കൊച്ചി: കേരള ലളിത കലാ അക്കാദമിയുടെ കാർട്ടൂൺ അവാര്‍ഡ് വിവാദത്തില്‍ സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന്റെ പരാമര്‍ശത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കാര്‍ട്ടൂണ്‍ അവാര്‍ഡ് പുനപരിശോധിക്കണമെന്ന് മന്ത്രിക്ക് പറയാൻ അധികാരം ഇല്ലെന്ന് കാനം രാജേന്ദ്രൻ കൊച്ചിയില്‍ പറഞ്ഞു. 

ലളിതകല അക്കാദമി ഒരു സ്വതന്ത്ര ബോഡിയാണ്. ഇതൊരു സർക്കാർ വകുപ്പല്ല, അതിന്റെ ഒരു കാര്യത്തിലും ഇടപെടാന്‍ ഒരു മന്ത്രിക്കും അധികാരമില്ലെന്നും കാനം പറഞ്ഞു. അവാര്‍ഡിന് അര്‍ഹമായ കാർട്ടൂൺ കണ്ടെത്താന്‍ ജൂറിയെ നിശ്ചയിച്ചാല്‍, ആ ജൂറി അവാർഡ് പ്രഖ്യാപിച്ചാൽ കൊടുക്കാനുള്ള അധികാരം അവർക്കുണ്ട്. ലളിതകല അക്കാദമി എടുത്ത തീരുമാനം ശരിയാണെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചിത്രീകരിച്ച കെ കെ സുഭാഷിന്‍റെ കാർട്ടൂണിന് ലളിതകല അക്കാദമിയുടെ പുരസ്കാരം ലഭിച്ചതിനെ ചൊല്ലിയാണ് വിവാദം ഉടലെടുത്തത്. കേരള ശബ്ദത്തിന്‍റെ സഹ പ്രസിദ്ധീകരണമായ ഹാസ്യകൈരളിയിൽ പ്രസിദ്ധീകരിച്ച കാര്‍ട്ടൂൺ മത ചിഹ്നങ്ങളെ വ്രണപ്പെടുത്തുന്നു എന്നായിരുന്നു ആക്ഷേപം. മതവികാരം വ്രണപ്പെടുന്ന തരത്തിലാണ് കാർട്ടൂണിലെ ചിത്രീകരണം എന്നാരോപിച്ച് വിവിധ സംഘടനകൾ രംഗത്ത് വന്നതോടെയാണ് അവാർഡ് പുനഃപരിശോധിക്കാൻ മന്ത്രി എ കെ ബാലൻ നിർദ്ദേശിച്ചത്. ജൂറി തീരുമാനം അന്തിമമെന്ന് ലളിതകലാ അക്കാദമി പ്രതികരിച്ചിട്ടും മന്ത്രി നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.