Asianet News MalayalamAsianet News Malayalam

കല്ലുവാതുക്കൽ കേസ്; ഒന്നും അറിഞ്ഞിരുന്നില്ല, സത്യം തെളിഞ്ഞതിൽ സന്തോഷമെന്നും മരിച്ച ആര്യയുടെ ഭർത്താവ്

ഭാര്യയുടെ പങ്കിനെ പറ്റി ഒന്നും അറിയില്ലായിരുന്നെന്ന് ആത്മഹത്യ ചെയ്ത ആര്യയുടെ ഭർത്താവ് രഞ്ജിത്ത്. ഫേസ്ബുക്കിൽ വ്യാജ ഐഡി ഉപയോ​ഗിച്ചുള്ള ചാറ്റിംഗിനെ പറ്റി ഒരു സൂചനയും ഉണ്ടായിരുന്നില്ല. സത്യം തെളിഞ്ഞതിൽ സന്തോഷമുണ്ടെന്നും രഞ്ജിത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

kalluvathukal case aryas husband renjith reaction to new findings in case
Author
Kollam, First Published Jul 3, 2021, 6:03 PM IST

കൊല്ലം: കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിച്ചു കൊന്ന കേസില്‍ ഭാര്യയുടെ പങ്കിനെ പറ്റി ഒന്നും അറിയില്ലായിരുന്നെന്ന് ആത്മഹത്യ ചെയ്ത ആര്യയുടെ ഭർത്താവ് രഞ്ജിത്ത്. ഫേസ്ബുക്കിൽ വ്യാജ ഐഡി ഉപയോ​ഗിച്ചുള്ള ചാറ്റിംഗിനെ പറ്റി ഒരു സൂചനയും ഉണ്ടായിരുന്നില്ല. സത്യം തെളിഞ്ഞതിൽ സന്തോഷമുണ്ടെന്നും രഞ്ജിത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

സംസ്ഥാനത്തെ സൈബര്‍ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലെ നടുക്കുന്ന കേസായി മാറുകയാണ് ഇത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട അനന്തു  എന്ന കാമുകന്‍റെ നിര്‍ദേശ പ്രകാരമാണ് കുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ചതെന്നായിരുന്നു കേസില്‍ അറസ്റ്റിലായ രേഷ്മയുടെ മൊഴി. എന്നാല്‍ അനന്തു എന്ന ഈ കാമുകന്‍ ഫേസ്ബുക്കിലെ ഒരു വ്യാജ ഐഡി മാത്രമായിരുന്നെന്ന കണ്ടെത്തലിലേക്കാണ് പൊലീസ് എത്തിയിരിക്കുന്നത്. രേഷ്മയുടെ ബന്ധുക്കളായ ആര്യയും,ഗ്രീഷ്മയും ചേര്‍ന്നാണ് അനന്തു എന്ന ഐഡിയിലൂടെ രേഷ്മയുമായി ചാറ്റ് നടത്തി കുഞ്ഞിനെ ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ഇത്പൊലീസ് കണ്ടെത്തുമോഎന്ന ഭയത്തിലാണ് ഇരുവരും ഇത്തിക്കരയാറ്റില്‍ ചാടി ആത്മഹത്യ ചെയ്തതെന്നും അന്വേഷണ സംഘം അനുമാനിക്കുന്നു.

മരിച്ച ഗ്രീഷ്മയുമായി സൗഹൃദമുണ്ടായിരുന്ന യുവാവില്‍ നിന്നാണ് ഈ വിവരങ്ങള്‍ പൊലീസിന് കിട്ടിയത്. പ്രാങ്കിംഗ് എന്ന പേരില്‍ രേഷ്മയെ കബളിപ്പിക്കാനാണ് വ്യാജ ഐഡിയിലൂടെ ചാറ്റിംഗ് നടത്തിയിരുന്നതെന്ന് മരിച്ച ഗ്രീഷ്മ യുവാവിനോട് പറഞ്ഞിരുന്നു. ടെക്സ്റ്റ് മെസേജുകള്‍ അയക്കുന്നതല്ലാതെ ഒരിക്കല്‍ പോലും വീഡിയോ കോളോ വോയ്സ് കോളോ വിളിക്കാതെയാണ് യുവതികള്‍ രേഷ്മയെ കബളിപ്പിച്ചിരുന്നത്.
സംഭവത്തെ പറ്റി ഒന്നും അറിഞ്ഞിരുന്നില്ലെന്നാണ് മരിച്ച ഗ്രീഷ്മയുടെയും ആര്യയുടെയും കുടുംബാംഗങ്ങള്‍ പറയുന്നത്.

നിര്‍ണായക വിവരം നല്‍കിയ യുവാവിന്‍റെ മൊഴി പൊലീസ് മജിസ്ട്രേറ്റിനു മുന്നില്‍ രേഖപ്പെടുത്തും. മറ്റാര്‍ക്കെങ്കിലും സംഭവത്തില്‍ ബന്ധമുണ്ടായിരുന്നോ എന്ന കാര്യത്തില്‍ അന്വേഷണം തുടരുകയാണ്. ചാത്തന്നൂര്‍ എസിപി നിസാമുദ്ദീന്‍റെ നേതൃത്വത്തിലുളള സംഘമാണ് കേസിലെ ദുരൂഹതയുടെ ചുരുളഴിച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios