Asianet News MalayalamAsianet News Malayalam

കാനത്തിന്റെ വിലാപയാത്ര പത്തനംതിട്ടയിൽ; അവസാനമായി കാണാൻ വഴിനീളം ജനം; സിപിഎം പിബി യോഗം അവസാനിപ്പിച്ചു

തിരുവനന്തപുരത്തെ പാർട്ടി ഓഫീസിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ നിരവധിപേരാണ് ഇന്ന് രാവിലെ മുതൽ അന്ത്യാജ്ഞലി അർപ്പിച്ചത്

Kanam Rajendran mourning procession reaches Pathanamthitta CPIM pb meeting cut short kgn
Author
First Published Dec 9, 2023, 8:58 PM IST

തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പത്തനംതിട്ട ജില്ലയിലെത്തി. കോട്ടയം വാഴൂരിലെ വീട്ടിലേക്കുള്ള അവസാന യാത്രയിലാണ് കാനം രാജേന്ദ്രന്റെ ഭൗതിക ദേഹം. വഴിനീളെ പ്രിയ നേതാവിനെ അവസാനമായി കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും ജനക്കൂട്ടം തിങ്ങിനിറഞ്ഞു. കാനം രാജേന്ദ്രന്റെ സംസ്കാര ചടങ്ങുകള്‍ നാളെ നടക്കുന്ന സാഹചര്യത്തിൽ രണ്ട് ദിവസത്തേക്ക് വിളിച്ചു ചേര്‍ത്ത സിപിഎം പിബി യോഗം ഇന്നത്തോടെ അവസാനിപ്പിച്ചു. ഇന്നും നാളെയുമായാണ് നേരത്തെ യോഗം നിശ്ചയിച്ചത്.

പ്രിയനേതാവിനെ അവസാന നോക്ക് കാണാൻ വഴിനീളെ ജനം തടിച്ചുകൂടി. കൊട്ടാരക്കരയിലായിരുന്നു ഏറ്റവും തിരക്ക് അനുഭവപ്പെട്ടത്. വിലാപയാത്ര മൂന്ന് മണിക്കൂറോളം വൈകിയാണ് മുന്നോട്ട് പോകുന്നത്. ഏറ്റവുമൊടുവിൽ പത്തനംതിട്ട അടൂര്‍ പിന്നിട്ട് ചെങ്ങന്നൂരിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് വിലാപയാത്ര. ചെങ്ങന്നൂരിലും തിരുവല്ലയിലും ചങ്ങനാശേരിയിലുമടക്കം കാനം രാജേന്ദ്രന് അന്ത്യാഞ്ജലി അര്‍പ്പിക്കാൻ എത്തുന്ന ജനങ്ങള്‍ക്കായി വിലാപയാത്ര നിര്‍ത്തും.

തിരുവനന്തപുരത്തെ പാർട്ടി ഓഫീസിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ നിരവധിപേരാണ് ഇന്ന് രാവിലെ മുതൽ അന്ത്യാജ്ഞലി അർപ്പിച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെ വിലാപയാത്രയായി മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോയി. നാളെ രാവിലെ പതിനൊന്നിന് വാഴൂർ കാനത്തെ വീട്ടുവളപ്പിലാണ് സംസ്ക്കാരം നിശ്ചയിച്ചിരിക്കുന്നത്. 

തിരുവനന്തപുരത്ത് രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ പ്രമുഖരും സാധാരണക്കാരുമായി ഏറെപ്പേര്‍ കാനത്തെ അവസാനമായി കാണാനെത്തി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജ വിതുമ്പിക്കരഞ്ഞു. മുന്‍ മുഖ്യമന്ത്രി എകെ ആന്‍റണിയും വേദനയോടെയാണ് കാനത്തിന് വിട നല്‍കിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, ചീഫ് സെക്രട്ടറി വേണു തുടങ്ങി രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരുമെല്ലാം ആദരാഞ്ജലി അര്‍പ്പിച്ചു. കൊച്ചിയിലെ ആശുപത്രിയി നിന്ന് രാവിലെ പത്ത് മണിയോടെയാണ് വിമാനമാര്‍ഗം മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്.

പിന്നീട് സിപിഐ സംസ്ഥാന കൗൺസിൽ ഓഫീസ് പ്രവർത്തിക്കുന്ന പട്ടത്തെ പിഎസ് സ്മാരകത്തിലേക്ക്. നവകേരളയാത്രയിലായിരുന്ന സിപിഐയുടെ നാല് മന്ത്രിമാരും സംസ്ഥാന നേതാക്കളുമെല്ലാം ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. രണ്ടരയോടെയാണ് ഇവിടെ നിന്ന് വിലാപയാത്ര കോട്ടയത്തേക്ക് പുറപ്പെട്ടത്. എംസി റോഡില്‍ നിരവധി ഇടങ്ങളില്‍ അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios