തിരുവനന്തപുരം: എറണാകുളത്ത് സിപിഐ നടത്തിയ മാർച്ചിനെതിരെ അതൃപ്തി പരസ്യമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പ്രതിഷേധിക്കുമ്പോൾ ഭരണകക്ഷിയാണെന്നത് മറക്കരുതെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് പോയിന്റ് ബ്ലാങ്കിലായിരുന്നു കാനത്തിന്റെ പ്രതികരണം. 

പൊലീസിനെ തല്ലുന്ന സമരം ഉണ്ടാകാറുണ്ടെങ്കിലും അത് സാഹചര്യം മനസ്സിലാക്കിയായിരിക്കണം സമരമെന്ന് കാനം രാജേന്ദ്രൻ വ്യക്തമാക്കി. ആരാണ് ഭരിക്കുന്നത്, എന്താണ് സ്ഥിതി എന്ന ബോധ്യം നേതൃത്വത്തിന് വേണമെന്നും കാനം ഏഷ്യാനെറ്റ് ന്യൂസിന്‍റെ പോയിന്‍റ് ബ്ലാങ്കിൽ പറഞ്ഞു. കാനം രാജേന്ദ്രൻ പങ്കെടുക്കുന്ന പോയന്റ് ബ്ലാങ്ക് ഇന്ന് രാത്രി 7:30ന് ഏഷ്യാനെറ്റ് ന്യൂസില്‍ കാണാം.

ഡിഐജി ഓഫീസ് മാര്‍ച്ചിനിടെ എംഎൽഎ അടക്കം സിപിഐ പാര്‍ട്ടി നേതാക്കളെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തിൽ പൊലീസിനെ ന്യായീകരിക്കും വിധം കാനം രാജേന്ദ്രൻ പ്രതികരിച്ചെന്ന് പാര്‍ട്ടിയില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെ കാനം സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ നഗരത്തിൽ പോസ്റ്ററും പ്രത്യക്ഷപ്പെട്ടിരുന്നു.