ബിജെപിയുടെ അവഗണനയിൽ പ്രതിഷേധിച്ച് കാമരാജ് കോൺഗ്രസ് നേമം അടക്കമുള്ള സീറ്റുകളിൽ ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചു. സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി ബിജെപിയിലും മുതിർന്ന നേതാക്കൾക്കിടയിൽ കടുത്ത അതൃപ്തി നിലനിൽക്കെ, രണ്ടാംഘട്ട പട്ടിക ഇന്ന് പുറത്തിറങ്ങിയേക്കും
തിരുവനന്തപുരം: ബി ജെ പിയുടെ അവഗണനയിൽ പ്രതിഷേധിച്ച് നേമം അടക്കമുള്ള സീറ്റുകളിൽ ഒറ്റക്ക് മത്സരിക്കാൻ എൻ ഡി എ വൈസ് ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരന്‍റെ പാർട്ടിയായ കാമരാജ് കോൺഗ്രസ്. എൻ ഡി എയുടെ കെട്ടുറപ്പിനെ ബാധിക്കും വിധമാണ് വൈസ് ചെയർമാന്‍റെ വെല്ലുവിളി. ചോദിച്ച പാറശ്ശാല അടക്കമുള്ള സീറ്റുകൾ നൽകാത്തതിലാണ് അമർഷം. സ്വന്തം നിലക്ക് മത്സരിക്കാനൊരുങ്ങുന്ന കാമരാജ് കോൺഗ്രസ് മുന്നണി വിടാനുള്ള സാധ്യതയും ബാക്കിയാണ്. തൃപ്പൂണിത്തുറ അടക്കമുള്ള പ്രധാന സീറ്റുകൾ ഘടകകക്ഷികൾക്ക് കൊടുത്തതിലെ ഭിന്നത നിലനിൽക്കെ ബി ജെ പിയുടെ രണ്ടാം പട്ടിക ഇന്ന് വരും. പി എസ് ശ്രീധരൻപിള്ള, ബി ഗോപാലകൃഷ്ണൻ, കുമ്മനം രാജശേഖരൻ അടക്കമുള്ളവർക്ക് ആദ്യഘട്ട പട്ടികയിൽ സീറ്റില്ലാത്തതിൽ ബി ജെ പിയിൽ അതൃപ്തിയുണ്ട്. രണ്ടാം പട്ടികയിൽ ഇത് മറികടക്കാനാകുമോ എന്നതാണ് കണ്ടറിയേണ്ടത്.
വിശദവിവരങ്ങൾ
ബി ജെ പിയുടെ ആദ്യഘട്ട പട്ടികയെ ചൊല്ലി പാർട്ടിയിൽ ഭിന്നത ശക്തമാണ്. ഒരു പറ്റം മുതിർന്ന നേതാക്കളെ തഴഞ്ഞത് പ്രധാന കാരണം. പി എസ് ശ്രീധരൻപിള്ളയെ അടക്കം ആദ്യം പരിഗണിച്ച ചെങ്ങന്നൂരിൽ ഒടുവിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റ എം വി ഗോപകുമാറിനെ സ്ഥാനാർത്ഥിയാക്കിയത് ഡീലെന്നാണ് ആക്ഷേപം. സജി ചെറിയാനും ബി ജെ പിയും തമ്മിൽ ഒത്തുകളിയെന്നാണ് ആക്ഷേപം. തൃശൂരിൽ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ചുമതല ഉണ്ടായിരുന്ന എം ടി രമേശ് ആ സീറ്റ് ആഗ്രഹിച്ചിരുന്നു. പത്മജക്ക് കൈമാറിയതോടെയാണ് ഇനി ഒരിടത്തും മത്സരിക്കാനില്ലെന്ന് കേന്ദ്ര നേതൃത്വത്തെ രമേശ് അറിയിച്ചത്. കൊടുങ്ങല്ലൂരിൽ നേരത്തെ പ്രവർത്തനം തുടങ്ങിയ ബി ഗോപാലകൃഷ്ണന് ആ സീറ്റ് കിട്ടത്തിതിൽ നീരസം ബാക്കി. പക്ഷെ ഗുരുവായൂർ നൽകി പ്രശ്നം തീർക്കാനാണ് ശ്രമം. ആദ്യ ലിസ്റ്റിൽ ഇല്ലാതിരുന്ന കുമ്മനം രാജശേഖരൻ, കരമന ജയനെ മാറ്റി തിരുവനന്തപുരം സെൻട്രലിൽ വരാൻ സാധ്യതയുണ്ട്. നഗരസഭാ ഭരണം പിടിച്ച തൃപ്പൂണിത്തുറം ട്വന്‍റി ട്വന്‍റിക്ക് നൽകിയതിലും ബി ജെ പിയിൽ മുറുമുറുപ്പ് ബാക്കിയാണ്. എന്തായാലും രണ്ടാം പട്ടിക വരുന്നതോടെ അതൃപ്തി അടങ്ങുമോ, അതോ കത്തുമോ എന്നത് കണ്ടറിയാം.
