ്യത്തോടെ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പോസ്റ്റർ പതിച്ച സാമൂഹ്യവിരുദ്ധർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ പറയുന്നു. എസ്പിക്കാണ് ഡിസിസി പരാതി നൽകിയത്. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് പോസ്റ്ററിലുള്ളത്. എതിർ രാഷ്ട്രീയ ചേരിയിലുള്ളവരാണ് പോസ്റ്ററുകൾക്ക് പിന്നിൽ. രാഷ്ട്രീയ ഗുഢാലോചനയും സംശയിക്കുന്നു. തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് കോൺഗ്രസിനേയും പാർട്ടി പ്രസിഡൻ്റിനേയും അപകീർത്തിപ്പെടുത്താനുള്ള നീക്കം നടത്തുന്നവരെ കണ്ടെത്തണമെന്നും നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. 

പാലക്കാട് ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പനെതിരെ ഡിസിസി ഓഫീസ് പരിസരത്താണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സ്വന്തം ഭാര്യ പോലും വോട്ട് ചെയ്യാത്ത തങ്കപ്പന് സീറ്റ് നൽകരുതെന്നാണ് പോസ്റ്ററിലുള്ളത്. കഴിഞ്ഞ ദിവസം പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്നും എ തങ്കപ്പനെ മത്സരിപ്പിക്കണമെന്ന ആവശ്യം കോൺ​ഗ്രസിലെ ഭൂരിഭാ​ഗം നേതാക്കളും ഉയർത്തിയിരുന്നു. ഇക്കാര്യം കേരളത്തിൻ്റെ ചുമതലയുള്ള ദീപദാസ് മുൻഷിയെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിൻ്റെ തുടർച്ചയെന്നോണമാണ് തങ്കപ്പനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഡിസിസി പ്രസിഡൻ്റിനെ അധിക്ഷേപിക്കുന്ന വാക്കുകളാണ് പോസ്റ്ററുകളിലുള്ളത്. സാധാരണ വെള്ളപ്പേപ്പറിൽ പേന കൊണ്ടാണ് ഇവ എഴുതിയിരിക്കുന്നത്. പാലക്കാട് മണ്ഡലത്തിൽ പരി​ഗണിക്കുന്നുണ്ടെന്ന വാർത്തകൾക്ക് പിന്നാലെ തങ്കപ്പനെതിരെ വലിയ രീതിയിൽ വിമർശനവും സൈബർ ആക്രമണവും നടന്നുവരികയാണ്. കോൺ​ഗ്രസിലെ ഒരു വിഭാ​ഗമാണ് ഇതിന് പിന്നിലെന്നാണ് സൂചന. പാലക്കാട് വീണ്ടും മത്സരിക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കരുക്കൾ നീക്കുന്നതിനിടെയാണ് തങ്കപ്പൻ മത്സരിക്കണമെന്ന നിലപാടിൽ ജില്ലാ കോൺ​ഗ്രസ് മുന്നോട്ട് വന്നത്.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എംപിമാർക്ക് മത്സരിക്കാൻ അനുമതി നൽകിയേക്കില്ലെന്നാണ് സൂചന. എംപിമാർ മത്സരിക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് നേതൃത്വത്തിൻറെ വിലയിരുത്തൽ. ഉപതെരഞ്ഞെടുപ്പ് സാഹചര്യമടക്കം പരിഗണിച്ചാണ് ഇത്തരമൊരു വിലയിരുത്തലിലേക്ക് എഐസിസി എത്തിച്ചേർന്നതെന്നാണ് വിവരം. ചില എംപിമാർ ഹൈക്കമാൻഡിനെ മത്സര സന്നദ്ധതയറിയിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ ജയത്തിൻ്റെ ആത്മവിശ്വാസത്തിൽ സംസ്ഥാനത്ത് ഭരണമാറ്റത്തിന് കളമൊരുങ്ങിയെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് ക്യാംപ്. ദില്ലിയിലിരിക്കേണ്ട, കേരളത്തിൽ കളംപിടിക്കാമെന്ന് കോൺഗ്രസ് എംപിമാരിൽ പലർക്കും ആഗ്രഹമുണ്ട്. എന്നാൽ അതിന് സാധ്യത കുറവെന്ന് പാർട്ടി കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു. എംപിമാർ ഈ സ്ഥാനം വിട്ട് എംഎൽഎമാരാകാൻ ശ്രമിക്കുന്നത് എതിരാളികൾ പ്രചാരണ ആയുധമാക്കുമെന്നാണ് ഒരു വിഭാഗത്തിൻറെ നിലപാട്. എംപിമാർ എംഎൽഎ സ്ഥാനം ലക്ഷ്യമിട്ടിറങ്ങുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിൻറെ അഭിപ്രായം.

നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒന്നോ രണ്ടോ എംപിമാർക്ക് ഇളവ് നൽകിയാൽ കൂടുതൽ പേർ അവകാശവാദം ഉന്നയിക്കാനും തർക്കമുണ്ടാകാനും സാധ്യതയുണ്ട്. മത്സരിച്ചവർ കൂട്ടത്തോടെ ജയിച്ചുവന്നാൽ, ഒരു മിനി ലോക്സഭാ തെരഞ്ഞെടുപ്പ് വേണ്ടി വരുന്ന സ്ഥിതിയുണ്ടാകും. പകരം സ്ഥാനാർത്ഥികളെ കണ്ടെത്തണമെന്ന തലവേദന വേറെയുമുണ്ടാകും. അതിനാലാണ് എംപിമാർ എംപിമാരായി തന്നെ ഇരുന്നാൽ ഈ തലവേദനയൊന്നുമുണ്ടാകില്ലെന്ന വാദം ശക്തിപ്പെടുന്നത്. 

YouTube video player