Asianet News MalayalamAsianet News Malayalam

"നിങ്ങള്‍ പരിഹസിക്കുന്തോറും എന്‍റെ ആത്മ വിശ്വാസത്തിന് തിളക്കം കൂടുകയേ ഉള്ളൂ"; മറുപടിയുമായി കനകദുര്‍ഗ

നിങ്ങള്‍ പരിഹസിച്ചാല്‍ തളര്‍ന്നുപോകുന്നതല്ല എന്‍റെ നിലപാടുകല്‍. അത് പുരോഗമനാശയങ്ങളുടെ അടിയുറച്ച കാഴ്ചപ്പാടില്‍ നിലയുറച്ചതാണ്. 

Kanakadugra Facebook post on news about her BBC interview
Author
Thiruvananthapuram, First Published Nov 21, 2019, 8:23 PM IST

കഴിഞ്ഞ ദിവസത്തെ ബിബിസി തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തെ തുടര്‍ന്നുണ്ടായ ഓണ്‍ലൈന്‍ വാര്‍ത്തകള്‍ക്ക് പ്രതികരണവുമായി ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ രംഗത്ത്. സ്ത്രീക്കും പുരുഷനും തുല്യാവകാശത്തെ മുന്‍നിര്‍ത്തി  പരമോന്നത നീതിപീഠമായ സുപ്രീം കോടതിയുടെ ശബരിമല യുവതീ പ്രവേശനത്തിലെ ഉത്തരവ് പ്രയോജനപ്പെടുത്തേണ്ടത് ഇന്ത്യന്‍ പൗര എന്ന നിലയില്‍ തന്‍റെ അവകാശമാണെന്നും ആ ഉത്തരവ് പ്രയോജനപ്പെടുത്തിയതില്‍ സങ്കടമില്ലെന്നും കനകദുര്‍ഗ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. വിശ്വാസികളെന്ന കപടവാദത്തിന്‍റെ ആട്ടിന്‍ തോലണിഞ്ഞ സുഹൃത്തുക്കള്‍ തന്‍റെ ശബരിമല പ്രവേശനത്തില്‍ അസഹിഷ്ണുത കാണിക്കേണ്ടെന്നും കനകദുര്‍ഗ പറഞ്ഞു. 

ശബരിമല ദര്‍ശനത്തിന് ശേഷം ബിജെപിയും ആര്‍എസ്എസും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു. നിങ്ങള്‍ പരിഹസിക്കുന്തോറും എന്‍റെ ആത്മ വിശ്വാസത്തിന് തിളക്കം കൂടുകയേ ഉള്ളൂവെന്നും കനകദുര്‍ഗ പറയുന്നു. നിങ്ങള്‍ പരിഹസിച്ചാല്‍ തളര്‍ന്നുപോകുന്നതല്ല എന്‍റെ നിലപാടുകല്‍. അത് പുരോഗമനാശയങ്ങളുടെ അടിയുറച്ച കാഴ്ചപ്പാടില്‍ നിലയുറച്ചതാണ്. ആചാര സംരക്ഷണമെന്ന പേരില്‍ സാധാരണക്കാരന്‍റെ ജീവിതത്തെ ദുസ്സഹമാക്കിയും നാമജപത്തെ ആക്രോശമാക്കിയവരും തന്നെപ്പോലുള്ളവരെ അവിശ്വാസിയെന്നും ആക്ടിവിസ്റ്റെന്നും പേരിടാന്‍ നിങ്ങളുടെ കൈയില്‍ എന്ത് പ്രമാണ പത്രമാണുള്ളത്.

ബിബിസി അഭിമുഖത്തിലെ ചില ഭാഗങ്ങള്‍ വെട്ടിമാറ്റി, അമ്മ എന്ന നിലയില്‍ മക്കളെ കാണാന്‍ കഴിയാത്തതിലെ സങ്കടം പറഞ്ഞപ്പോള്‍ കരഞ്ഞെന്ന് കരുതി. നിങ്ങള്‍ക്ക് ആഘോഷിക്കാനുള്ള ഒന്നും അതിലില്ലെന്നും കനകദുര്‍ഗ വ്യക്തമാക്കി.  

കനകദുര്‍ഗയുടെ പ്രതികരണത്തിന്‍റെ പൂര്‍ണരൂപം

ഇന്ത്യയെ പോലുള്ള ജനാധിപത്യ രാജ്യത്ത് ,പരമോന്നത നീതിപീഠമായ സുപ്രീം കോടതി സ്ത്രീക്കും പുരുഷനും മൗലീകവകാശങ്ങൾ തുല്ല്യമായി അനുവദിച്ചിട്ടുണ്ടെങ്കിൽ അത് പ്രയോജനപെടുത്തേണ്ടത് ഒരു ഇന്ത്യൻ പൗര എന്ന നിലക്ക് എന്റ അവകാശമാണ് .ആ നിലക്ക് ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച ഉത്തരവിൻ പ്രകാരം ശബരിമല യാത്ര പണ്ടു തൊട്ടേ ആഗ്രഹിച്ചിരുന്ന ഞാൻ ആ ഉത്തരവ് പ്രയോജനപ്പെടുത്തിയതിൽ ഇത്രത്തോളം അസഹിഷ്ണുത കാട്ടേണ്ട ഒരു കാര്യവുമില്ല
വിശ്വാസികളെന്ന കപടവാദത്തിന്റെ ആട്ടിൻ തോലണിഞ്ഞ സുഹൃത്ത് ക്കളെ ...

ശബരിമല ദർശനത്തിന് ശേഷം എന്നെ പല വിധത്തിലും ഗതികേടിലാക്കാനും അപകീർത്തിപ്പെടുത്താനും RSS ഉം BJP ക്കാരും ഒരു വർഷത്തോളമായി കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കയാണ് .പക്ഷെ നിങ്ങൾ നിങ്ങടെ പരിഹാസായുധങ്ങൾക്ക് മൂർഛ കൂട്ടുന്നതിനനുസരിച്ച് എന്റ ആത്മവീര്യത്തിന്റെ തിളക്കം കൂടുന്നതെയുള്ളൂ സുഹൃത്ത് ക്കളെ നിങ്ങൾ എത്ര പരിഹസിച്ചാലും ദുഷിപ്പിച്ചാലും തളർന്നു പോകുന്നതല്ല എന്റ നിലപാടുകൾ .കാരണം അതെന്റ പുരോഗമനാശയങ്ങളുടെ അടിയുറച്ച കാഴ്ചപാടിൽ നിലയുറച്ചതാണ് .നിങ്ങൾക്കത് പിഴുതെറിയാനാവില്ല .

ആചാര സംരക്ഷണമെന്ന പേരിൽ തിരിയും തെളിച്ച് റോഡിലിറങ്ങി സാധാരണക്കാരുടെ ദൈനംദിന യാത്രകളിൽ തടസ്സം വരുത്തി .. നാമജപത്തെ ആക്രോശമാക്കിയോരൊക്കെയും വിശ്വാസികളും അതേ സമയം ക്ഷേത്ര ദർശനം നടത്താൻ ശ്രമിച്ച എന്നെ പോലുള്ളവരെ അവിശ്വാസിയെന്നും ആക്ടിവിസ്റ്റന്നും പേരിടാനും അടയാളപ്പെടുത്താനും മാത്രം നിങ്ങൾക്കെന്ത് പ്രമാണ പ്രതങ്ങളാണ് കൈയ്യിലുള്ളത് .നിങ്ങൾക്കതിനുള്ള അധികാരവും യോഗ്യതയും അധികാരവും ആരാണ് തന്നേൽപ്പിച്ചത്.

ഇന്ന് ഞാൻ ഇതെല്ലാം പോസ്റ്റ് ചെയ്യാൻ കാരണം കുറച്ച് മണിക്കുറുകളായ് നിങ്ങൾ ആഘോഷിക്കുന്ന എന്നെ കുറിച്ചുള്ള ഒരു വാർത്തയുണ്ടല്ലൊ അതിനെ കുറിച്ചൊന്ന് പറയാനാണ് .BBC എന്നെ കുറിച്ച് എടുത്ത interview .. ചില ഭാഗങ്ങൾ വെട്ടിയെടുത്ത് നിങ്ങൾക്ക് വേണ്ടി News ഒണ്ടാക്കിയ ജന്മഭൂമിക്കാരോട് പറയാൻ വേണ്ടിയാണ്

"നാണമില്ലെ ജന്മഭൂമി പത്രമെ "
സ്വന്തമായി നല്ല നാല് വാർത്ത കണ്ടു പിടിക്കാനോ പ്രസിദ്ധീകരിക്കാനോ കഴിയാതെ .. മറ്റുള്ള ചാനലിലേക്ക് ഒളിഞ്ഞും വലിഞ്ഞും നോക്കി വാർത്തകളുടെ കഷണങ്ങൾ തിരഞ്ഞ് തെരുവ് പട്ടികളെ പോലെ അലഞ്ഞ് ഒടുവിൽ അവനവന്റെ മനസ്സിലെ വിസർജ്യങ്ങൾ തന്നെ അതിൽ തേച്ച് പിടിപ്പിച്ച് ആസ്വദിച്ച് ആഹരിക്കുവാൻ .....

കഴിഞ്ഞ ആഴ്ച ഞാൻ BBC ക്ക് കൊടുത്ത interview അവരുടെ പെർമിഷനില്ലാതെ കട്ടെടുത്ത് ചില ഭാഗങ്ങൾ മാത്രം കോർത്തിണക്കി നിങ്ങൾ ഉണ്ടാക്കിയ News നിങ്ങളെ പോലുള്ള മഞ്ഞ പത്രങ്ങൾ വായിക്കുന്ന ചുരുക്കം ചിലരെ വിശ്വസിക്കു
അമ്മ എന്ന നിലയിൽ മക്കളെ കാണൻ പറ്റാത്തതിന്റെ വിഷമം BBC യുമായി പങ്ക് വച്ചപ്പോൾ ഞാൻ കരഞ്ഞെന്നു കരുതി .. നിങ്ങൾക്കാഘോഷിക്കാനുള്ള തൊന്നും അതിലില്ല .. അതിന് ശേഷവും അതിന് മുൻപും ഉള്ള എന്റെ സംസാരവും കേൾക്കാൻ ഇത്തിരി നേരും നെറിയും ആർജവും വേണം .. എന്നിട്ടഹ്ലാദിപ്പിൻ മിത്രങ്ങളെ ...
പ്രായപൂർത്തിയാകാത്ത മക്കളെ പറഞ്ഞ് പേടിപ്പിച്ച് എന്നിൽ നിന്ന് അകറ്റി നിർത്തുന്ന സൂത്രം അധികനാൾ വില പോവില്ല..

എന്നെ കുറിച്ച് നിങ്ങൾ കൊടുത്ത ആ അഴകൊഴമ്പൻ വാർത്തയുണ്ടല്ലൊ ജന്മഭൂമി അതിനെ വഴിയരികിൽ കിടക്കുന്ന 'ചാണക 'ത്തെയെന്നപോലെ അർഹിക്കുന്ന അവജ്ഞയോടെ അവഗണിച്ച് കടന്നു പോകും എന്നെ അറിയുന്ന കേരളീയർ .എന്റെ നിലപാടുകളെ അറിയുന്ന കേരളീയർ

നിലപാടുകളിൽ കാലിടറതെ ....
കനക ദുർഗ്ഗ .കെ

Follow Us:
Download App:
  • android
  • ios