തിരുവനന്തപുരം: ആളുകളെ വെടിവച്ച് കൊന്ന് നക്സലിസവും മാവോവാദവും ഇല്ലാതാക്കാനാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരളത്തിലെ വനമേഖലയിലെ നക്സൽവേട്ട പൊലീസ് അവസാനിപ്പിക്കണം. വയനാട് പടിഞ്ഞാറേത്തറയിൽ നടന്നത് ഏറ്റുമുട്ടൽ അല്ല, പൊലീസിന്റെ ഏപകപക്ഷീയ വെടിവയ്പ്പായിരുന്നുവെന്നും കാനം കുറ്റപ്പെടുത്തി. സിപിഐ സംസ്ഥാന കൗൺസിലിലെ തീരുമാനങ്ങൾ വിശദീകരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു കാനം. 

സിപിഐഎംഎല്ലിൻ്റെ രാഷ്ട്രീയ ആശയങ്ങളോട് യാതൊരു യോജിപ്പും ‍ഞങ്ങൾക്ക് ഇല്ല. ജാ‍ർഖണ്ഡ് പോലെയുള്ള സംസ്ഥാനങ്ങളിലേതിന് സമാനമായ അന്തരീക്ഷം ഇവിടെയില്ല. അവരുടെ തുടക്കം മുതൽ ആളുകളെ ഉന്മൂലനം ചെയ്യുക എന്ന ആശയത്തോട് ഞങ്ങൾ വിയോജിപ്പ് പ്രകടിപ്പിച്ചതാണ്. എന്നാൽ ആശയവ്യത്യാസത്തിൻ്റെ പേരിൽ ആളുകളെ വെടിവെച്ചു കൊല്ലുന്നതിനോട് യോജിപ്പില്ല. ദേശീയ തലത്തിൽ തന്നെ നിരവധി മാവോയിസ്റ്റുകൾ തോക്കു താഴെ വച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്നതിനിടെയാണ് ഇവിടെ അവരെ വെടിവെച്ചു കൊല്ലുന്നത്. 

മാവോയിസ്റ്റ് വേട്ടയ്ക്ക് വേണ്ടി കേന്ദ്രം അനുവദിക്കുന്ന ഫണ്ട് കിട്ടാൻ വേണ്ടി ആളുകളെ കൊല്ലുന്ന പരിപാടി അനുവദിച്ചു തരാനാവില്ല. ഇതൊരു ഏറ്റുമുട്ടലാണെന്ന് പൊലീസ് പറയുന്നുവെങ്കിലും ആളെ വെടിവെച്ചു കൊന്നതാണ് എന്ന് നാട്ടിൽ സംസാരമുണ്ട്. കൊല്ലപ്പെട്ടയാളുടെ മൃതദേഹം പരിശോധിച്ചപ്പോൾ വെടിയേറ്റ നിരവധി മുറിവുകൾ കാണുകയുണ്ടായി. ഇക്കാര്യത്തിൽ സുപ്രീംകോടതി നി‍ർദേശം പാലിച്ചു കൊണ്ടുള്ള മജിസ്റ്റീരിയിൽ അന്വേഷണം നടത്തണം. സംസ്ഥാന സ‍ർക്കാർ അതു ചെയ്യും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ - കാനം വ്യക്തമാക്കി.