കൊല്ലം: കല്ലട അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ ഇന്ന് രാവിലെ 11യോടെ തുറക്കും. നിലവിലുള്ള 22.5 സെന്റിമീറ്ററിൽ നിന്നും 60 സെന്റീമീറ്റർ ആയാണ് ഷട്ടറുകൾ തുറക്കുക. നീരൊഴുക്ക് ക്രമാതീതമായി വർധിച്ചു കൊണ്ടിരിക്കു‌കയും ജനറേറ്ററർ കേടായതിനാൽ അണക്കെട്ടിലെ വൈദ്യുതി ഉൽപ്പാദനം നിലച്ചതും കാരണമാണ് ഷട്ടറുകൾ കൂടുതൽ ഉയർത്താൻ തീരുമാനിച്ചത്‌.

കല്ലടയാറ്റിന്റെ ഇരുകരകളിൽ താമസിക്കുന്നവർക്കും നദിയിലും നദീമുഖത്തും വിവിധ പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്കും അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ജനറേറ്റർ കേടായത് കാരണം കല്ലട അണക്കെട്ടിൽ നിന്നുള്ള വൈദ്യുതി ഉൽപ്പാദനം നിർത്തിവച്ചിരുന്നു. ജനറേറ്ററിന്റെ തകരാർ പരിഹരിക്കുന്നതിനായുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.