കോഴിക്കോട്: സിപിഎമ്മിൽ എത്ര മാവോയിസ്റ്റുകൾ ഉണ്ടെന്ന് അവരുടെ പാർട്ടി പറയട്ടെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അലനും താഹയും നിരപരാധികൾ ആണോ എന്ന് പൊലീസാണ് പറയേണ്ടതെന്നും കാനം പറഞ്ഞു. യുഎപിഎ ചുമത്തുന്നതിനെതിരെയാണ് സിപിഐയുടെ എതിർപ്പ്. യുഎപിഎ കരിനിയമം തന്നെയാണ്. അത് കുറ്റവാളിയായാലും നിരപരാധി ആയാലും അവര്‍ക്കെതിരെ പ്രയോഗിക്കരുതെന്ന നിലപാടില്‍ മാറ്റമില്ലെന്നും കാനം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. 

അതേസമയം, കോളേജ് യൂണിയന്‍ ചെയര്‍മാന്‍മാരുടെ വിദേശയാത്രയില്‍ കാനം രാജേന്ദ്രന്‍ നിലപാട് മാറ്റി. ഇക്കാര്യം പരിശോധിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ട കാനം, വിദേശയാത്രയിൽ തെറ്റില്ലെന്നാണ് ഇന്ന് കോഴിക്കോട്ട് പറഞ്ഞത്. യാത്രയ്ക്കാവശ്യമായ ഒരു കോടി രൂപ കോളേജ് വിദ്യാഭ്യാസ വകുപ്പിന്‍റെ പ്ലാന്‍ഫണ്ടില്‍ നിന്നാണെന്ന കോര്‍ഡിനേറ്ററുടെ വാദം തളളിയ കാനം ഈ തുക കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയമാണ് ചെലവിടുന്നതെന്നും പറഞ്ഞു. നേരത്തെ സിപിഐ സംസ്ഥാന എക്സിക്യൂട്ടിവും എഐവൈഎഫും കോളേജ് യൂണിയന്‍ ചെയര്‍മാന്‍മാരുടെ വിദേശയാത്രയ്ക്കെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു.