Asianet News MalayalamAsianet News Malayalam

'കള്ള റാസ്കൽ' വിളി; പ്രതിപക്ഷ ആക്ഷേപം തള്ളി ഇ പി, തിരികെ അവകാശലംഘന നോട്ടീസ്

നിയമസഭയിൽ അങ്ങനെ ആരൊക്കെ എന്തൊക്കെ പറയുന്നു? അതൊക്കെ ആരെങ്കിലും കേട്ടിട്ടുണ്ടോ? എല്ലാ ആക്ഷേപങ്ങളും തള്ളിക്കളയുന്നുവെന്ന് മന്ത്രി ഇ പി ജയരാജൻ. 

kalla rascal ep jayarajan responds on bad remark against shafi parambil mla
Author
Thiruvananthapuram, First Published Mar 6, 2020, 5:29 PM IST

തിരുവനന്തപുരം: നിയമസഭയിൽ ഷാഫി പറമ്പിൽ എംഎൽഎയെ 'കള്ള റാസ്കൽ' എന്ന് വിളിച്ചതിനെതിരെ പ്രതിപക്ഷം നൽകിയ പരാതി തള്ളിക്കളഞ്ഞ് മന്ത്രി ഇ പി ജയരാജൻ. നിയമസഭയിൽ അങ്ങനെ ആരൊക്കെ എന്തൊക്കെ പറയുന്നുവെന്നും, ആരെങ്കിലും അതൊക്കെ കേൾക്കാറുണ്ടോ എന്നും ഇ പി ജയരാജൻ ചോദിച്ചു. പ്രതിപക്ഷത്തിനെതിരെ താൻ തിരികെ അവകാശലംഘന നോട്ടീസ് കൊടുത്തിട്ടുണ്ടെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.

നിയമസഭയിൽ പെരിയ കേസിലെ അടിയന്തരപ്രമേയ നോട്ടീസിനിടെയാണ് മുഖ്യമന്ത്രിയുടെ മൈക്കിലൂടെ ഇ പി ഷാഫി പറമ്പിലിനെ 'കള്ള റാസ്കൽ' എന്ന് വിളിച്ചത്. ഈ അടിയന്തിര പ്രമേയ നോട്ടീസിനിടെ മാർച്ച് 3-ന് നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്കേറ്റവും പോർവിളിയുമാണ് നടന്നത്. പ്രതിപക്ഷത്തിന്‍റെ വിടുവായത്തതിന് മറുപടി പറയാനില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശം ബഹളത്തിനിടയാക്കി.

അടിയന്തിരപ്രമേയ നോട്ടീസ് നൽകിയ ഷാഫി പറമ്പിൽ ആഭ്യന്തരവകുപ്പിന് നേരെ ആഞ്ഞടിച്ച് നടത്തിയ വിമർശനവും പരിഹാസത്തിലും ആദ്യം ഭരണപക്ഷം പ്രതിഷേധിച്ചു. 'മുഖ്യമന്ത്രി ആ ആഭ്യന്തരമന്ത്രി പദവി ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് തന്നെ സ്ഥിരമായി കൊടുക്കണം, അതല്ലെങ്കിൽ ഏറ്റെടുക്കണ'മെന്നായിരുന്നു ഷാഫിയുടെ പരിഹാസം. 

ഇതിന് ചുട്ട മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്തെത്തി. 'ചിലരുടെ വിടുവായത്തത്തിന് ഒന്നും മറുപടി പറയാൻ സാധിക്കില്ലെ'ന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതിപക്ഷം ഒന്നടങ്കം എണീറ്റ് നിന്ന് പ്രതിഷേധിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ മൈക്ക് വഴി ഇ പി ജയരാജന്‍റെ വിവാദപരാമർശം. ''ഇരിക്കെടാ അവിടെ, കള്ള... റാസ്കൽ'', എന്നാണ് ഇ പി ഷാഫിയെ വിളിച്ചത്. 

വിടുവായത്തം, കള്ളറാസ്ക്കൽ. രണ്ടിലും കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലേക്ക്. പിന്നാലെ ഭരണപക്ഷവും എഴുന്നേറ്റു. ഒരുവേള ഇരുപക്ഷവും നേർക്കുനേർ. പ്രയോഗങ്ങളിൽ എല്ലാവരും മാന്യത കാണിക്കണമെന്ന് പറഞ്ഞ് സ്പീക്കർ ഒടുവിൽ രംഗം ശാന്തമാക്കുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios